ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് സന്തോഷം. താന്‍ പറയാന്‍ ആഗ്രഹിച്ചത് പ്രധാനമന്ത്രി ഇങ്ങോട്ട് പറഞ്ഞെന്ന് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് പറഞ്ഞു.
“ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭകളെക്കുറിച്ച് പ്രധാനമന്ത്രിക്ക് നല്ല അറിവുണ്ട്. അദ്ദേഹം വളരെ പോസിറ്റീവുമാണ്. 200 വര്‍ഷത്തെ ചരിത്രമുള്ളതാണ് ഇന്ത്യയിലെ ക്രിസ്തീയ സഭ. ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭകള്‍ രാജ്യനിര്‍മ്മാണത്തില്‍ വഹിച്ച പങ്കിനെക്കുറിച്ച് അങ്ങോട്ട് പറഞ്ഞപ്പോഴേക്കും പ്രധാനമന്ത്രി ഇങ്ങോട്ട് അതേക്കുറിച്ച് വിശദമായി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യരംഗം, പാവപ്പെട്ടവരുടെ ഉന്നമനം എന്നീ രംഗങ്ങളില്‍ സഭ വഹിച്ച സംഭാവനകള്‍ വളരെ വലുതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഒരു രാഷ്‌ട്രീയ അഭിപ്രായ പ്രകടനമല്ല മോദി നടത്തിയത്. പകരം അദ്ദേഹത്തിന്‍റേത് വ്യക്തിഗതമായ അഭിപ്രായമായാണ് തോന്നിയത്. ” – കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്‍റ് കൂടിയായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.
“സമാധാനം ആഗ്രഹിക്കുന്ന ജനതയാണ് ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനതയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ക്രിസ്ത്യന്‍ പ്രതിനിധികള്‍ അവര്‍ ശരിക്കും ഇന്ത്യന്‍ പൗരന്മാരാണെന്നും ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.” – ആന്‍ഡ്രൂസ് താഴത്ത് വിശദമാക്കി.
അതേ സമയം ബഫര്‍ സോണും ന്യൂനപക്ഷ പ്രശ്നങ്ങളും ചര്‍ച്ചയായില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
“നിങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ പറയൂ നമുക്ക് അത് പരിഹരിക്കാം എന്നാണ് മോദി പറഞ്ഞത്. ഇന്ത്യയിലെ ക്രിസ്തീയ സഭയെക്കുറിച്ച് പോസിറ്റീവായ ചര്‍ച്ചയായിരുന്നു നടന്നത്. വ്യക്തിപരമായി താന്‍ പോപ്പിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. “- ആന്‍ഡ്രൂസ് താഴത്ത് കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കവേ പറഞ്ഞു. മോദിയും ആന്‍ഡ്രൂസും തമ്മിലുള്ള ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാരായ വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: