ന്യൂദല്‍ഹി: 2009ല്‍ പുറത്തിറങ്ങിയ അവതാറിന് പിന്നാലെ ഒരു ദശകത്തിന് ശേഷം ജെയിംസ് കാമറൂണ്‍ പുറത്തിറക്കിയ രണ്ടാം ഭാഗമായ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ എന്ന സിനിമ ആദ്യ ദിനം ഇന്ത്യയില്‍ നിന്നും നേടിയത് 41 കോടി രൂപ. ചിത്രം മാസ്റ്റര്‍ പീസാണെന്ന്, അഞ്ച് സ്റ്റാറുകള്‍ നല്കി സിനിമാ നിരൂപകരന് തരണ്‍ ആദര്‍ശ്.
സിനിമയുടെ മികവിന് വ്യക്തമായ കാരണങ്ങളും തരണ്‍ ആദര്‍ശ് നിരത്തുന്നുണ്ട്. “അമ്പരപ്പിക്കുന്ന ആക്ഷനുകള്‍, ശക്തമായ ഡ്രാമ എന്നിവകൊണ്ട് അതിശയിപ്പിക്കുന്നതാണ് ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍”- തരണ്‍ ആദര്‍ശ് പറയുന്നു. മാത്രമല്ല, തിയറ്ററിലെ വലിയ സ്ക്രീനില്‍ തന്നെ ഈ സിനിമ ആസ്വദിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ദക്ഷിണേന്ത്യന്‍- വടക്കേയിന്ത്യന്‍ വിപണികള്‍ ഒരു പോലെ മികച്ച പ്രതികരണം ചിത്രത്തിന് നേടിക്കൊടുത്തെന്നും അദ്ദേഹം പറയുന്നു.
ആദ്യദിനം 41 കോടി എന്ന വരുമാനത്തോടെ ഇന്ത്യന്‍ ആദ്യദിനം ഏറ്റവും മികച്ച വരുമാനം നേടിയ രണ്ടാമത്തെ സിനിമയായി അവതാര്‍: ദ വേ ഓഫ് വാട്ടര്‍ മാറിയിരിക്കുകയാണ്. 2019ല്‍ പുറത്തിറങ്ങിയ അവഞ്ചേഴ്സ് എന്‍ഡ് ഗെയിം ആണ് ആദ്യദിനം ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഹോളിവുഡ് സിനിമ (53.10 കോടി).
ഡിസംബര്‍ 16ന് ഇന്ത്യയില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ഇംഗ്ലീഷിന് പുറമെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും റിലീസ് ചെയ്തു. ജെയ്ക്, നെയ്തിരി അവരുടെ കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന സള്ളി കുടുംബത്തിന് നേരിടേണ്ടിവരുന്ന കുഴപ്പങ്ങളാണ് ഈ സിനിമ. ജീവിതം നിലനിര്‍ത്താന്‍ വേണ്ടി ഈ കുടുംബം നടത്തുന്ന യുദ്ധങ്ങള്‍ കാണാം. നെയ്റ്റിരി, ജേയ്ക്ക് എന്നിവരുടെ മക്കളാണ് കേന്ദ്രകഥാപാത്രങ്ങള്‍. ജെയിംസ് കാമറൂണിന്റെ സയന്‍സ് ഫിക്ഷന്‍ വേണ്ടി ചലച്ചിത്രപ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിപ്പ് തുടങ്ങിയിട്ട് 13 വര്‍ഷമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: