ദോഹ: ആരാധക മനസ് കീഴടക്കി ക്രൊയേഷ്യയും മൊറോക്കോയും ലോകകപ്പിനോട് വിട ചൊല്ലി. റഷ്യന്‍ ലോകകപ്പിലെ രണ്ടാം സ്ഥാനത്തോളം വരില്ലെങ്കിലും മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രൊയേഷ്യ മടങ്ങിയപ്പോള്‍, ലോക ഫുട്ബോളിലെ വമ്പന്‍ അട്ടിമറികളുടെ പകിട്ടില്‍ സ്വപ്ന സമാനമായ യാത്ര അവസാനിപ്പിച്ചു മൊറോക്കോ. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള കളിയില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ലൂക്ക മോഡ്രിച്ചിന്റെ സൈന്യം. ലോകകപ്പില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തി മൊറോക്കോ.
ക്രൊയേഷ്യയുടെ കുതിപ്പിന് പിന്നിലെ ചാലകശക്തി ലൂക്ക മോഡ്രിച്ച് എന്ന മിഡ്ഫീല്‍ഡ് മാന്ത്രികന് തന്നെയായിരുന്നു. എല്ലാ കളിയിലും സ്വന്തം പ്രതിരോധത്തിലേക്ക് ഇറങ്ങി വന്ന് പന്തെടുത്ത് അസാമാന്യ ഡ്രിബ്ലിങ് പാടവം കൊണ്ട് എതിരാളികളെ വട്ടംകറക്കി നിരവധി സുന്ദര മുഹൂര്‍ത്തങ്ങളാണ് മോഡ്രിച്ച് എന്ന 37 വയസ്സുകാരന് സമ്മാനിച്ചത്. ഒരു പക്ഷെ, തന്റെ അവസാന ലോകകപ്പ് കളിക്കാനെത്തിയ മോഡ്രിച്ച് ഈ ചാമ്പ്യന്‍ഷിപ്പ് അവിസ്മരണീയമാക്കി. എങ്കിലും മോഡ്രിച്ച് രാജ്യാന്തര കരിയറില്‍ നിന്ന് വിരമിക്കുകയാണെന്ന് പറഞ്ഞിട്ടില്ല. ഇനിയും ക്രൊയേഷ്യക്ക് വേണ്ടി ദേശീയ ജഴ്സി അണിയുമെന്നാണ് മൊറോക്കോയ്ക്കെതിരായ കളിക്കു ശേഷം പറഞ്ഞത്. 2026ലെ ലോകകപ്പ് എത്തുമ്പോഴേക്കും മോഡ്രിച്ചിന് വയസ് 40 കഴിയും. ഒരുപക്ഷേ 33കാരനായ സ്ട്രൈക്കര്‍ ഇവാന് പെരിസിച്ചിന്റെയും പ്രതിരോധനിരതാരം ഡെയാന്‍ ലോവ്റെന്റെയും വൈസ് ക്യാപ്റ്റന്‍ വിഡയുടെമൊക്കെ അവസാന ലോകകപ്പ് മത്സരം കൂടിയായേക്കും ഖത്തര്‍ ലോകകപ്പ്.
യഥാര്‍ത്ഥ കറുത്ത കുതിരകളായി ചരിത്രം സൃഷ്ടിച്ചാണ് മൊറോക്കോ നാലാം സ്ഥാനം സ്വന്തമാക്കി മടങ്ങുന്നത്. ഇതിന് മുന്‍പ് മറ്റൊരു ആഫ്രിക്കന്‍ രാജ്യത്തിനും ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. അറബ ലോകത്തിന്റെ മൊത്തം പിന്തുണയോടെ മൈതാനത്ത് നിറഞ്ഞാടിയ അവര്‍ ആഫ്രിക്കന്‍ ഫുട്ബോളിന്റെ വന്യതയും സൗന്ദര്യവും വേണ്ടുവോളം സമ്മാനിച്ചു. ലോക ഫുട്ബോളില്‍ ആഫ്രിക്ക ഒരു വന്ശക്തിയാകുന്നതിന്റെ സൂചനകളാണ് മൊറോക്കോ സമ്മാനിച്ചത്.
മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള ക്രൊയേഷ്യ-മൊറോക്കോ കളി ആവേശകരമായിരുന്നു. നല്ല കുറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പോരാട്ടത്തില്‍ മൂന്ന് ഗോളുകളും പിറന്നത് ആദ്യപകുതിയില്‍. ഏഴാ മിനിറ്റില്‍ ക്രൊയേഷ്യക്കായി ജോസിപ് ഗ്വാര്‍ഡിയോള്‍, 42-ാം മിനിറ്റില്‍ മിസ്ലാവ് ഓര്‍സിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മൊറോക്കോയുടെ ആശ്വാസഗോള്‍ ഒന്‍പതാം മിനിറ്റില്‍ അഷ്റഫ് ദാരി നേടി. മൂന്നാം സ്ഥാനം സ്വന്തമാക്കിയതിലൂടെ ക്രൊയേഷ്യക്ക് വെങ്കല മെഡല്‍ സമ്മാനമായി ലഭിക്കും. ഒപ്പം 2.7 കോടി യുഎസ് ഡോളറും. നാലാം സ്ഥാനക്കാരായ മൊറോക്കോയ്ക്ക് 2.5 കോടി യുഎസ് ഡോളറും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: