സാധാരണ ഗതിയില്‍ പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ കേരള എംപിമാരുടെ ‘കേന്ദ്രവിരുദ്ധത’ നിറച്ച ചോദ്യങ്ങളാണ് ഇരുസഭകളിലും എത്തുന്നതെങ്കില്‍ കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ ഒന്നൊന്നായി എടുത്തുപറഞ്ഞ് കേന്ദ്രമന്ത്രിമാര്‍ സഭയില്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നിതിന്‍ ഗഡ്ഗരിയും കരിപ്പൂര്‍ വിമാനത്താവള വികസനത്തില്‍ വ്യോമയാന സഹമന്ത്രി വി.കെ സിങും ഇന്ധനവില വിഷയത്തില്‍ പെട്രോളിയംമന്ത്രി ഹര്‍ദീപ്സിങ് പുരിയും സംസ്ഥാന സര്‍ക്കാരിന്റെ നിഷ്ക്രിയത്വം എടുത്തുപറഞ്ഞു. കേരളത്തിലെ വൈസ് ചാന്‍സിലര്‍മാരുടെ നിയമവിരുദ്ധ നിയമനങ്ങളും അട്ടപ്പാടിയിലെ നവജാത ശിശു മരണങ്ങളും രാജ്യസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് കേരളത്തിന്റെ ബിജെപി സഹപ്രഭാരി ഡോ. രാധാമോഹന്‍ദാസ് അഗര്‍വാളും ശ്രദ്ധനേടി.
ഒന്നരലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവനന്തപുരത്തേക്ക് തിരിക്കും മുമ്പ് ലോക്സഭയില്‍ കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ ആദ്യം രംഗത്തെത്തിയത്. ബംഗാളിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച് കേരളാ വിഷയവും ഗഡ്ഗരി സഭയില്‍ എടുത്തിട്ടത്. കേരളത്തിലെ ദേശീയപാതകള്‍ നിര്‍മ്മിക്കുന്നതില്‍ പിണറായി വിജയന് സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നായിരുന്നു ഗഡ്ഗരിയുടെ വെളിപ്പെടുത്തല്‍. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനും പാത നിര്‍മ്മാണത്തിനും മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് നിര്‍വഹിക്കുന്നതെന്നും ഗഡ്ഗരി സഭയെ അറിയിച്ചു. കഴിഞ്ഞ കുറച്ചുകാലമായി കേരള മുഖ്യമന്ത്രിയും സിപിഎമ്മും അവരുടെ സൈബര്‍ വിങ്ങും പ്രചരിപ്പിച്ചുകൊണ്ടിരുന്ന വലിയ കള്ളമാണ് ഇതോടെ പൊളിഞ്ഞത്. ദേശീയപാത നിര്‍മ്മാണത്തിന് കേരള സര്‍ക്കാര്‍ വന്‍തുക ചെലവഴിക്കുന്നതായാണ് പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ഇത്രനാളും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഭൂമിയേറ്റെടുക്കലിനായി 25 ശതമാനം തുക നല്‍കാമെന്ന് കേരളം വാഗ്ദാനം നല്‍കിയെങ്കിലും ഒരു രൂപ പോലും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഗഡ്ഗരി സഭയെ അറിയിച്ചു. ദേശീയപാതയ്ക്കായി നല്കാന് കേരളത്തിന്റെ പക്കല്‍ പണമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഗഡ്ഗരി വെളിപ്പെടുത്തി.
കേരളത്തില്‍ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് അമിത തുകയാണ് നല്‍കേണ്ടി വരുന്നത്. ഇതേ തുടര്‍ന്ന് ദേശീയപാതാ വികസനം പ്രതിസന്ധിയിലായതോടെയാണ് ഭൂമിവിലയുടെ 25ശതമാനം നല്‍കാമെന്നും നിര്‍മ്മാണങ്ങള്‍ ആരംഭിക്കാനും കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. ഇതുവിശ്വസിച്ച് ഭൂമിക്ക് അധികവില നല്കി ദേശീയപാത നിര്‍മ്മാണം ദേശീയപാതാ അതോറിറ്റി അതിവേഗത്തിലാക്കുകയും ചെയ്തു. ഭൂമിയുടെ അമിത വില കാരണം കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കുന്നതിന് നൂറു കോടി രൂപയാണ് ചെലവ് വരുന്നതെന്നാണ് നിതിന്‍ ഗഡ്ഗരി ലോക്സഭയെ അറിയിച്ചത്. ഭൂമി വിലയുടെ 25ശതമാനം നല്കുന്നില്ലെങ്കില് നിര്‍മ്മാണ സാമഗ്രികള്‍ക്ക് ഈടാക്കുന്ന സ്റ്റേറ്റ് ജിഎസ്ടി ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി സൗജന്യമായി നല്‍കണമെന്നും കേരളത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു. കേരളത്തില്‍ ഒന്നര ലക്ഷം കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവേ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ മൂന്നുലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കുമെന്ന വാക്ക് നല്കി, രാഷ്ട്രീയത്തിനതീതമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനും ഗഡ്ഗരിക്ക് സാധിച്ചു. എന്തിനും ഏതിനും കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഇടതു- വലതു നേതാക്കള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് നിതിന്‍ ഗഡ്ഗരി.
സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ദേശീയപാതകളുടെയെല്ലാം 25ശതമാനം തുക നല്‍കുന്നത് കേരളസര്‍ക്കാരാണെന്ന കള്ളമാണ് ലോക്സഭയില്‍ പൊളിഞ്ഞുവീണത്. ദേശീയപാത 66ന്റെ മാത്രം ഭൂമിയേറ്റെടുക്കല്‍ ചെലവ് നിര്‍വഹിക്കാമെന്നാണ് കേരളം ഏറ്റതെന്നാണ് അവസാന നുണ. എന്നാല്‍ ദേശീയപാത 66 ന്റെ മാത്രമല്ല മുഴുവന്‍ ദേശീയപാതകളുടെയും ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം വഹിക്കാമെന്ന് കേരളം സമ്മതിച്ചിരുന്നതിന്റെ പാര്‍ലമെന്റ് രേഖകള്‍ പുറത്തുവിട്ട് കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി വി. മുരളീധരനും സംസ്ഥാനസര്‍ക്കാരിന്റെയും സിപിഎം നേതാക്കളുടേയും നുണപ്രചാരണം പൊളിച്ചു. എന്‍എച്ച് 85, എന്‍എച്ച് 966, സ്റ്റേറ്റ് ഹൈവേ 1, തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതികള്‍ എന്നിവയുടെ എല്ലാം 25 ശതമാനം തുക കേരളം വഹിക്കാമെന്ന് സമ്മതിച്ചിരുന്നു. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ ബാക്കിയുള്ള ഭൂമിയേറ്റെടുക്കല്‍ ചെലവിന്റെ 50 ശതമാനവും കേരളം വഹിക്കാമെന്ന് ഏറ്റിരുന്നതാണ്. ദുര്‍വ്യയവും വരുമാനമാര്‍ഗ്ഗങ്ങള്‍ ഇല്ലാതാവുന്നതും സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തിലാണ് ദേശീയപാതയ്ക്കായി പണം നല്‍കാമെന്ന വാക്കില്‍ നിന്ന് കേരളം പിന്മാറിയതെന്നാണ് സൂചനകള്‍.
കേരളം ഭൂമിയേറ്റെടുത്ത് നല്‍കാത്തതു മൂലം കരിപ്പൂരിലെ നിലവിലെ റണ്‍വേയുടെ കൂടി ദൂരം കുറയ്ക്കേണ്ട സാഹചര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചതും വികസന പദ്ധതികളോടുള്ള സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതായി. റണ്‍വേയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനായി 120 കോടി രൂപ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ലെന്നാണ് കേന്ദ്രവ്യോമയാന സഹമന്ത്രി വി.കെ സിങ് അറിയിച്ചത്. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ എത്തുന്നത് എന്നന്നേക്കുമായി അവസാനിക്കുന്ന സ്ഥിതിയിലേക്ക് സാഹചര്യങ്ങളെ കേരള സര്‍ക്കാര്‍ എത്തിച്ചിരിക്കുകയാണ്. 2016ലെ സിവില്‍ ഏവിയേഷന്‍ നയപ്രകാരം ഭൂമയേറ്റെടുത്ത് നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്നിരിക്കെയാണ് 120 കോടി രൂപ കേന്ദ്രം നല്കാമെന്നേറ്റത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വാറ്റ് കുറയ്ക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് കേന്ദ്രപെട്രോളിയം മന്ത്രി ബിജെപി ഇതര സംസ്ഥാനങ്ങളുടെ ജനദ്രോഹ നടപടികള്‍ സഭയില്‍ ചൂണ്ടിക്കാട്ടിയത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും കേരളം, ബംഗാള്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളാണ് ആനുപാതികമായി വാറ്റ് കുറയ്ക്കാന്‍ തയ്യാറാവാത്ത സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ പത്തുരൂപ വരെ അധികമാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: