ന്യൂദല്‍ഹി : സര്‍ക്കാര്‍ പരസ്യങ്ങളെന്ന പേരില്‍ ആംആദ്മി പാര്‍ട്ടി പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ കര്‍ശ്ശന നടപടിയുമായി ഗവര്‍ണര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന. സര്‍ക്കാരിന്റെതെന്ന് വകയിരുത്തി പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് 97 കോടി രൂപ തിരിച്ചു പിടിക്കാന്‍ ലഫ്. ഗവര്‍ണര്‍ നിര്‍ദ്ദേശം നല്കി.
സര്‍ക്കാര്‍ പണം എഎപിയില്‍ നിന്നും തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി കഴിഞ്ഞു. ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് സമയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിരവധി പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്‍കുന്നത് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നടപടി.
എന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്നാണ് എഎപി പ്രതികരിച്ചത്. ബിജെപിയും ലെഫ്റ്റനന്റ് ഗവര്‍ണറും എഎപിയുടെ പ്രവര്‍ത്തനത്തിന് തടയിടാന്‍ ശ്രമിക്കുകയാണ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ ബിജെപിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും എംഎപി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: