മുംബൈ: അറിവുള്ളവരും സ്മാര്‍ട്ടുമായ പ്രേക്ഷകര്‍ക്ക് പുതുമയുള്ളതെന്തെങ്കിലും നല്കിയാല് അവരെ രണ്ടരമണിക്കൂര്‍ നേരം പിടിച്ചിരുത്താന്‍ കഴിയും എന്ന അജയ് ദേവ്ഗണിന്റെ വാദം അക്ഷരാര്‍ത്ഥത്തില്‍ സത്യമായി. ഹിന്ദി ദൃശ്യം 2ന്റെ ആഗോളവരുമാനം 300 കോടി കടന്നിരിക്കുകയാണ്.
ബോളിവുഡില്‍ 2022ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന മൂന്നാമത്തെ ചിത്രമായി ദൃശ്യം 2 മാറി. ബ്രഹ്മാസ്ത്ര (431 കോടി), കശ്മീര്‍ ഫയല്‍സ് (341 കോടി) എന്നിവയാണ് മുന്നില്‍ നില്ക്കുന്ന രണ്ട് ഹിന്ദി സിനിമകള്‍. വരും ദിവസങ്ങളില്‍ ദൃശ്യം 2 വരുമാനത്തിന്രെ കാര്യത്തില്‍ കശ്മീര്‍ ഫയല്‍സിനെ പിന്തള്ളിയേക്കും.
ആദ്യദിനം സിനിമാ ക്രിറ്റിക്കുകള്‍ വിമര്‍ശിച്ച ചിത്രമാണ് ജനങ്ങള്‍ ഏറ്റെടുത്തത്. സ്ഥിരം ബോളിവുഡ് സിനിമകളുടെ ബഹളവും തിളക്കവും ഒന്നുമില്ലാതെ തന്നെ, ഹൃദയം തൊടുന്ന കഥയിലെ സംഘര്‍ഷങ്ങള്‍ ജനം ഏറ്റെടുക്കുകയായിരുന്നു. കഥയുടെ മികവും ഉടനീളമുള്ള സസ്പെന്‍സ് ത്രില്ലറും ബോളിവുഡില്‍ ചലനമുണ്ടാക്കി.
300 കോടിയില്‍ 52 കോടി മാത്രമാണ് വിദേശത്ത് നിന്നും ലഭിച്ചത്. ബാക്കിയെല്ലാം ഇന്ത്യയ്ക്കകത്ത് നിന്നു തന്നെയാണ്. അജയ് ദേവ്ഗണ് ഒരിയ്ക്കല്‍ കൂടി ജനത്തിന്റെ സൂപ്പര്‍ ഹീറോയായി. ദൃശ്യത്തിന്റെ വിജയത്തിന് ശേഷം മറ്റൊരു ഷൂട്ടിംഗ് സെറ്റില്‍ സ്കൂട്ടറില്‍ നീങ്ങുന്ന അജയ് ദേവ്ഗണെ സാധാരണക്കാര്‍ വളഞ്ഞത് മറക്കാനാവാത്ത അനുഭവമായി എന്ന് അജയ് ദേവ്ഗണ് തന്നെ ഈയിടെ പ്രസ്താവിച്ചിരുന്നു. മോഹന്‍ലാലിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യം 2 ഹിന്ദി റീമേക്ക് വെറും 50 കോടി മുടക്കുമുതലില്‍ നിര്‍മ്മിച്ച ചെറിയ സിനിമയാണ്.
അന്യഭാഷകളില്‍ എടുത്ത റീമേക്ക് പതിപ്പുകളില്‍ തിയറ്ററുകളില്‍ നേരിട്ട് റിലീസ് ചെയ്തത് ദൃശ്യം 2 ഹിന്ദി പതിപ്പ് മാത്രമാണ്. കന്നടയും തമിഴും നേരിട്ട് ഒടിടികളിലാണ് റിലീസ് ചെയ്തത്. ഈ വര്‍ഷം ബ്രഹ്മാസ്ത്രയ്ക്കും ഭൂല്‍ ഭുലയ്യ 2നും നല്കിയ അതേ വരവേല്പാണ് ബോളിവുഡ് പ്രേക്ഷകര്‍ ദൃശ്യം 2ന് നല്‍കിയത്.
അജയ് ദേവഗണിനെ സംബന്ധിച്ചിടത്തോളം ‘താനാജി’ എന്ന സിനിമയ്ക്ക് ശേഷം 200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി ദൃശ്യം 2 മാറും. ബോളിവുഡിനെ ഇപ്പോഴത്തെ മാന്ദ്യത്തില്‍ നിന്നും രക്ഷിയ്ക്കാന്‍ നാലോ അഞ്ചോ ദൃശ്യം വേണ്ടിവരുമെന്നാണ് സിനിമയുടെ വിജയത്തോട് പ്രതികരിച്ച് കഴിഞ്ഞ ദിവസം അജയ് ദേവ്ഗണ് പറഞ്ഞത്. അതായത് മികച്ച കഥകളുണ്ടെങ്കില്‍ ആളുകള്‍ തിയറ്ററില്‍ എത്തുമെന്നാണ് അജയ് ദേവ്ഗണ് പറയാന്‍ ശ്രമിച്ചത്.
അജയ് ദേവ്ഗണും തബുവുമാണ് ഇതില്‍ മോഹന്‍ലാലിന്റെയും ആശ ശരത്തിന്റെയും പ്രധാനവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. തബുവിന്റെ പൊലീസ് വേഷവും ശ്രദ്ധേയമായി. മീനയ്ക്ക് പകരം ഹിന്ദി റീമേക്കില്‍ ആ റോള്‍ ചെയ്ത ശ്രിയ ശരണും ജനശ്രദ്ധ പിടിച്ചുപറ്റി.
ടി സീരീസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്സ് ആണ് മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസും ആന്റണി പെരുമ്പാവൂരും. അതുകൊണ്ട് ലാഭവിഹിതത്തില്‍ ഒരു പങ്ക് ആശിര്‍വാദ് സിനിമയ്ക്കും ലഭിയ്ക്കും. 50 കോടിയായിരുന്നു മുതല്‍ മുടക്ക്. ദൃശ്യം 2 കുറഞ്ഞത് 300 കോടി ക്ലബ്ബിലെങ്കിലും കടക്കുമെന്നാണ് പ്രവചനം.
അഭിഷേക് പത്താനാണ് സംവിധാനം. അക്ഷയ് ഖന്നയാണ് മുരളീ ഗോപി അവതരിപ്പിച്ച ഐജിയുടെ വേഷത്തില്‍. പൊലീസ് ഓഫീസറുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തിയ രജത് കപൂറും റോള്‍ മനോഹരമാക്കി. ദേവി ശ്രീ പ്രസാദാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: