ശബരിമല: സന്നിധാനത്ത് ഇന്നലെ കാര്യമായ തിരക്കില്ലാഞ്ഞിട്ടും തീര്‍ഥാടകര്‍ ചന്ദ്രാനന്ദന്‍ റോഡിലൂടെ വലിയനടപ്പന്തലിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു. ചന്ദ്രാനന്ദന്‍ റോഡിന് കുറുകെ വടംകെട്ടിയാണ് തീര്‍ഥാടകരെ തടഞ്ഞത്. മരക്കൂട്ടത്ത് തീര്‍ഥാടകരെ അനാവശ്യമായി തടയരുതെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് തള്ളിയായിരുന്നു ഇന്നലെ പോലീസ് നടപടി. അപ്രതീക്ഷിത നടപടിയെ തുടര്‍ന്ന് തീര്‍ഥാടകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.
പിഞ്ചു കുട്ടികളുമായി എത്തിയവരെയും മാളികപ്പുറങ്ങളെയും ചന്ദ്രാനന്ദന്‍ റോഡ് വഴി കടത്തി വിടാതായതോടെ പമ്പയിലും തിരക്ക് അനുഭവപ്പെട്ടു. നടപ്പന്തലിന് പുറത്തേക്ക് ക്യൂ നീളുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ മരക്കൂട്ടത്തടക്കം നിയന്ത്രണം ഏര്‍പ്പെടുത്തൂ എന്ന് കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ ഡിജിപി അനില്‍കാന്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് വിരുദ്ധ നിലപാടാണ് ഇന്നലെ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഒന്നേകാല്‍ ലക്ഷത്തോളം തീര്‍ഥാടകരെത്തിയ തിങ്കളാഴ്ച പോലും മരക്കൂട്ടത്തോ പമ്പയിലോ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ തൊണ്ണൂറായിരത്തില്‍ താഴെ തീര്‍ഥാടകരെത്തിയ ഇന്നലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നാണ് ഭക്തര്‍ പറയുന്നത്. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്ന തീര്‍ഥാടകരെ കഴിഞ്ഞദിവസം വരെ നീലിമല പാത വഴി പമ്പയിലേക്ക് മടങ്ങുവാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഇതും തടഞ്ഞു.
ദര്‍ശനത്തിനെത്തിയ മുഴുവന്‍ തീര്‍ഥാടകരെയും ശരംകുത്തി വഴി കടത്തിവിട്ടതോടെ മരക്കൂട്ടത്ത് നിന്നും സന്നിധാനത്ത് എത്താന്‍ തീര്‍ഥാടകര്‍ക്ക് നാലു മണിക്കൂറിലേറെ ക്യൂ നില്‍ക്കേണ്ടിവന്നു. എന്നാല്‍ തീര്‍ഥാടകരെ തടഞ്ഞില്ലെന്നും പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറില്‍ ശര്‍ക്കര എത്തിക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ ഒരു മണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. നട തുറന്നിരിക്കുമ്പോള്‍ ശരണപാതയിലൂടെ ട്രാക്ടര്‍ സര്‍വ്വീസ് നടത്താന്‍ പാടില്ലന്ന കോടതിവിധി നിലനില്‍ക്കെ പോലീസ് പറയുന്ന ന്യായത്തിന് കഴമ്പില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: