വാഷിങ്ടണ്‍ : ട്വിറ്റര്‍ മേധാവിത്വം ഏറ്റെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്ക് ഏറെ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. ഇതോടെ താന്‍ ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ് മസ്ക്.
ട്വിറ്റര്‍ സിഇഒ പദവിയില്‍ താന്‍ തുടരണമോ അതോ ഒഴിയണോ എന്നതാണ് മസ്കിന്റെ ചോദ്യം. ട്വിറ്റര്‍ അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് ഈ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുക്കാമെന്നും മസ്കിന്റെ ട്വീറ്റില്‍ പറയുന്നുണ്ട്. ആളുകള്‍ രേഖപ്പെടുത്തിയ അഭിപ്രായവും വോട്ട് ചെയ്തതിന് ശേഷം അറിയാനാകും. ട്വിറ്റര്‍ പോള്‍ തുടങ്ങി എട്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 56.7 ശതമാനം പേര് ഇലോണ്‍ മസ്ക് താഴെ ഇറങ്ങണം എന്ന അഭിപ്രായക്കാരാണ്. 43.3 ശതമാനം പേര് വേണ്ട എന്നാണ് അഭിപ്രായപ്പെട്ടത്. ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വിവാദമായ നിരവധി പരിഷ്കാരങ്ങളാണ് മസ്ക് ഏര്‍പ്പെടുത്തിയത്.
അതേസമയം ട്വിറ്ററിന്റെ സിഇഒ ആയി ദീര്‍ഘകാലം തുടരാന്‍ തനിക്ക് താത്പര്യമില്ലെന്ന് മസ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ ജോലിക്കായി മറ്റൊരാളെ കണ്ടെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ടെസ്ല ഇന്ക്, സ്പേസ് എക്സ്, ദി ബോറിങ് കമ്പനി, ന്യൂറലിങ്ക്, മസ്ക് ഫൗണ്ടേഷന് തുടങ്ങിയവയുടെ സിഇഒയാണ് മസ്ക്.
സിഇഒ സ്ഥാനത്തേയ്ക്ക് എത്തിയതിന് പിന്നാലെ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഒപ്പം ആയിരക്കണക്കിന് ജീവനക്കാരെയാണ് മസ്ക് സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടത്.
മറ്റ് സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നതിനുള്ള ലിങ്കുകള്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മസ്റ്റഡോണ്‍, ട്രൂത്ത് സോഷ്യല്‍ പോലുള്ള മറ്റ് സോഷ്യല്‍ പ്ലാറ്റ്ഫോമുകള് എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഞായറാഴ്ച പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളുടെ സൗജന്യ പ്രചാരണം ട്വിറ്ററില്‍ ഇനി അനുവദിക്കില്ലെന്നാണ് ട്വിറ്ററിന്റെ പുതിയ നയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: