സമുദായം വലിയ വിലകല്‍പ്പിക്കുന്നില്ല, പക്ഷേ, സമസ്തയെ സര്‍ക്കാരിന് പേടിയാണ്. സമസ്തയുടെ സമ്മര്‍ദ്ദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സകല വിദ്യാഭ്യാസ പരിഷ്കരണ പദ്ധതികളും ഉപേക്ഷിച്ചു. എന്തിന് ഈ പേടി, അതോ പേടി അഭിനയിക്കുന്നതോ? അതല്ല, രക്ഷിക്കാനോ ശിക്ഷിക്കാനോ? എന്ന ചോദ്യങ്ങള്‍ ഉയരുകയാണ്.
സമസ്ത, ഇസ്ലാമിക മത പണ്ഡിതന്മാരെന്ന് സമുദായം ബഹുമാനിക്കുന്ന, സുന്നി വിഭാഗം ഇമാമുമാരുടെ സമിതിയാണ്. ഇങ്ങനെയൊന്ന് ദേശീയ തലത്തിലുണ്ട്. ഇമാമുമാര്‍ക്ക് ആ സമുദായത്തില്‍ വലിയ സ്ഥാനമാണ്. അവരാണ് കേരളത്തിലെ ബഹഭൂരിപക്ഷം വരുന്ന ഇസ്ലാമിക മത വിശ്വാസികളുടെ ആത്മീയ-വിശ്വാസ-ആചാരക കാര്യങ്ങളില്‍ അന്തിമവാക്ക് പറയുന്നത്. ആ മത പണ്ഡിതര്‍ക്കിടയിലും ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുക്കാറുണ്ട്. അപ്പോള്‍ അവര്‍ തര്‍ക്കിച്ചും വാദിച്ചും പ്രമാണങ്ങള്‍ കണ്ടെത്തിയും അതില്‍ അന്തിമ തീരുമാനമെടുക്കും. അടിസ്ഥാന പ്രമാണം മതഗ്രന്ഥമായ ഖുറാന്‍തന്നെ. വ്യാഖ്യാന ഭേദങ്ങളിലാണ് തര്‍ക്കം ഉടലെടുക്കുക.
മുമ്പ് ദല്‍ഹി ജുമാ മസ്ജിദിലെ ഇമാം ബുഖാരി ആ സ്ഥാനവും ശക്തിയും പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അവരെ മുട്ടുകുത്തിച്ചിട്ടുണ്ട്! അടുത്തിടെ, ലോകകപ്പ് ഫുട്ബോള്‍ മത്സരം കൊടുമ്പിരിക്കൊണ്ടിരിക്കെ, സമസ്തയുടെ മുതിര്‍ന്ന പണ്ഡിതരില്‍ ഒരാള്‍ ഒരു അഭിപ്രായം പ്രകടിപ്പിച്ചു, അത് ശാസനയോ ആഹ്വാനമോ ഒക്കെയായിരുന്നു. ”ഫുട്ബോള്‍ കളിയൊക്കെക്കൊള്ളാം, അതിന്റെ പേരിലുള്ള താരാരാധന വേണ്ട, കളികാണാന്‍ കാത്തിരുന്ന് മതാചാരങ്ങള്‍ മുടക്കേണ്ട, പോര്ത്തുഗീസുപോലുള്ള രാജ്യങ്ങളുടെ പതാക ഉയര്‍ത്തി ആഘോഷിക്കേണ്ട” തുടങ്ങിയ ആഹ്വാനങ്ങളായിരുന്നു അത്. പക്ഷേ, സമസ്തയെ സമുദായത്തിലെ സമസ്തരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ഭയക്കുകയും ചെയ്തിരുന്ന കാലം പോയി എന്നു വേണം കരുതാന്‍! ഊരുവിലക്കുകളും സമുദായഭ്രഷ്ടുകളും ഒക്കെയായി ഗ്രന്ഥ വ്യാഖ്യാനവും ഫത്വയും പുറപ്പെടുവിച്ച് സമുദായത്തെ വരച്ച വരയില്‍ നിര്‍ത്തിയിരുന്ന ആ കാലം മാറി! മതം കൊണ്ട് ഫുട്ബോള്‍ കളിച്ച സമസ്തയെ സമുദായാംഗങ്ങള്തന്നെ തള്ളിപ്പറഞ്ഞു. ആഹ്വാനം വിവാദമായപ്പോള്‍ ഏറെ ന്യായീകരിക്കാനുള്ള വാദങ്ങള്‍ നടത്തിയെങ്കിലും സമസ്തയ്ക്ക് സമുദായം വഴങ്ങിയില്ല. ഫുട്ബോള്‍ കളി തുടര്‍ന്നു, കളി കാണുന്നവര്‍ കളികണ്ടുകൊണ്ടുമിരുന്നു. അവര്‍ അനുഷ്ഠാനങ്ങള്‍ക്ക് ആരാധനാലയങ്ങളില്‍ എത്തിയിട്ടുണ്ടാവില്ല, അഞ്ചു നേരവും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും, ശുദ്ധിയുള്ള എവിടെയും പ്രാര്ത്ഥിക്കാമെന്നാണല്ലോ വിധി. യഥാര്‍ത്ഥ വിശ്വാസിക്ക് ആചാരവും വിശ്വാസവും മുടക്കാനാവില്ലല്ലോ.
പക്ഷേ, സര്‍ക്കാര്‍ അങ്ങനെയായിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും പാര്‍ട്ടിയുടെ സര്‍ക്കാരിനും ഇസ്ലാമിക മതപണ്ഡിതരുടെ സംഘടനയായ സമസ്തയുടെ വാക്കുകളും താക്കീതുകളും വേദവാക്യമായിമാറി. സര്‍ക്കാര്‍ സമസ്തയ്ക്ക് കീഴടങ്ങി. വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ വരുത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച അഴിച്ചുപണിയായിരിക്കുമത്. കരട് പദ്ധതി അവതരിപ്പിച്ച് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തി, പരമാവധി കുറ്റമറ്റതാക്കി നടപ്പിലാക്കുന്ന പുതിയ നയം, രാജ്യത്തെ വിദ്യാഭ്യാസ സംസ്കാര വിജ്ഞാന മേഖലയിലെ കുതിച്ചുചാട്ടത്തിന് സഹായകമായിരിക്കും. അതിനെ എതിര്‍ക്കുന്നതാണ് സംസ്ഥാനത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിലപാട്. എതിര്‍പ്പിന് യുക്തിഭദ്രമായ കാരണമൊന്നുമില്ല. ബിജെപി-മോദി സര്‍ക്കാരിന്റെ നയങ്ങളെ ‘കണ്ണടച്ച്’ എതിര്‍ക്കുക, സംഘപരിവാറിനെ ഏതെങ്കിലും തരത്തില്‍ ചെറുക്കുമെന്ന് പറയുകയോ സ്വപ്നം കാണുകയോ ചെയ്യുന്നവരെയും പോലും ‘കണ്ണടച്ച് സ്വീകരിക്കുക’ എന്ന പതിവ് നയത്തിന്റെ തുടര്ച്ചമാത്രമാണത്.
എന്നാല്‍, കേന്ദ്രത്തിന്റെ ഏത് പദ്ധതിയും നയവും, അവിടെ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ്, ‘ഇല്ലെന്നും തകര്‍ന്നുവെന്നും’ കമ്യൂണിസ്റ്റുകള്‍ നുണപ്രചാരണം നടത്തുന്ന, ഭരണഘടന പ്രകാരമുള്ള ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി പ്രാഥമിക രൂപഘടനയോ മാര്‍ഗ്ഗരേഖയോ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കും. അത് ഭരണഘടന നിലവില്‍ വന്നതുമുതല്‍ പതിവാണ്. ഇടതു-വലതു ഭരണത്തില്‍, ഒന്നുകില്‍ കേരളം സമാനമായ മറ്റൊന്ന് പ്രഖ്യാപിച്ച് ഞങ്ങള്‍ അത് ആദ്യം ചെയ്തുവെന്ന് ഊറ്റംകൊള്ളും, അല്ലെങ്കില്‍ പിന്നീട് മാറ്റം വരുത്തി ‘സംസ്ഥാന പദ്ധതി’യാക്കും. വിദ്യാഭ്യാസ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കി, അതില്‍ ചിലതിന്റെ പുറം തോടിലെ പരിഷ്കാരങ്ങള്‍ ഇവിടെ നടപ്പാക്കാന്‍ പോകുന്നുവെന്ന് പണ്ടിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്കൂളിന്റെ പ്രവര്‍ത്തന സമയമാറ്റം, ആണ്‍പെണ്‍ വ്യത്യാസമില്ലാത്ത ഏകീകൃത യൂണിഫോം, ആണ്‍പെണ്‍ ഭേദമില്ലാതെ കുട്ടികളെ ഒന്നിച്ചിരുത്തിയുള്ള പഠന ക്ലാസ് മുറികള്‍ എന്നിവയായിരുന്നു അതില്‍ പ്രധാനം. സമസ്ത പറഞ്ഞു, നടക്കില്ല, പറ്റില്ല, നടപ്പാക്കാന്‍ സമ്മതിക്കില്ല, അത് മത വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരാണ് എന്ന്.
പഠിക്കാന്‍ സ്കൂളില്‍ പോയതിന്, പത്തുവര്‍ഷം മുമ്പാണ് പാക്കിസ്ഥാനി പെണ്‍കുട്ടി മലായ് യൂസഫ്സായിക്ക് താലിബാന് ഭീകരരുടെ വെടിയേറ്റത്; സ്കൂള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍. ‘പെണ്‍കുട്ടി പഠിക്കേണ്ടതില്ല’ എന്നവാദമായിരുന്നു അവര്‍ക്ക്. പെണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രചാരണം നടത്തിയ, 17-ാം വയസ്സില്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹയായ പെണ്‍കുട്ടിയാണിപ്പോള്‍ മലാല. മലാലയുടെ അവകാശവാദങ്ങള്‍ പോലെയൊന്നിനുമല്ല സമസ്ത സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയത്, വെല്ലുവിളിച്ചത്, താക്കീത് ചെയ്തത്. വിദ്യാഭ്യാസം, പ്രാഥമിക വിദ്യാഭ്യാസം, ഇന്ത്യയില്‍ ഇന്ന് നിയമപരമായ അവകാശമാണ്; സൗജന്യമാണ്. ന്യൂനപക്ഷ മത വിഭാഗത്തിലുള്ളവര്‍ക്ക് ഭരണഘടനാപരമായ ഒട്ടേറെ അധിക അവകാശങ്ങളും വിദ്യാഭ്യാസ മേഖലയിലുണ്ട്. അതിനപ്പുറം അധിക സൗകര്യങ്ങള്‍ക്കു വേണ്ടി, പ്രത്യേക പരിഗണനാവകാശങ്ങള്ക്കായിരുന്നു സമസ്തയുടെ സമ്മര്‍ദ്ദം. സര്‍ക്കാര്‍ അതുകേട്ടു, എകീകൃത യൂണിഫോം പദ്ധതി ഉപേക്ഷിച്ചു, സ്കൂള്‍ സമയമാറ്റം വേണ്ടെന്നുവെച്ചു, കുട്ടികളെ ഇടകലര്ത്തിയിരുത്തുന്ന കാര്യം സ്വപ്നംപോലും കണ്ടിട്ടില്ലെന്ന് ആണയിട്ടു. പോരേ. സമസ്തയുടെ വിജയം.
ഈ തീരുമാനത്തിന് മുമ്പ്, മുസ്ലിം സമുദായക്ഷേമത്തിനുള്ള വിവിധ പദ്ധതികളിലൊന്നായ, സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ സംവിധാനമായ, വഖഫ് ബോര്‍ഡിലെ നിയമനക്കാര്യങ്ങളില്‍ സമസ്തയുടെ സമ്മര്‍ദ്ദം വിജയിച്ചിരുന്നു. അതായത്, നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ (പിഎസ്സി) നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. സമസ്ത അത് പിന്‍വലിപ്പിച്ചു. അതിനു ശേഷമാണ്, സ്ത്രീക്കും പുരുഷനും സ്വത്തവകാശം തുല്യമാണെന്നും തുല്യമാക്കുന്നതിന് സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും ആ ആവശ്യത്തില്‍ സഹായം തേടുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും കൊടുക്കുമെന്നും കുടുംബശ്രീ യൂണിറ്റുകള്‍ വഴി അംഗങ്ങളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
കൊള്ളാം നല്ലകാര്യം. വനിതാ ശാക്തീകരണത്തില്‍ ഒരു ചുവടുകൂടി. നവോത്ഥാന മതില് കെട്ടല്‍ പ്രക്രിയയുടെ തുടര്‍ച്ച, വിജയം എന്നിങ്ങനെയൊക്കെ ആവേശംകൊണ്ടിരിക്കുകയായിരുന്നു പലരും. ശബരിമലയിലെ യുവതീപ്രവേശന പ്രവര്‍ത്തനം പോലെ, താലിപൊട്ടിച്ചെറിയല്‍ പോലെ, ചുംബന,ആര്‍ത്തവ ആഘോഷങ്ങള്‍ പോലെ വനിതാ സ്വാതന്ത്ര്യത്തിന്റെ മേഖലയില്‍ ‘മറ്റൊരു വിപ്ലവം കൂടി’ എന്നെല്ലാം അഭിമാനിച്ചിരിക്കെയായിരുന്നു സമസ്തയുടെ നിലപാട് വന്നത്, ‘വേണ്ട, അങ്ങനെയൊരു പ്രതിജ്ഞ.’ സര്‍ക്കാര്‍ രണ്ടാമതൊന്നാലോചിക്കാതെ പ്രതിജ്ഞക്കടലാസ് കീറിയെറിഞ്ഞു; കടല പൊതിഞ്ഞു.
അതായത്, സമസ്ത, സമസ്ത കാര്യങ്ങളിലും സര്‍ക്കാരിനോട് വിജയിച്ചു. കമ്യൂണിസ്റ്റ് സര്‍ക്കാരിനോട്, ദൈവ വിശ്വാസികളല്ലാത്തവരോട് സഹകരിക്കണോ വേണ്ടയോ തുടങ്ങിയ ചര്‍ച്ചകളില്‍ സമസ്തയില്ത്തന്നെ തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടയിലാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രഹസ്യ വാഗ്ദാനം വന്നത്; ‘നിങ്ങള്‍ നിര്‍ദ്ദേശിക്കൂ, ഞങ്ങള്‍ നടപ്പാക്കാം’ എന്ന മട്ടില്‍. അങ്ങനെ സമസ്ത ഇപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ സ്വാധീന ശക്തിയാണ്. അവര്‍ തീരുമാനിക്കും കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അജണ്ടയും ഗതിയും. ആര്‍ക്കെങ്കിലും അങ്ങനെയൊരു ആക്ഷേപം ഉന്നയിക്കാന്‍ ഇടകൊടുക്കാതെ സമസ്ത പ്രഖ്യാപിച്ചു, ”ഞങ്ങള്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാറില്ല, ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല” എന്ന്.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗായിരുന്നു ഒരുകാലത്ത് കേരളത്തിലെ വലിയ രാഷ്ട്രീയ ശക്തി. അതു പിന്നീട് പിളര്‍ന്നു. നാഷണല്‍ ലീഗുണ്ടായി. പലകാലങ്ങളില്‍ വന്ന പല മാറ്റങ്ങള്‍ക്കിടെ വിവിധ രാഷ്ട്രീയ സംഘടനകളെ വിവിധ മുസ്ലിം സംഘടനകള്‍വഴി സമുദായം പിന്തുണച്ചു. ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്വിവിധ മത രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ വന്നു. അവയുടെ വിവിധ മുഖങ്ങള്‍ നാടുകണ്ടു. ചിലതിന്റെ തീവ്രപ്രവര്ത്തനങ്ങള്കൊണ്ട്, നിരോധിക്കപ്പെട്ടു, ചിലത് സ്വയം നശിച്ചു. ഇപ്പോഴും രാഷ്ട്രീയ സ്വഭാവം കൊണ്ട് വലിയൊരു വിഭാഗം മുസ്ലിം സമുദായാംഗങ്ങളും പിന്തുണയ്ക്കുന്ന പണ്ടാര്‍ട്ടി മുസ്ലിം ലീഗാണ്. ആ ലീഗിനെ ഒപ്പം കൂട്ടാനുള്ള സിപിഎമ്മിന്റെ പരിശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്; വിജയിച്ചതും പരാജയപ്പെട്ടതുമായ രാഷ്ട്രീയ ചരിത്രം. ആ ചരിത്രത്തില്‍, പുതിയൊരു അദ്ധ്യായമാണ് ഇപ്പോള്‍ സമസ്തയെ മുന്‍നിര്‍ത്തി സിപിഎം കളിക്കുന്ന രാഷ്ട്രീയത്തിനുപിന്നില്‍. ‘ധൃതരാഷ്ട്രാലിംഗന’മാണ് സിപിഎമ്മിന്റേതെന്ന് തിരിച്ചറിയാന്‍, അബദ്ധങ്ങളോടെയാണെങ്കിലും അറ്റവും മുറിയുമാണെങ്കിലും ഹിന്ദു പുരാണ കഥകളും സംസ്കൃത ശ്ലോകങ്ങളും പ്രസംഗങ്ങളില്‍ തട്ടിമൂളിക്കുന്ന സമസ്തയിലെ പണ്ഡിതന്മാരില് ചിലരെങ്കിലും മനസ്സിലാക്കിയേക്കാം. ഇല്ലെങ്കില്‍ ഹാ കഷ്ടം എന്നല്ലാതെന്ത് പറയാന്‍.
ഒരു കാലത്ത് ലീഗിനെ തലയിലേറ്റി ഭരണം നടത്തിയവരാണ് കമ്യൂണിസ്റ്റുകള്‍. പിന്നെ ലീഗിനെതിരെ ജമാ അത്തെ ഇസ്ലാമിയെ ചുമന്നു. അബ്ദുള്‍ നാസര്‍ മദ്നിയുടെ പിഡിപിയെ, പിന്നീട് ഇപ്പോള്‍ നിരോധിച്ച പിഎഫ്ഐയെ വരെ! ആവശ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ അകറ്റി. അതിനപ്പുറം സമുദായത്തിന് കമ്യൂണിസ്റ്റ് കൂട്ട് നല്കിയ നേട്ടങ്ങള്‍ സമസ്ത പറയട്ടെ, അക്കമിട്ട്; സമുദായത്തിലെ അതിസാധാരണക്കാരന് ഉണ്ടായ നേട്ടം പറയണം. അത് ആ വിഭാഗം സമുദായാംഗങ്ങള്‍ ചോദിക്കുന്ന കാലമാവുകയാണ്. അപ്പോള്‍ സമസ്തരും കൈമലര്‍ത്തുന്ന സ്ഥിതി വരരുത്.
പൗരത്വ ഭേദഗതി നിയമത്തിലുള്‍പ്പെടെ, കമ്യൂണിസ്റ്റുകള്‍, അവരുടെ ബിജെപി- കേന്ദ്ര സര്‍ക്കാര്‍- സംഘപരിവാര്‍- ,മോദി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സമുദായത്തെ കരുക്കളാക്കുകയായിരുന്നു ഇതുവരെ. അധികാര-ഭരണ മോഹത്തില്‍ തല്‍പ്പരരായ സമുദായപ്പാര്ട്ടികള് അതില്‍ വീണു. സമസ്ത പക്ഷേ, അവര്‍ക്കും വഴികാട്ടിയാകേണ്ടവരാണെന്നാണ് അതിന്റെ സങ്കല്പം. എന്നാല്‍, നാളെ, ആ സമുദായത്തിനും ഗുണകരമായ ഏകീകൃത നിയമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വഴിതുറക്കുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള കൂലിപ്പട്ടാളമാക്കി സമുദായത്തെ മാറ്റാനുള്ള കമ്യൂണിസ്റ്റ്സൃഗാല സൂത്രവിദ്യകളാണ് ഇപ്പോഴത്തെ കീഴടങ്ങലുകളെന്ന് സമസ്തയുടെ പണ്ഡിതര്ക്കറിയാമെങ്കില് ഈ ചെസ്സ് കളിയില്‍ അവര്‍ ‘ഇന്ത്യയുടെ പ്രജ്ഞാനന്ദ’യാണ്. അല്ലെങ്കില്‍ ‘യോദ്ധാ സിനിമയിലെ ജഗതി ശ്രീകുമാറിന്റെ കഥാപാത്രമായ’അരശുമൂട്ടില്‍ അപ്പുക്കുട്ടന് മാത്രം!
പിന്കുറിപ്പ്:
കോണ്‍ഗ്രസിനെക്കുറിച്ച് പറയുമ്പോള്‍ സാംസ്കാരിക മന്ത്രി വി.എന്‍. വാസവന്, സിനിമാതാരം അമിതാഭ് ബച്ചന്റെ പൊക്കവും ഇന്ദ്രന്‍സിന്റെ പൊക്കക്കുറവും താരതമ്യം ചെയ്തത് ബോഡി ഷേമിങ് എന്ന വ്യക്തിയുടെ രൂപാക്ഷേപമായി എന്നാണ് ആരോപണം. നിരീക്ഷകന് ശ്രീജിത് പണിക്കര്‍ നടത്തിയ ഒരു പരാമര്‍ശത്തെ ആ വകുപ്പില്‍ പെടുത്തി, കേസ് എടുക്കണമെന്ന് വാദിച്ചവരും ബഹിഷ്കരിച്ചവരുമൊക്കെ ഇവിടൊക്കെത്തന്നെയില്ലേ? കൂട്ടത്തില്‍ ഇതു കൂടി, ബച്ചന് അഭിനയിച്ച ലാവാറീസ് എന്നൊരു സിനിമയുണ്ട്. അതില്‍ ബച്ചന് പാടി അഭിനയിച്ച പാട്ടും; ‘മേരേ ആംഗനേ മേം..’ അത് കാണണം, കേള്‍ക്കണം. സിനിമയുടെ പേര് ലാവാറിസ്; അര്‍ത്ഥം ലളിതമായി പറഞ്ഞാല്‍ അനാഥം, അവകാശപ്പെടാത്തത് എന്നെല്ലാം. വിശാല തലത്തില്‍ വലിയ അര്‍ത്ഥ മാനങ്ങളുള്ള വാക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: