ഡോ. ലക്ഷ്മി വിജയന് വി.ടി
(ജി20 ഉച്ചകോടിയുടെ ഭാഗമായി രൂപീകരിച്ച വനിതാ പ്രവര്‍ത്തന വേദിയായ ഡബ്ല്യൂ20യുടെ കേരളാ ചാപ്റ്റര്‍ മേധാവിയാണ് ലേഖിക)
വികസനോന്മുഖമായ ലോകരാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി20. ലോകത്തിലെ വ്യാവസായികമായി വികസിച്ചതും ഉയര്ന്നുകൊണ്ടിരിക്കുന്നതുമായ പ്രമുഖ രാജ്യങ്ങളാണ് ഇതിലുള്ളത്. 20 രാജ്യങ്ങള്‍ എന്നു പറയുന്നെങ്കിലും അതിലുമധികം രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി20. കുറച്ചുകൂടി സ്പഷ്ടമാക്കിയാല്‍ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും. ലോകജനസംഖ്യയുടെതന്നെ 65 ശതമാനം വസിക്കുന്നത് ഈ രാജ്യങ്ങളിലാണ്. ഇന്ന് ജി20 കൂട്ടായ്മ ലോകത്തിന്റെ നിര്‍ണ്ണായക ഘടകമായി മാറിയിരിക്കുന്നു.
1999 സപ്തംബര്‍ 26ന് ആരംഭിച്ച ജി20 കൂട്ടായ്മയുടെ നേതൃത്വം 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഭാരതത്തിന് ലഭിച്ചത്. ആ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ മാത്രം ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു ഭാരതം എന്നത് ഒരു ശുഭസൂചനയാണ്. 2022, നവംബര്‍ 15,16 തിയ്യതികളില്‍, ജി 20ന്റെ പതിനേഴാമത് ഉച്ചകോടി ഇന്തോനേഷ്യയില്‍ നടന്നപ്പോള്‍ അവിടെ പിന്‍ഗാമിയാവാന്‍ ലോകം തെരഞ്ഞെടുത്തത് ഭാരതത്തെയായിരുന്നു. ഇന്ത്യന്‍ നയതന്ത്രം വളരെയധികം ശക്തമാകുന്നതിന്റെ തെളിവാണ്, ലോകരാജ്യങ്ങള്‍ ഭാരതത്തിന് കൂടുതലായി നല്കുന്ന പ്രാധാന്യം. ഭാരതം ഒരനിഷേധ്യശക്തിയായി എന്നതുതന്നെയാണ് നമുക്കുലഭിച്ച ഈ അദ്ധ്യക്ഷസ്ഥാനം പറയാതെ പറയുന്നത്.
‘ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി’ എന്ന മുദ്രാവാക്യം ഉദ്ഘോഷിക്കുമ്പോള്‍ ഭാരതം പ്രതീക്ഷിക്കുന്നത് ലോകത്തിന്റെ ഒരുമയും ശാന്തിയും സമാധാനവുമാണ്. അത് വ്യക്തമാക്കാന്‍ ‘വസുധൈവ കുടുംബകം’ എന്ന ആര്‍ഷഭാരതത്തിന്റെ തനതു പദപ്രയോഗവും നാം ഉയര്‍ത്തിക്കാട്ടുന്നു. ജി20ന് 13 എന്‍ഗേജ്മെന്റ് ഗ്രൂപ്പുകളുണ്ട്. അതില്‍ സ്ത്രീകളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും, മനസ്സിലാക്കുന്നതിന്നും വേണ്ടിയുള്ള വിഭാഗമാണ് ഡബ്ല്യു20. ലിംഗസമത്വത്തെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കുകയും അവ പ്രാവര്‍ത്തികമാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയുമാണ് ഡബ്ല്യു 20, അതിന്റെ പ്രവര്‍ത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഡബ്ല്യു20 എന്തെന്നും അതിന്റെ പ്രവര്‍ത്തനങ്ങളും പ്രയോജനങ്ങളും എന്താണെന്നും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ആദ്യപടി. ഓരോ സ്ത്രീയും അന്തസ്സോടെയും അഭിമാനത്തോടെയും തുല്യതയോടെയും ജീവിക്കാവുന്ന ലോകം സംജാതമാക്കുക എന്നതാണ് ഈ വനിതാവിഭാഗത്തിന്റെ ലക്ഷ്യം. എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് അഭിവൃദ്ധിയുടെ സുരക്ഷിതസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് സധൈര്യം പ്രവര്‍ത്തിക്കാന്‍ സാധിക്കണം; അതാണ് ഡബ്ല്യു20 ആഗ്രഹിക്കുന്നത്.
ദാരിദ്ര്യമില്ലാത്ത, ആരോഗ്യവും, സന്തുഷ്ടിയും, സമ്പുഷ്ടിയും നിറഞ്ഞ ലോകത്തെ ഉണ്ടാക്കിയെടുക്കലാണ് ഡബ്ല്യു 20 ലക്ഷ്യം വെയ്ക്കുന്നത്. നല്ല വിദ്യാഭ്യാസവും ലിംഗസമത്വവും സംശുദ്ധവും സംസ്ക്കാര പൂര്‍ണ്ണവുമായ ജീവിതവും ലോകം പ്രതീക്ഷിക്കുന്നു; സ്ത്രീകളും. അവരെ അവിടെയെത്തിക്കാനുള്ള പാതയില്‍ ഈ വിഭാഗം വലിയ പ്രവര്‍ത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നല്ല ജോലിയും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യം വയ്ക്കുമ്പോള്‍ തന്നെ, തുല്യത വളര്‍ത്തിയെടുക്കുകയും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഭൗമോല്ക്കര്ഷത്തെക്കുറിച്ചും മറ്റും ബോധവാന്മാരാക്കുകയും ചെയ്ത് സാമൂഹ്യ മനസ്സോടെ പ്രവര്‍ത്തിക്കാനും ഡബ്ല്യു20 ആഹ്വാനം ചെയ്യുന്നു.
വളരെ വിശാലമായ തരത്തില്‍ എന്നാല്‍ അടിസ്ഥാന തലത്തില്‍ സമൂഹത്തിന്റെ സമഗ്ര മേഖലയിലും വികസനം ലക്ഷ്യമിട്ടുകൊണ്ട് തന്നെയാണ് ഡബ്ല്യൂ 20 യുടെ പ്രവര്‍ത്തനം. സംരംഭകരും ആശാ വര്‍ക്കര്‍മാരും, വിദ്യാഭ്യാസ പ്രവര്‍ത്തകരും ആദിവാസി വനിതകളും തുടങ്ങി എല്ലാ തലത്തിലുള്ള വനിതകളിലേക്കും എത്തുകയും അവരുടെയെല്ലാം ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായി, അവരില്‍ നിന്ന് തന്നെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും അതോടൊപ്പം മറ്റെന്തൊക്കെ ചെയ്യാമെന്ന് ചിന്തിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തനാസൂത്രണം. അത്തരത്തില്‍ ലഭിക്കുന്ന ആശയങ്ങളെ ലോകത്തിനു തന്നെ പ്രദാനം ചെയ്ത് ആഗോളപ്രശ്നങ്ങളിലേക്ക് നേരിട്ടിറങ്ങാനുള്ള ശ്രമങ്ങള്‍ ഈ വനിതാ വിഭാഗം ആരംഭിച്ചിരിക്കുന്നു. തുല്യയുള്ള സമൂഹത്തിന് കൂടുതല്‍ ഉല്പാദന ക്ഷമതയുള്ള രാഷ്ട്രത്തെ വളര്‍ത്തിയെടുക്കാനാകും. ഗ്രാമീണ മേഖലകളിലും പട്ടണ പ്രദേശങ്ങളിലും തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും വിവേചനങ്ങളും പഠിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ചിന്തിക്കാനും യാത്ര ചെയ്യാനും ജോലിചെയ്യാനുമുള്ള പൂര്‍ണ്ണമായ അവസരം സ്ത്രീകള്‍ക്ക് ലഭിക്കുന്നതിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഡബ്ല്യു 20 നല്കാന് ശ്രമിക്കുന്നു. അത് തീര്‍ച്ചയായും ശാന്തമായ ഒരു സമൂഹത്തെത്തന്നെ സൃഷ്ടിക്കുന്നു. ലോകം ഒരു കുടക്കീഴില് എന്ന് പറയുമ്പോള്‍ അത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സംതൃപ്തിയുടെയുമാക്കിയെടുക്കാന് പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്, ഭാരതം അദ്ധ്യക്ഷത വഹിക്കുന്ന ജി20 യുടെ വനിതാ വിഭാഗമായ ഡബ്ല്യു 20.
പ്രതികരിക്കാൻ ഇവിടെ എഴുതുക: