ന്യൂദല്‍ഹി: പാഠപുസ്തകങ്ങളില്‍ അറിയപ്പെടാത്ത സ്വാതന്ത്ര്യസമരനായകരുടെ ചരിത്രങ്ങളും ധാര്‍മ്മിക പഠനങ്ങളിലെ വൈവിധ്യങ്ങളും ഉള്‍പ്പെടുത്തണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശിപാര്‍ശ. രാജ്യത്തിന്റെ ഏകതയെയും സവിശേഷതയെയും പ്രതിഫലിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ എന്‍സിഇആര്‍ടി വഴി വിദ്യാര്‍ഥികളില്‍ എത്തിക്കണമെന്ന് സമിതി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് സമര്‍പ്പിച്ച ശിപാര്‍ശ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, കായികം തുടങ്ങിയ മേഖലകളില്‍ പഠനം നടത്താന്‍ നിയോഗിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടേതാണ് ശിപാര്‍ശ. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരണം സംബന്ധിച്ച പഠനമാണ് ബിജെപിയുടെ രാജ്യസഭാംഗം വിവേക് ഠാക്കൂര്‍ നേതൃത്വം നല്കുന്ന സമിതി നിര്‍വഹിച്ചത്. സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ രാജ്യം നേടുന്ന പുരോഗതി പാഠപുസ്തകങ്ങളില്‍ അടയാളപ്പെടുത്തണം.
നിലവിലുള്ള പാഠപുസ്തകങ്ങളില്‍ സിഖ്, മറാഠ വീരചരിത്രങ്ങളെക്കുറിച്ച് കാര്യമായൊന്നുമില്ല. ചരിത്രവസ്തുതകള്‍ തന്നെ തെറ്റായ രീതിയിലാണ് പല പുസ്തകങ്ങളിലും ചിത്രീകരിച്ചിട്ടുള്ളത്. ഇത്തരം വിഷയങ്ങളില്‍ തിരുത്തല്‍ വരുത്തണം. പ്രാദേശിക ചരിത്രങ്ങള്‍ എഴുതണം. തമസ്കരിക്കപ്പെട്ട വീരനായികമാരെപ്പറ്റി കുട്ടികള്‍ക്ക് വിവരം നല്‍കണം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി അവര്‍ ചെയ്ത സംഭാവനകളെപ്പറ്റി പഠിപ്പിക്കണം. വാമൊഴിചരിത്രങ്ങള്, സ്ഥലനാമ പുരാണങ്ങള്‍, നാടോടി പാരമ്പര്യങ്ങള്‍ തുടങ്ങിയവയില്‍ പാഠപുസ്തകങ്ങള്‍ക്ക് ആവശ്യമായ അനുബന്ധ രചനകള്‍ ഉണ്ടാകണം. അതിനായി ഗവേഷണം നടക്കണം, സമിതി ശിപാര്‍ശകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: