ലുസൈല്‍: ആരാകും കൊടുമുടി കയറുക.. ഇതിഹാസമെന്ന വിശേഷണം ലോകത്തിന്റെ നെറുകയില്‍ നിന്നുകൊണ്ട് കഴുത്തില്‍ ചാര്‍ത്താന്‍ വെമ്പുന്ന ലയണല്‍ മെസിയുടെ അര്‍ജന്റീനയോ… ചെറുപ്പത്തിലേ രണ്ടു ലോകകപ്പെന്ന സമ്മോഹന നേട്ടം തിലകക്കുറിയായി ചാര്‍ത്തി ഇതിഹാസ പദവിയിലേക്ക് ചുവടുവയ്ക്കാന്‍ വെമ്പുന്ന കൈലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സോ… ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ ആ കളിയാട്ടത്തിന് അരങ്ങൊരുങ്ങും.
ഫ്രാന്‍സ് സ്ഥിരതയുള്ള പ്രകടനമാണ് നടത്തിയതെങ്കില്‍ അര്‍ജന്റീന ഓരോ മത്സരം കഴിയുന്തോറും സ്വതസിദ്ധമായ കേളീശൈലിയിലേക്ക് ഉയരുന്നു. ഫൈനലിലേക്കുള്ള വഴിയില്‍ രണ്ട് ടീമുകളും ഓരോ കളി തോറ്റു. ഫ്രാന്‍സ് ഗ്രൂപ്പിലെ അവസാന കളിയില്‍ ടുണീഷ്യയോടും അര്‍ജന്റീന ആദ്യ കളിയില്‍ സൗദി അറേബ്യയോടും. നോക്കൗട്ട് ഘട്ടത്തില്‍ ഫ്രാന്‍സ് ഒരു കളി പോലും അധികസമയത്തേക്കോ ഷൂട്ടൗട്ടിലേക്കോ പോവാതെ വിജയിച്ചപ്പോള്‍ നെതര്‍ലന്‍ഡ്സിനെതിരെ ഷൂട്ടൗട്ടിലാണ് അര്‍ജന്റീന ജയിച്ചത്. സെമിയില്‍ ക്രൊയേഷ്യക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയ മെസിപ്പട 3-0ന് വിജയിച്ചു. ഫ്രാന്‍സ് 2-0ന്മൊറോക്കോയേയാണ് സെമിയില്‍ കീഴടക്കിയത്. ഫൈനല്‍ വരെയുള്ള പോരാട്ടത്തില്‍ ഫ്രാന്‍സ് 13 ഗോളടിച്ചപ്പോള്‍ അര്‍ജന്റീന 12 എണ്ണം നേടി. വഴങ്ങിയത് രണ്ട് ടീമുകളും അഞ്ച് വീതം.
2018ലെ റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ എംബാപ്പെയും മുന്‍ ലോക ഫുട്ബോളര് ലയണല്‍ മെസിയും എതിര് ഡിഫന്‍ഡര്‍മാര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനനുസരിച്ചാകും മത്സരഫലം. അഞ്ച് ഗോളടിച്ച് ടോപ് സ്കോറര്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് എംബാപ്പെയും മെസിയും. അതുതന്നെയാണ് ടീമുകളുടെ പ്രതീക്ഷകളും.
ഫ്രഞ്ച് നിരയില്‍ നാല് ഗോളുമായി ഒളിവര്‍ ജിറൂദിന്റെ സാന്നിധ്യമുള്ളപ്പോള് അര്‍ജന്റീന നിരയില്‍ നാല് ഗോളടിച്ച അല്‍വാരസുമുണ്ട്. പ്രതിരോധത്തിലും മധ്യനിരയിലും ഒന്നിനൊന്ന് മികച്ച താരങ്ങളാണ് രണ്ട് ടീമിലുമുള്ളത്. ഫ്രാന്‍സ് നിരയില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ചൗവാമേനിയും കഴിഞ്ഞ കളിയില്‍ കളിക്കാതിരുന്ന റാബിയോയും അറ്റാക്കിങ് മിഡ്ഫല്‍ഡര്‍മാരായി വലതുവിങ്ങില്‍ ഡെംബലെ, സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി ഗ്രിസ്മാന്, ഇടതുവിങ്ങില്‍ സൂപ്പര്‍ താരം എംബാപ്പെ എന്നിവര്‍ ഇറങ്ങും. സ്ട്രൈക്കറായി ജിറൂദും. പ്രതിരോധത്തില്‍ കൗണ്ഡെ, വരാനെ, ഉപമെസാനോ, തിയോ ഹെര്‍ണാണ്ടസ് എന്നിവരും എത്തുമ്പോള്‍ ഗോള്‍വലയ്ക്ക് മുന്നില്‍ ഹ്യൂഗോ ലോറിസ്. ഫ്രാന്‍സ് 4-2-3-1 ശൈലിയില്‍ തന്നെയായിരിക്കും ഇന്നും കളത്തിലിറങ്ങുക.
കഴിഞ്ഞ രണ്ട് കളികളില്‍ പുറത്തിരുന്ന പ്ലേമേക്കര്‍ എയ്ഞ്ചല്‍ ഡി മരിയ ഇന്ന് കളി മെനയാന്‍ അര്‍ജന്റീനിയന്‍ നിരയില്‍ ഉണ്ടാകുമെന്ന വാര്‍ത്ത അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നുറപ്പ്. 4-3-3 അല്ലെങ്കില്‍ 4-4-2 ശൈലിയിലോ ആയിരിക്കും അര്‍ജന്റീന ഇറങ്ങുക. 4-4-2 ശൈലിയിലാണെങ്കില്‍ ഡി മരിയയ്ക്കൊപ്പം ഡി പോള്‍, മക്അലിസ്റ്റര്‍, ഫെര്‍ണാണ്ടസ് ആദ്യ ഇലവനില്‍ ഉണ്ടാകും. മുന്നേറ്റത്തില്‍ മെസിക്ക് കൂട്ടായി അല്‍വാരസും. പ്രതിരോധത്തില്‍ മൊളീന, റൊമേറോ, ഒട്ടമെന്‍ഡി, അക്യുന എന്നിവരും എത്തും. മറിച്ച് 4-3-3 ശൈലിയിലാണെങ്കില്‍ മെസിക്കും അല്‍വാരസിനും തൊട്ടുപിന്നില്‍ ഡി മരിയ കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: