ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്വത്ത് മതപരമായ കാര്യങ്ങള്‍ക്ക് മാത്രമേ വിനിയോഗിക്കാവൂ എന്നും, അതിന് വിരുദ്ധമായി കൈമാറ്റമോ വില്‍പ്പനയോ നടന്നിട്ടുണ്ടെങ്കില്‍ അത് അസാധുവായി കണക്കാക്കണമെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും, കേരളത്തില്‍ പ്രത്യേകിച്ചും ക്ഷേത്രങ്ങള്‍ സര്‍ക്കാരുകള്‍ കയ്യടക്കിവയ്‌ക്കുകയും, ക്ഷേത്രസ്വത്ത് നിയമവിരുദ്ധമായി ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന അനീതിയിലേക്കും അധാര്‍മികതയിലേക്കും ഇൗ ഉത്തരവ് വിരല്‍ചൂണ്ടുന്നു. ക്ഷേത്രഭരണം പതിറ്റാണ്ടുകളായി ഹൈജാക്കു ചെയ്തിരിക്കുന്നതിനാല്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രസ്വത്തുക്കള്‍ വലിയതോതില്‍ അന്യാധീനപ്പെട്ടിട്ടു ണ്ട്. ഇത്തരം നിരവധി കേസുകള്‍ കോടതിയുടെ മുന്നിലെത്തുകയും ക്ഷേത്രസ്വത്ത് വീണ്ടെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുള്ളതാണ്. ഇതിന്റെ തുടര്‍ച്ചയായി വേണം ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്ഥാവരസ്വത്തുക്കള്‍ അവയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത്തരം സ്വത്തുക്കള്‍ ക്ഷേത്രത്തിന്റെയോ മഠത്തിന്റെയോ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് കൈകാര്യം ചെയ്തിട്ടുള്ളതെങ്കിലും അതുമായി ബന്ധപ്പെട്ട പണം വിനിയോഗിക്കാന്‍ നിബന്ധനകള്‍ വേണമെന്നും, കയ്യേറ്റങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണമെന്നും ശക്തമായ നിര്‍ദ്ദേശമാണ് കോടതി നല്‍കിയിട്ടുള്ളത്. അനധികൃത കൈവശാവകാശങ്ങള്‍ റദ്ദാക്കാനും വാടക കുടിശികയുണ്ടെങ്കില്‍ അത് അടിയന്തരമായി പിരിച്ചെടുക്കാനുംവരെ കോടതി പറഞ്ഞിരിക്കുന്നത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.
മധുരമീനാക്ഷി ക്ഷേത്രത്തിന് സമീപം ആയിരത്തി മുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള ശൈവമഠമായ മധുരൈ അധീനത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്. ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്വത്തുക്കള്‍ പരിപാലിക്കുന്നുണ്ടെന്നും, അത് മതസ്ഥാപനങ്ങളുടെ ക്ഷേമത്തിന് മാത്രമായി വിനിയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് ക്ഷേത്രങ്ങളുടെ ഭരണനിര്‍വഹണ ചുമതലയുള്ള സര്‍ക്കാര്‍ സംവിധാനമായ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കു കീഴില്‍ ക്ഷേത്രങ്ങള്‍ നേരിടുന്ന അനീതികള്‍ നിരവധിയാണ്. എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കണ്ടെത്തി ക്ഷേത്രകാര്യങ്ങളില്‍ അവിഹിതമായി ഇടപെടാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നു. സമീപകാലത്ത് ക്ഷേത്രത്തിലെ മൂര്‍ത്തിക്ക് ചൂടാനുള്ള കുട ആചാരങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യയെ ചൂടിച്ച സംഭവം വലിയ വിവാദമായിരിക്കുകയാണല്ലോ. ഇതിനൊക്കെ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ധാര്‍ഷ്ട്യമാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്നത്. ക്ഷേത്ര മേല്‍നോട്ടത്തിന്റെ ചുമതലയുള്ള വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തി കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവരികയുണ്ടായി. ഇത്തരം പല കേസുകളും കോടതിയുടെ പരിഗണനയിലുമാണ്.
തമിഴ്‌നാട്ടിലായാലും കേരളത്തിലായാലും സര്‍ക്കാരുകളുടെ ഹിന്ദുവിരുദ്ധ സമീപനമാണ് ക്ഷേത്രഭരണം കയ്യടക്കിവയ്‌ക്കാനും, ക്ഷേത്രസ്വത്തുക്കള്‍ ദുര്‍വിനിയോഗം ചെയ്യാനും പ്രേരിപ്പിക്കുന്നത്. ഇതരമതസ്ഥരുടെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇതൊന്നും സംഭവിക്കുന്നില്ലെന്നു മാത്രമല്ല, അങ്ങനെയൊരു ചിന്തപോലും ഭരണാധികാരികള്‍ക്കില്ല. പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ബഹൂഭൂരിപക്ഷവും നിര്‍മിച്ചത് രാജാക്കന്മാരാണെന്നും, അവരാണ് ഏക്കറുകണക്കിന് സ്ഥലവും മറ്റ് സ്വ ത്തുക്കളും ക്ഷേത്രത്തിന് നല്‍കിയതെന്നും, രാജാക്കന്മാര്‍ ക്ഷേത്രഭരണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചതിന് അനസൃതമായാണ് തങ്ങള്‍ ക്ഷേത്രങ്ങള്‍ ഭരിക്കുന്നതെന്നുമാണ് അടുത്തിടെ തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. സര്‍ക്കാര്‍ മതേതരമാണെങ്കിലും ക്ഷേത്രങ്ങള്‍ തങ്ങള്‍ ഭരിക്കുമെന്നു പറയാനും മടിക്കുന്നില്ല. ഈ മാനദണ്ഡങ്ങള്‍ എന്തുകൊണ്ട് മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ബാധകമാക്കുന്നില്ല എന്നതിനെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നു. ക്ഷേത്രങ്ങളുടെ പണം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന പരാതിയില്‍, അത് ഗ്രാമീണ ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഈ ധനസഹായം സ്‌റ്റേ ചെയ്യുകയുണ്ടായി. ക്ഷേത്രങ്ങളെ പൂര്‍ണമായും രാഷ്‌ട്രീയമുക്തമാക്കാന്‍ ഫലപ്രദമായ ചില നിയമനടപടികള്‍ തമിഴ്‌നാട്ടില്‍ ഉണ്ടാവുന്നു എന്നാണ് ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത്. ഇത്തരം നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടക്കേണ്ട സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ക്ഷേത്രഭരണം കയ്യടക്കിവച്ചിരിക്കുന്ന രാഷ്‌ട്രീയക്കാര്‍ ഈശ്വരവിശ്വാസം നശിപ്പിക്കാനും പാര്‍ട്ടി വളര്‍ത്താനും അത് ഉപയോഗിക്കുകയാണ്. ഇതിന് അറുതി വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇതിന് വഴികാട്ടിയാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: