ഡിസംബര്‍ പത്താം തീയതി തൊടുപുഴ എന്‍എസ്എസ് യൂണിയന് മന്ദിരത്തിലെ സഭാതലത്തില്‍ നടന്ന സവിശേഷമായ ഒരു പുസ്തക പ്രകാശനച്ചടങ്ങ് ഒട്ടേറെ ഓര്‍മകള്‍ ഉണര്‍ത്താന്‍ വക നല്കി. വില്‍പ്പന നികുതി വകുപ്പില്‍ നീണ്ടകാലം ജോലി ചെയ്ത് വിരമിച്ച സി.എ. ശശിധരന് നായര്‍ എഴുതിയ പൂച്ചയാണെന്റെ ദുഃഖം എന്ന ചെറുനോവലായിരുന്നു പുസ്തകം. വീട്ടില്‍ യാദൃച്ഛികമെന്നോണം കയറി വന്ന ഏതാനും പൂച്ചകള്‍ തന്റെ കുടുംബാംഗങ്ങളിലും അയല്‍ക്കാരിലും സൃഷ്ടിച്ച നാനാതരത്തിലുള്ള ഭാവങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു ചെറു നോവല്‍ എന്നു പറഞ്ഞാല്‍ അതിന്റെ സാമാന്യരൂപമാവും ആറുപതിറ്റാണ്ടുകാലായി തൊടുപുഴയിലെയും സമീപപ്രദേശങ്ങളിലെയും ആത്മീയ, സാംസ്കാരിക, സാഹിത്യരംഗങ്ങളിലെ സജീവസാന്നിദ്ധ്യമാണദ്ദേഹം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലും മറ്റു സാംസ്കാരിക രംഗങ്ങളിലും അദ്ദേഹമുണ്ട്.
പൂച്ചയ്ക്കു സാഹിത്യത്തില്‍ അതിപ്രാചീനകാലത്തു തന്നെ സ്ഥാനമുണ്ടായിരുന്നല്ലോ. ‘പണ്ടൊരു പൂച്ചയുമെലിയും തങ്ങളിലുണ്ടായ് വന്നു സഖിത്വമൊരുന്നാള്‍’ എന്നു തുടങ്ങുന്ന പാഠം പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കാത്ത കുട്ടികളുണ്ടാവില്ല. ഇംഗ്ലീഷ് മാധ്യമ കുട്ടികളുടെ നിര്‍ബന്ധിത മലയാള പാഠപുസ്തകത്തിലതുണ്ട്. ”പൂച്ചയുടെ വിളയാട്ടം എലിക്കു പ്രാണവേദന” എന്നാണല്ലൊ പഴഞ്ചൊല്ല്.
പുസ്തക പ്രകാശനച്ചടങ്ങിന്റെ സദസ്സും പ്രക്ഷുബ്ധമായിരുന്നു. ‘തൊടുപുഴയുടെ കവയിത്രി’യായ ‘ഡരുധന്വന്തരി’ വലിയൊരു ശിഷ്യപരമ്പരയുടെ ആചാര്യകൂടിയാണ്. വളരെക്കാലത്തിനുശേഷം ഡോ. സംഗീത് രവീന്ദ്രനെയും കാണാന്‍ അവസരമുണ്ടായി. അദ്ദേഹം ഇപ്പോള്‍ കൊല്ലങ്കോട്ട് ഒരു സ്കൂളിലെ അധ്യാപകനും സാഹിത്യവേദികളിലെ സാന്നിദ്ധ്യവുമാകുന്നു. ജന്മഭൂമിയുടെ ഇടുക്കി ജില്ലാ ലേഖകനായി തൊടുപുഴയില്‍ മൂന്നുനാലുവര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. ശശിധരന് നായരുമായി ഒരു തോണിയില്‍ സഞ്ചരിക്കുന്ന അടുപ്പം കവിതാ, സാംസ്കാരിക മേഖലയില്‍ അദ്ദേഹം പുലര്‍ത്തിവന്നു. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടാനും സാധിച്ചു. കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിലാണ് ആദ്യം അധ്യാപകനായത്. മഹാകവി പി. കുഞ്ഞിരാമന് നായര്‍ കവിതാരംഗത്ത് പരിമളംപരത്തി നിന്ന സ്ഥലത്താണ് സംഗീത് രവീന്ദ്രന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ശശിധരന് നായര്‍ക്കു ബാല്യം മുതല്‍ തന്നെ സാഹിത്യാഭിരുചിയുണ്ടായിരുന്നു. അതിനെ വളര്‍ത്തിയെടുത്ത ഒരധ്യാപകനെയും അദ്ദേഹത്തിനുലഭിച്ചു. കെ.വി.ഗോപാലകൃഷ്ണന് നായര്‍, മലയാളം അധ്യാപകനായിരുന്ന അദ്ദേഹം, ഹൈസ്കൂളില്‍ എന്റെ സഹപാഠിയായിരുന്നു. തന്റെ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നത് വ്രതം പോലെ അദ്ദേഹം അനുഷ്ഠിച്ചുവന്നു. 1950 കളുടെ തുടക്കത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വ്യാപനം അതിതീവ്രമായിരുന്നല്ലൊ. വായനശാലകളിലെല്ലാം സോവിയറ്റ് യൂണിയനിലെയും ഉപഗ്രഹരാജ്യങ്ങളിലെയും പ്രചാരണ പ്രസിദ്ധീകരണങ്ങളും ധാരാളമായി വന്നിരുന്നു.
ആയിടെ സ്റ്റാലിന്റെ ശേഷം വന്ന റഷ്യന്‍ പാര്‍ട്ടി നേതൃത്വവുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ പാര്‍ട്ടികള്‍ക്കു ഭിന്നാഭിപ്രായം വളര്‍ന്നുവന്നു. സോവിയറ്റ് യൂണിയനു പുറത്ത് ഏറ്റവും പ്രബലമായിരുന്ന പാര്‍ട്ടി ഇറ്റലിയിലേതായിരുന്നു. അതിന്റെ സെക്രട്ടറി ‘തോഗ്ലിയാത്തി’യുടെതായ ഒരു ദീര്‍ഘ പ്രസ്താവന വായനശാലയില്‍ വന്നു. അദ്ദേഹത്തെ സോവിയറ്റ് ചേരി അനഭിമതനാക്കുകയും ചെയ്തു. ആ പ്രസ്താവന കെ.വി.ജി. സര് ശ്രദ്ധാപൂര്‍വം വായിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയുടെ തുടക്കം പ്രവചിച്ചിരുന്നു. രണ്ടുമൂന്നു തലമുറകള്‍ക്കു മാര്‍ഗദീപം തെളിച്ച ആ മാസ്റ്റര്‍ ഇന്നും അനുസ്മരിക്കപ്പെടുന്നു.
1967 ലാണല്ലോ ഭാരതീയ ജനതാ സംഘത്തിന്റെ അഖിലഭാരത സമ്മേളനം കോഴിക്കോട്ട് നടന്നത്. അതിന്റെ സംഘാടനത്തിനും വിജയത്തിനുമായി അന്നുസംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്നു പരമേശ്വര്‍ജി അവിശ്രമം പ്രവര്‍ത്തിച്ചു. സംഘത്തിന്റെ പ്രചാരകനായിരുന്ന ഈ ലേഖകന്‍, ആ സമ്മേളനത്തിന്റെ ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയെന്ന ചുമതല നല്കപ്പെട്ടത്. സമ്മേളനം കേരളത്തിലായിരിക്കുമെന്നറിഞ്ഞപ്പോള് അതു കോഴിക്കോട്ടാണ് ഏറ്റവും ഉചിതവും പ്രായോഗികവുമെന്ന് സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രാന്തീയ ചുമതല വഹിച്ചവര്‍ കരുതി. ദീനദയാല്‍ ഉപാധ്യായയുടെയും ഗുരുജിയുടെയും സഹമതിത്വം കൂടിയും അതിനു നേടി. രണ്ടു മാസം മുന്‍പ് ദീനദയാല്‍ജി കേരളത്തില്‍ വന്നു നാലുദിവസത്തെ പഠനശിബിരം നയിച്ചു. പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന ഭഗീരഥ പ്രയത്നം ശരിക്കും അത്ഭുതകരമായ വിജയമായി. അന്നത്തെ പ്രകടന ശോഭായാത്രയെ ഉത്തരേന്ത്യയിലൂടെ പ്രവഹിക്കുന്ന ഗംഗാനദി തെക്ക് കേരളത്തിലൂടെ ഗതിമാറിയൊഴുകിയതുപോലെയെന്ന് മാതൃഭൂമി വിശേഷിപ്പിച്ചു.
ജനസംഘത്തിന്റെ ദേശീയതലത്തില്‍ തന്നെ അത് അന്നുവരെയുണ്ടായ ഏറ്റവും ഗംഭീര പരിപാടിയായി. അന്ന് സംസ്ഥാനത്തു ഭരണം നടത്തിയ ഇടതുപക്ഷ സപ്തകക്ഷി മുന്നണിയും കേന്ദ്ര ഭരണ കക്ഷി കോണ്‍ഗ്രസ്സും സമ്മേളന വിജയത്തെ മനസ്സില്‍ വച്ചു. സമ്മേളനം കഴിഞ്ഞു അതിന്റെ തിരക്ക് ഒഴിയുന്നതിനു മുന്‍പ് പരമേശ്വര്‍ജിക്കു ദേവിയുടെ അനുഗ്രഹം ഉണ്ടായി. ആ വകുപ്പില്‍പ്പെട്ട ഏറ്റവും കൂടിയ ഇനമാണത് എന്നു അദ്ദേഹത്തെ പരിശോധിച്ചു ചികിത്സിച്ച ഡോ. സുരേന്ദ്രന് വിധിച്ചു. മീഞ്ചന്തയ്ക്കടുത്ത് പുന്നത്തുചന്ദ്രന്റെ വീട്ടില്‍ താമസിക്കാന്‍ വ്യവസ്ഥ ചെയ്തു. പി.എന്‍. ഗംഗാധരന് എന്ന ജനസംഘപ്രവര്‍ത്തകന്‍ ശുശ്രൂഷിക്കാന്‍ നിയുക്തനായി. ഡോക്ടര്‍ ഒഴികെ മറ്റാരും കാണരുത് എന്നു വിലക്കുമുണ്ടായി. പതിനഞ്ചു ദിവസത്തിനുശേഷം ഡോക്ടര്‍ അദ്ദേഹത്തിനു രണ്ടാഴ്ചത്തെ വിശ്രമം വിധിച്ചു. എവിടെയാവണം അത് എന്ന ചര്‍ച്ച വന്നപ്പോള്‍ തൊടുപുഴ മണക്കാട്ട് എന്റെ വീട്ടിലാകാമെന്ന നിര്‍ദേശം സ്വീകരിക്കപ്പെട്ടു. അവിടത്തെ എല്ലാവരും നേരത്തെ ദേവികടാക്ഷം അനുഭവിച്ചവരാകയാല് പ്രശ്നമുണ്ടായില്ല. സ്വയംസേവകര്‍ കൂട്ടമായി അവിടെപ്പോകരുത് എന്നും ഭാസ്കര്‍റാവുജി നിര്‍ദ്ദേശവും നല്കി.
‘ആനല്ലിരിക്ക’യ്ക്കുശേഷം സംസ്ഥാന സമിതി എറണാകുളത്തു ചേര്‍ന്നപ്പോഴാണ് ഞാന്‍ പരമേശ്വര്‍ജിയെ കാണുന്നത്. വിവരങ്ങള്‍ സംസാരിച്ചതിനിടെ, വലിയമ്മയുടെ മകന് ശശിധരന് വരാറുണ്ടായിരുന്നു. ആള്‍ക്കു കവിതയുടെയും സാഹിത്യത്തിന്റെയും ‘അസ്കിത’യുണ്ടല്ലൊ എന്നു പറഞ്ഞു. കയ്യെഴുത്തു മാസികയാണതിന്റെ മാധ്യമം എന്നു ഞാനും പറഞ്ഞു. വലപ്പോഴും വീട്ടില്‍ ചെല്ലുമ്പോള്‍ അതിമനോഹരമായി തയ്യാറാക്കപ്പെട്ട കയ്യെഴുത്തു മാസികകള്‍ കണ്ടിരുന്നു. അതിലും നേരത്തെ പരാമര്‍ശിച്ച കെ.വി.ജി.സാര്‍ ആയിരുന്നു മാര്‍ഗദര്‍ശി.
ഡിഗ്രിയെടുത്തശേഷം തിരുപ്പതിയിലെ വെങ്കിടേശ്വരസര്വകലാശാലയില്നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. പിന്നെ അധ്യാപന പരിശീലനവും കഴിഞ്ഞു. നമ്മുടെ സര്‍ക്കാരിന്റെ ‘നയ’ത്തിന്റെ ഫലമായി അദ്ദേഹത്തിനു ജോലി വില്‍പ്പന നികുതി വകുപ്പിലായിരുന്നു. ഭരണരംഗത്തെ ഏറ്റവും അഴിമതി നിറഞ്ഞ ആ വകുപ്പില്‍ ഒരു ‘ഒറ്റക്കുറുക്ക’നായി സര്‍വീസ് പൂര്‍ത്തിയാക്കി. അതിനിടെ, ഡോ. മഹാദേവന് എന്ന ആത്മീയരംഗത്തെ ഭിഷഗ്വരനുമായുള്ള അടുപ്പത്തിലൂടെ തീര്‍ത്ഥയാത്ര പതിവാക്കി. അവര്‍ ചെന്നെത്താത്ത പു
ണ്യസ്ഥലങ്ങള്‍ ഇല്ലെന്നു പറയാം. ഭാരതീയ സംസ്കാരം പ്രചരിച്ചിരുന്ന ശാന്ത സമുദ്രത്തിലെ പ്രാചീനമായ വിജയസാമ്രാജ്യത്തിന്റെയും വിജയനഗരത്തിന്റെയും അവശിഷ്ടങ്ങള്‍ അദ്ദേഹത്തിന്റെ വിവരണങ്ങളില്പ്പെടും. ഇത്രയേറെ യാത്രാനുസ്മരണങ്ങള് കടലാസിലാക്കിയവര് കുറവായിരിക്കും. മൗണ്ട് ആബുവിലെയും കശ്മീരിലെയും അയോധ്യയിലെയും സോമനാഥത്തിലെയും മറ്റും സ്മരണകള്‍ നമ്മെ വിസ്മയഭരിതരാക്കും. അവ അച്ചടിച്ചു പ്രസിദ്ധം ചെയ്തിട്ടില്ല എന്നതു ഒരു പോരായ്മയാണ്.
ഞങ്ങളുടെ മൂലകുടുംബം പന്തളത്തുനിന്ന് തൊടുപുഴയില്‍ വന്നതു എന്ന പുരാവൃത്തം ഞാന്‍ ഈ പംക്തികളില്‍ എഴുതിയിരുന്നു. കുടുംബാംഗങ്ങളെല്ലാവരും വര്‍ഷങ്ങള്‍ക്കു മുന്‍പ് പന്തളത്തെ രാജകുടുംബം സന്ദര്‍ശിച്ചു വഴിപാടുകള്‍ കഴിക്കാന്‍ പോയപ്പോള്‍ പഴയ പ്രചാരകന് അയ്യപ്പനെ കാണുകയുണ്ടായി. ശശിയും അദ്ദേഹവും പലയിടങ്ങളിലും സഹതീര്ത്ഥാടകരായിരുന്നു. അയ്യപ്പന് ആദ്യത്തെ കൈലാസ മാനസസരസ്സ് യാത്രികരില്‍ അംഗമായിരുന്നു. അവര്‍ക്കു ഒട്ടേറെ സംസാരിക്കുവാനുമുണ്ടായി.
‘പൂച്ചയാണെന്റെ ദുഃഖം’ പ്രസിദ്ധീകരിച്ചതിനെ പരാമര്‍ശിച്ചാണ് ഇന്നത്തെ സംഘപഥം തുടങ്ങിയത്. അതെവിടെ ചെന്നെത്തിയെന്നു നോക്കൂ. ജന്മഭൂമിയുടെ തുടക്കത്തില്‍ ഏറെ അധ്വാനിച്ച ഗുണഭട്ട് എന്ന കെ.ജി.വാധ്യാര്, ആദ്യത്തെ ചില ലക്കങ്ങള്‍ വായിച്ചിട്ട്, അപ്പൂപ്പന് താടിപോലെ പറന്നു നടക്കുന്ന ഉള്‍ക്കനമില്ലാത്ത എഴുത്താണ് എന്ന് എഴുതിയയച്ചിരുന്നു. കത്ത് അന്ന് ജന്മഭൂമി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗൗരവമേറിയ കാര്യങ്ങള്‍ക്കുള്ളതല്ല ഈ പംക്തിയെന്ന് തുടക്കത്തിലും അതിലെ കുറേ എണ്ണം സമാഹരിച്ചു പുസ്തകരൂപം കൊടുത്തപ്പോഴും വ്യക്തമാക്കിയിരുന്നു. ഇത്തവണ പൂച്ചക്കാര്യമായി. പൊന്നുരുക്കുന്നിടത്തു കയറിയ പൂച്ചക്കാര്യമല്ല എന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: