കൊച്ചി : വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കണം. ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ. ബഫര്‍ സോണ്‍ വിഷയത്തില്‍ ആശങ്കകള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സമീപിക്കുകയാണെങ്കില്‍ ഭേദഗതികള്‍ക്ക് സന്നദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആശങ്കകള്‍ അറിയിക്കാനുള്ള സമയപരിധി ഡിസംബര്‍ 23 വരെയെന്ന് നിശ്ചയിച്ചിട്ടുള്ളത്. ഇത് തീര്‍ത്തും അപ്രായോഗികമാണ്. ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ്.
ബഫര്‍ സോണ്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഗ്രാമ പഞ്ചായത്തുകള്‍ തോറും ഹെല്‍പ് ഡെസ്‌ക്കുകള്‍ രൂപീകരിക്കണം. വനം വകുപ്പ് നിര്‍ദ്ദേശിച്ച 115 പഞ്ചായത്തുകളിലും ഇതാവശ്യമാണ്. ഇതിനായി ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളുമടങ്ങിയ ടാസ്‌ക് ഫോഴ്സിനെയും ചുമതലപ്പെടുത്തണം. പട്ടയമോ സര്‍വ്വേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളില്‍ കഴിയുന്ന കര്‍ഷകരുടെ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കെസിബിസി ഇതിന് മുമ്പും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
വന്യജീവി സങ്കേതങ്ങള്‍ ജനവാസ കേന്ദ്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനഃനിര്‍ണയിക്കണം. കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിനെ ബോധ്യപ്പെടുത്തി സുപ്രീം കോടതി വഴി പ്രശ്നത്തിന് ശാശ്വത പരിഹാരം തേടണമെന്നം ക്ലീമിസ് ബാവ അറിയിച്ചു.
അതേസമയം ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്‌ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് സെന്റര്‍ പുറത്ത് വിട്ട മാപ്പില്‍ നദികള്‍, റോഡുകള്‍, വാര്‍ഡ് അതിരുകള്‍ എന്നിവ സാധാരണക്കാര്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. 14,619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പേര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. പ്രദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയാറാക്കിയത് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. കാര്‍ഷിക മേഖലകളായ ഇടപമ്പാവാലി, എയ്ഞ്ചല്‍വാലി വാര്‍ഡുകള്‍ പൂര്‍ണമായും വനഭൂമിയാണെന്ന കണ്ടെത്തല്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: