ബെംഗളൂരു: ഭക്ഷണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംസ്ഥാനത്ത് നിരോധിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. ഹലാല്‍ വിരുദ്ധ ബില്‍ എന്ന പേരിലാണ് ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക. ഇനി ഭക്ഷണം സര്‍ട്ടിഫൈ ചെയ്യാന്‍ ഹലാല്‍ വേണ്ട, സര്‍ക്കാരിന്റെ എഫ് എസ്എസ് എ ഐ (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) സര്‍ട്ടിഫിക്കറ്റ് മാത്രം നിര്‍ബന്ധമാക്കാനാണ് പുതിയ ബില്ലിലെ നിര്‍ദേശം.
ഈ ശീതകാല സമ്മേളനത്തില്‍ തന്നെ ഹലാല്‍ വിരുദ്ധ ബില്‍ അവതരിപ്പിക്കും. ബിജെപി എംഎല്‍സി എന്‍. രവികുമാറാണ് ഈ ബില്‍ കൊണ്ടുവരാന്‍ മുന്‍കയ്യെടുത്തത്. ഇക്കഴിഞ്ഞ ഉഗാദി ഉത്സവസീസണില്‍ ഹലാല്‍ മാംസം വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്തിറങ്ങിയിരുന്നു. ഇത് വലിയ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഹലാല്‍ വിരുദ്ധ ബില്‍ പാസാക്കുന്നതോടെ ഇതിന് നിയമപരിരക്ഷ ലഭിക്കുമെന്നാണ് ബിജെപി നേതാക്കള്‍ വിശ്വസിക്കുന്നത്.
രവികുമാര്‍ തന്നെ ഇത് ഒരു സ്വകാര്യ ബില്ലായി അവതരിപ്പിക്കാനാണ് ആലോചിച്ചിരുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ടിന് കത്തെഴുതി. ഇപ്പോള്‍ ഇത് ഒരു സര്‍ക്കാര്‍ ബില്‍ എന്ന നിലയ്ക്ക് മേശപ്പുറത്ത് വെയ്ക്കാനാണ് നീക്കം.
ചില നിയമസാധുതയില്ലാത്ത സ്ഥാപനങ്ങള്‍ ഭക്ഷ്യോല്പന്നങ്ങള്ക്ക് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തി അതുവഴി വിപണി കയ്യടക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെടുത്താന്‍ എംഎല്‍സി രവികുമാര്‍ തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കാണും.
എന്തായാലും കര്‍ണ്ണാടക നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന് ഈ ബില്‍ കളമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: