ന്യൂദല്‍ഹി: സുരക്ഷാ കൗണ്‍സില്‍ പരിഷ്കരിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടാല്‍, ജി-20 അടക്കമുള്ള ഇതരസംവിധാനങ്ങള്‍ ആ സ്ഥാനം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകുമെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നവീകരണം സങ്കീര്‍ണമാണെങ്കിലും അസാധ്യമല്ലെന്ന് അവര്‍ പറഞ്ഞു. ആഗോള സാഹചര്യത്തില്‍ ലോകരാജ്യങ്ങളുടെ ഇടപെടല്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രുചിര കാംബോജ്.
യുഎന്‍ ചാര്‍ട്ടറിന്റെ പരിഷ്കരണം ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പക്ഷേ അഞ്ച് സ്ഥിരാംഗങ്ങളും ഒരേ അഭിപ്രായത്തിലെത്തണം. ആരും വീറ്റോ ചെയ്യരുത്. യുഎന്‍ സ്ഥിരാംഗത്തിന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ സ്ഥിരാംഗങ്ങള്‍ക്ക് തന്നെ ഏകാഭിപ്രായമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മൂന്ന് പതിറ്റാണ്ടായി യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അജണ്ടയില്‍ ഒരു മാറ്റവുമില്ല. ഇന്ന് നിങ്ങള്‍ക്ക് ഇരുനൂറോളം അംഗരാജ്യങ്ങളുണ്ട്. അവരുടെ ശബ്ദം ആരാണ് കേള്‍ക്കുന്നത്? ശബ്ദമില്ലാത്തവരുടെ, ആഫ്രിക്കയില്‍ നിന്നടക്കമുള്ള ചെറിയ രാജ്യങ്ങളുടെ ശബ്ദം ആരാണ് കേള്‍ക്കുന്നത്? ഇത്തരം വിഷയങ്ങളില്‍ ഐക്യരാഷ്ട്രസഭയ്ക്ക് നിലപാടുണ്ടാകണം. അല്ലെങ്കില്‍ അത് കാലഹരണപ്പെട്ടുപോകും. ആ സ്ഥാനത്തേക്ക് ജി20 സംവിധാനങ്ങള്‍ കടന്നുവരും.
ഇന്ത്യ യുഎന്‍ സുരക്ഷാകൗണ്‍സിലില്‍ സ്ഥിരാംഗമല്ല. എന്നാല്‍ എന്റെ രാജ്യത്തിന് ഉറച്ച ശബ്ദമുണ്ട്. ഉക്രൈനിലെ യുദ്ധസാഹചര്യത്തില്‍ ഇന്ത്യയുടെ ശബ്ദം ലോകം കേള്‍ക്കുകയാണ്. കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ നടത്തിയ രക്ഷാദൗത്യം ചെറുതല്ല. വാക്സിന് ഇന്ത്യക്ക് നയതന്ത്രത്തിന്റെ ഭാഗമല്ല, ലോകത്തോടുള്ള കടമയാണത്. മറ്റെല്ലാവരും അഭിപ്രായം പറയാതെ മാറിനിന്ന ഇടങ്ങളില്‍ ഇന്ത്യയുടെ നിലപാടുകള്‍ ശക്തവും ഉറച്ചതുമാണെന്ന് ലോകം കണ്ടതാണ്. യുഎന്‍ പരിഷ്കരണത്തില്‍ സ്ഥിരാംഗങ്ങള്‍ മാത്രമല്ല, എല്ലാ അംഗരാജ്യങ്ങളും ചര്‍ച്ചയുടെ ഭാഗമാകണമെന്ന് രുചിര കാംബോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: