ഇറ്റാനഗര്‍: ചൈനീസ് പട്ടാളത്തെ നേരിടാന്‍ തങ്ങളെയും പരിശീലിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും ഇന്ത്യന്‍ സേനയോടും ആവശ്യപ്പെട്ട് തവാങ്ങിലെ സാധാരണ യുവാക്കള്‍. തവാങ്ങില്‍ ഇന്ത്യന്‍ പ്രദേശം ചൈനീസ് സേന കൈമാറാന്‍ ശ്രമിച്ചുവെന്നും അതിനെ തുടര്‍ന്ന് ഇരുസേനകളും തമ്മില്‍ കയ്യാങ്കളിയുണ്ടായെന്നും ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ നിന്നും ചൈനീസ് പട്ടാളക്കാരെ തുരത്തിയെന്നുമുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് തവാങ്ങിനെ ജനങ്ങളും ചൈനീസ് പട്ടാളത്തിനെതിരെ രോഷാകുലരായി പ്രതികരിക്കുന്നത്. ഇന്ത്യന്‍ സേനയുടെ വീര്യവും ചെറുത്തുനില്പും ഈ പ്രദേശവാസികളിലും വീര്യം വിതച്ചിരിക്കുകയാണ്.
യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി)യില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള തവാങ്ങ് ജില്ലയിലെ സെമിതാങ്ങിലുള്ള ചെറുപ്പക്കാരാണ് തങ്ങളെയും പരിശീലിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. എഎന്‍ഐ വാര്‍ത്ത ഏജന്‍സിയാണ് ഏതാനും യുവാക്കളുടെ ഈ പ്രതികരണം പുറത്തുവിട്ടത്.
“നേരത്തെ യംഗ്ട്സീ നദിക്കരയില്‍ ചൈനയുമായി ഏറ്റുമുട്ടി ഇന്ത്യന്‍ പട്ടാളക്കാര്‍ വിജയം നേടിയിരുന്നു. ഇപ്പോള്‍ തവാങ്ങിലും ഇത് തന്നെ സംഭവിച്ചു. ചെറിയ ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടായതുകൊണ്ടൊന്നും ഞങ്ങള്‍ എങ്ങോട്ടും പോവില്ല. ഇന്ത്യന്‍ സേനയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. “- ഒരു ചെറുപ്പക്കാരന് പ്രതികരിച്ചു.
“ഇന്ത്യന്‍ സേനയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ സേനയ്ക്ക് എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തവാങ്ങില്‍ നിറയെ റോഡുകളും ഗതാഗതസൗകര്യങ്ങളും ഉണ്ടായി. ഞങ്ങളും പരിശീലനം നല്‍കാനാണ് സേനയോട് ആവശ്യപ്പെടുന്നത്. “- മറ്റൊരു ചെറുപ്പക്കാരന് പറയുന്നു.
തവാങ്ങില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയാമെന്നും ഇവിടെ ഇന്ത്യന്‍ സേനയുള്ളതിനാല്‍ ആര്‍ക്കും ആക്രമിക്കാന്‍ കഴിയില്ലെന്നും ഈ യുവാക്കള്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: