ഷില്ലോംഗ്: കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ സമാധാനവും വികസനവും സ്ഥാപിച്ചുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഷില്ലോംഗില്‍ വടക്ക് കിഴക്കന്‍ കൗണ്‍സിലിന്റെ (എന്‍ഇസി) 50ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ സമരങ്ങളും ബോംബ് സ്ഫോടനങ്ങളും വെടിവെയ്പ്പും കലാപങ്ങളും ആയിരുന്നു. വിവിധ തീവ്രവാദസംഘടനകള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനജീവിതത്തെ ബാധിച്ചിരുന്നു. വ്യവസായങ്ങള്‍ വളര്‍ന്നിരുന്നില്ല. എന്നാല്‍ മോദി അധികാരത്തില്‍ എത്തി എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 74 ശതമാനം തീവ്രവാദവും ഇല്ലാതായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ 60 ശതമാനം കുറവുണ്ടായി. 8000 ചെറുപ്പക്കാര്‍ ആയുധം താഴെവെച്ച് ജീവിതത്തിന്റെ മുഖ്യധാരയില്‍ എത്തി. ഇത് മോദി സര്‍ക്കാരിന്റെ നേട്ടമാണ്. – അമിത് ഷാ പറഞ്ഞു.
സായുധ സേന പ്രത്യേക അധികാര നിയമം (എഎഫ് എസ്പിഎ) മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞത് ഈ പ്രദേശത്ത് സമാധാനം പുലരാന്‍ കാരണമായി. എട്ട് വര്‍ഷം മുന്‍പുള്ള വടക്ക് കിഴക്കന്‍ മേഖലയും ഇപ്പോഴത്തെ വടക്ക് കിഴക്കന്‍ മേഖലയും താരതമ്യം ചെയ്താല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് വടക്ക് കിഴക്കന്‍ മേഖല സമാധാനത്തിലേക്കും വികസനത്തിലേക്ക് മുന്നേറുന്നതെന്ന് കാണാം. – അമിത് ഷാ പറഞ്ഞു.
നേരത്തെ വടക്ക് കിഴക്കന്‍ മേഖലകള്‍ക്ക് ബജറ്റ് അനുവദിച്ചിരുന്നെങ്കിലും അത് അവിടെ എത്തിയിരുന്നില്ല. എന്നാല്‍ മോദി അധികാരത്തില്‍ എത്തിയ ശേഷം വികസനത്തിനുള്ള പണം ഇവിടുത്തെ ഗ്രാമങ്ങളില്‍ എത്തുന്നു. അത് യഥാര്‍ത്ഥ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കപ്പെടുന്നു. – അമിത് ഷാ പറഞ്ഞു.
ഇപ്പോള്‍ അസമില്‍ 60 ശതമാനം പ്രദേശങ്ങളും മണിപ്പൂരില്‍ ആറ് ജില്ലകളും അരുണാചല്‍ പ്രദേശില്‍ ഒരു ജില്ല ഒഴികെയും നാഗാലാന്റില്‍ ഏഴ് ജില്ലകളിലും ത്രിപുരയിലും മേഘാലയിലും മുഴുവന്‍ പ്രദേശങ്ങളും എഎഫ് എസ് പിഎയില്‍ നിന്നും മുക്തമാണ്. – അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: