ഗ്രീഷ്മ മധുസൂദ്
ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി വ്യക്തമായി നിര്‍ണയിക്കാതെ ഇരു രാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള പ്രശ്നങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന് കരസേന മുന്‍ ഉപമേധാവി ലഫ്. ജനറല്‍ ശരത് ചന്ദ്. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യ-ചൈന അതിര്‍ത്തിയായ മക്മോഹന്‍ ലൈന്‍ ചൈന അംഗീകരിക്കാത്തതാണ് പ്രശ്നങ്ങളുടെ മൂലകാരണം. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉരുണ്ടുകൂടുമ്പോള്‍ ഒരുവേള അപരിഹാര്യം എന്നു വിലയിരുത്തപ്പെടുന്ന ഈ പ്രശ്നത്തിന്റെ പ്രതിരോധ-നയതന്ത്ര മാനങ്ങള്‍ കരസേന മുന്‍ ഉപമേധാവി ജന്മഭൂമിയോടു പങ്കുവയ്ക്കുന്നു.
- എന്തുകൊണ്ടാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച് ഇങ്ങനെയൊരു അവ്യക്തത ഉണ്ടാകുന്നത് ?
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം പുതിയതൊന്നുമല്ല. ബ്രിട്ടീഷുകാരുടെ സമയത്തുതന്നെ പ്രശ്നം തുടങ്ങിയിരുന്നു. 1914ലാണ് അതിര്‍ത്തി ഉണ്ടാക്കണമെന്ന് ബ്രിട്ടീഷുകാര്‍ക്ക് ആദ്യമായി തോന്നുന്നത്. അതിന് മുന്‍പ് ടിബറ്റ് ദലൈ ലാമയുടെ കീഴിലായിരുന്നു. അവിടെ ചൈനയുടെ സ്വാധീനവും ഉണ്ടായിരുന്നു. എന്നാല്‍ ചൈനയുടെ സ്വാധീനം അവിടെ കുറഞ്ഞപ്പോള്‍ ബ്രിട്ടീഷിന് തോന്നി ടിബറ്റ് റഷ്യയുടെ സ്വാധീനത്തില്‍ വരുമെന്ന്. ഈ തോന്നലാണ് ഒരു അതിര്‍ത്തി വേണമെന്ന ചിന്ത ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടാകാന്‍ കാരണം.
തുടര്‍ന്ന് സിംല കരാര്‍ പ്രകാരം 1914ല്‍ ഇന്ത്യ- ചൈന അതിര്‍ത്തി വടക്ക് കിഴക്കന്‍ പ്രദേശത്ത് വേര്‍തിരിച്ചു. ഇതിന് മക്മോഹന്ലൈന് എന്നാണ് പേരിട്ടത്. സിംലയില്‍ അതിര്‍ത്തിക്ക് വേണ്ടി നടന്ന കൂടിക്കാഴ്ച്ച അന്നത്തെ ബ്രിട്ടീഷ് സെക്രട്ടറിയായ ഹെന്റി മക്മോഹന്ലെയുടെ കീഴിലായിരുന്നു. ഈ മീറ്റങ്ങിലാണ് ഇന്ത്യ, ഭൂട്ടാന്, ടിബറ്റ് സ്ഥലങ്ങളില്‍ അതിര്‍ത്തി വരച്ചത്. അതിന് മക്മോഹന്ലൈന് എന്ന് പേരിട്ടു. ഇതാണ് ഇന്ത്യയുടെ ചൈനയുമായുള്ള അതിര്‍ത്തിയായി നമ്മള് കണക്കാക്കുന്നത്. എന്നാല്‍ ചൈന ഇത് അംഗീകരിച്ചില്ല. ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും തമ്മിലുള്ള കരാര്‍ എന്നാണ് ചൈനയുടെ എപ്പോഴത്തെയും വാദം. ഇന്ത്യന്‍ പ്രദേശമായ അരുണാചല്‍ പ്രദേശ് ചൈനയുടെ സ്ഥലമെന്നാണ് അവരുടെ നിലപാട്. പക്ഷേ ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷമായി ഇന്ത്യയുടെ കൈവശം ഇരിക്കുന്ന ഭൂമിയാണിതെന്ന് ചൈന മറക്കുന്നു. ഇനി മറ്റൊരു കാര്യം, 1962 ലാണ് ഇന്ത്യ-ചൈന ആദ്യ യുദ്ധം തവാങ്ങില്‍ നടക്കുന്നത്. ഈ സമയം ചൈന ആസാമിന്റെ അതിര്‍ത്തി വരെ എത്തി. പക്ഷേ യുദ്ധത്തിന് ശേഷം കാരണങ്ങള്‍ ഒന്നുമില്ലാതെ ഇവര്‍ മക്മോഹന്ലൈനിലേക്ക് തിരികെ പോയി. പിന്നീട് ഒരു വിട്ടുവീഴ്്ച്ചയ്ക്ക് ഇന്ത്യയും ചൈനയും ശ്രമിച്ചതേയില്ല.
- എന്തുകൊണ്ടാണ് ഇത്രയേറെ സംഘര്‍ഷം ഉണ്ടായിട്ടും അതിര്‍ത്തിയില്‍ വെടിവയ്പ് ഉണ്ടാകാത്തത്?
1962 ലെ യുദ്ധത്തിനുശഷം ഒരു വിട്ടുവീഴ്ച്ചയ്ക്കും ചൈന തയാറായില്ല. പിന്നീട് ചൈനയുടെ ക്ഷണം സ്വീകരിച്ച് അന്നത്തെ പ്രധാന മന്ത്രി രാജീവ്ഗാന്ധി ചൈന സന്ദര്‍ശിച്ചു. പിന്നീട് ചൈനീസ് സര്‍ക്കാരിലെ ഉന്നതര്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തു. അന്തരീക്ഷം അല്പം ശാന്തമായതിനെ തുടര്‍ന്ന് 1993ല്‍ ചൈനയുമായി ഒരു കരാര്‍ ഉണ്ടാക്കി. അതാണ് പീസ് ആന്‍ഡ് ട്രയാങ്കുലിറ്റി എഗ്രിമന്റ്. ഈ എഗ്രിമെന്റിന്റെ വ്യവസ്ഥ അനുസരിച്ച് അതിര്‍ത്തികളിലെ പട്ടാളക്കാര്‍ സമാധാനത്തില്‍ മുന്നോട്ടു പോകണം. തമ്മില്‍ ഒരു പ്രശ്നവും ഉണ്ടാകരുത്. ഈ എഗ്രിമെന്റില്‍ ചൈനയാണ് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള് (എല്‍എഎസി) കൊണ്ടുവരുന്നത്. ഈ ഒരു എഗ്രിമെന്റ് നിലവിലുള്ളതുകൊണ്ടാണ് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ് ഉണ്ടാകാത്തത്.
- എല്‍എസി ചൈന ലംഘിക്കുന്നു എന്ന് ഇന്ത്യ പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?
എല്‍എഎസി മാര്‍ക്ക് ചെയ്യുന്നതിനുവേണ്ടി 2001 ല്‍ റെസലൂഷന്‍ ഓഫ് ബോര്‍ഡ് ബൗണ്ടറി പ്രകാരം പ്രശ്്നം പരിഹരിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ചൈനയുടെ സ്ഥലം എവിടെ വരെയെന്നും ഇന്ത്യയുടെ സ്ഥലം എവിടെവരെയെന്നും അറിയാത്ത പക്ഷം അതിര്‍ത്തികള്‍ മാര്‍ക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ലഡാക്ക് എന്നീ പ്രദേശങ്ങളുടെ മാപ്പ് ഇരുരാജ്യങ്ങളും പരസ്പരം കൈമാറി. ഇതോടെ സ്ഥലങ്ങളുടെ ഏകദേശ രൂപം ഇരു രാജ്യങ്ങള്‍ക്കും മനസിലാക്കാന്‍ സാധിച്ചു. സദുദ്ദേശ്യത്തോടെ ചെയ്ത ഈ നടപടി സംഘര്‍ഷം കൂട്ടാനാണ് വഴിവച്ചതെന്നു മാത്രം. മാപ്പുകള്‍ കയ്യില്‍ കിട്ടിയതോടെ ചൈന കൂടുതല്‍ സ്ഥലങ്ങള്‍ക്ക് അവകാശവാദം ഉന്നയിച്ചു തുടങ്ങി. എന്നാല്‍ യഥാര്‍ഥ നിയന്ത്രണരേഖ എവിടെ വരെയെന്ന് ഇന്ത്യക്ക് വ്യക്തമായി അറിയാം. അവിടെയാണ് ഇന്ത്യ പട്ടാളത്തെ വിന്യസിച്ചിരിക്കുന്നതും. എന്നാല്‍ ചൈന ഇതുവരെ അതിന് തയാറായിട്ടില്ല. ചൈന അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്.
- ഈ സംഘര്‍ഷങ്ങള്‍ പൂര്‍ണതോതിലുള്ള ഒരു യുദ്ധമായി മാറാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?
ഒരു ഫുള്‍ സ്കെയില്‍ യുദ്ധം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ഇന്നത്തെ കാലത്ത് ഒരു രാജ്യത്തെയും യുദ്ധം ചെയ്ത് പിടിച്ചടക്കാന്‍ സാധിക്കില്ല. എന്നാല്‍ യുദ്ധത്തിലൂടെയല്ലാതെ ഒരു രാജ്യത്തെ താഴ്ത്തിക്കെട്ടാന്‍ മറ്റൊരു രാജ്യത്തിനു സാധിക്കും. സ്ഥലങ്ങള്‍ പിടിച്ചെടുത്തും അധിനിവേശം ചെയ്തും നമ്മുടെ പ്രദേശങ്ങള്‍ ചെറുതാക്കിയും അവര്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധ്യത ഇല്ലാതില്ല. ഇനി ഒരു യുദ്ധം വന്നുവെന്നിരിക്കട്ടെ, അതു തടയാനുള്ള ശക്തിയും കരുത്തും നമ്മുടെ രാജ്യത്തിനുണ്ട്. കരുതിയിരിക്കണം എന്ന് മാത്രമേയുള്ളൂ.
- നിരന്തരം പ്രശ്നമുണ്ടാക്കാനായി ചൈന അരുണാചല്‍ അതിര്‍ത്തിയിലെ തവാങ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?
തവാങ്ങിന്റെ പ്രധാന്യം എന്തെന്നാല്‍ അതൊരു ബുദ്ധിസ്റ്റ് സ്ഥലമാണ്. തവാങ് ബുദ്ധ ആശ്രമം എന്നും ലാസയുടെ കീഴിലായിരുന്നു. അവിടുത്തെ ആളുകളും ആശ്രമവും നികുതി അടയ്ക്കുന്നത് ലാസയിലേക്കാണ്. അതുകൊണ്ടാണ് ചൈനീസ് സര്‍ക്കാര്‍ തവാങ്ങും അരുണാചലും അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നത്. ആരുണാചല്‍ ആകെ 90,000 ചതുരശ്ര കിലോമീറ്റര്‍ ഉണ്ട്. അത്ര വലിയ പ്രദേശമാണ് ചൈനയുടെ അവകാശമായി അവര്‍ വാദിക്കുന്നത്. തവാങ്ങില്‍ നിരന്തരം പ്രശ്നം ഉണ്ടാക്കുന്നതിന്റെ കാരണം ഇതാണ്.
- 2013ല്‍ ഡെപ്സാങ്, 2020ല്‍ ഗാല്‍വന്‍, ഇപ്പോള്‍ തവാങ്ങിലും യാങ്സേയിലും. ഈ സംഘര്‍ഷങ്ങള്‍ തമ്മില്‍ എന്തെങ്കിലും പാറ്റേണ്‍ അങ്ങ് കാണുന്നുണ്ടോ?
ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ സ്ഥിരതയില്ലാത്ത അതിര്‍ത്തികള്‍, യാഥാര്‍ഥ നിയന്ത്രണ രേഖയിലെ വ്യത്യസ്ത ധാരണകള്‍, അടയാളപ്പെടുത്താത്ത അതിര്‍ത്തികള്‍, രാജ്യാന്തര കരാറുകളോടുള്ള അയഞ്ഞ മനോഭാവം ഇതൊക്കെയാണ് അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള കാരണം. ഡെപ്സാങ്, ഗാല്‍വന്‍, തവാങ്, യാങ്സേയിലുമൊക്കെ ഈ കാരണത്താലാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഈ സ്ഥലങ്ങളിലെ പ്രശ്നങ്ങള്‍ താങ്കള്‍ നിരീക്ഷിച്ചതുപോലെ ഒരേ പാറ്റേണിലുള്ളതാണ്.
- ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്നം മറ്റ് അതിര്‍ത്തികളിലേക്കും ചൈന വ്യാപിപ്പിക്കുന്നു. ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം ചൈനയെ ചൊടിപ്പിക്കുന്നുണ്ടോ?
അങ്ങനെ പറയാന്‍ പറ്റില്ല. യുഎസും ഇന്ത്യയും കുറെ നാളുകളായി അഭ്യാസം നടത്തുന്നുണ്ട്. 1996 എഗ്രിമെന്റ് പ്രകാരം അതിര്‍ത്തിയുടെ സമീപത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് നിയന്ത്രണമുണ്ട്, സൈനിക വിന്യാസത്തിന് പരിമിതിയുണ്ട്, അഭ്യാസ പ്രകടനത്തിന് നിയന്ത്രണവുമുണ്ട്. ഇന്ത്യന്‍ സൈനികര്‍ ഈ മര്യാദകളെല്ലാം പാലിച്ചാണ് പ്രവര്‍ത്തിച്ചു വന്നത്. പക്ഷേ ചൈന ഈ നിയന്ത്രണങ്ങള്‍ ഒന്നും പാലിച്ചിരുന്നില്ല. തെമ്മാടികളുടെ മുന്നില്‍ മര്യാദരാമന്മാരായി നില്‍ക്കുന്നത് മഠയത്തരമാണ്. അതുകൊണ്ടാണ് ഉത്തരാഖണ്ഡില്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യയും യുഎസും സംയുക്ത അഭ്യാസ പ്രകടനം നടത്തിയത്. അതില്‍ ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചു. ചൈനയുടെ നിരന്തരമായ കരാര്‍ ലംഘനങ്ങളില്‍ ഇന്ത്യയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാരണത്താല്‍ അല്ല ചൈന പ്രശ്നമുണ്ടാക്കുന്നത്. ഈ അതിര്‍ത്തി പ്രശ്നം എല്ലാ വര്‍ഷവും അവര്‍ ഉണ്ടാക്കുന്ന കാര്യമാണ്. അഭ്യാസ പ്രകടനത്തില്‍ ചൈന എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാന്‍ വന്നാല്‍ നമ്മുടെ കയ്യില്‍ ചുട്ട മറുപടി ഉണ്ട്.
- നേരത്തെ ലഡാക്ക് മേഖലയിലായിരുന്നു ചൈന പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ മറ്റ് മേഖലയിലേക്ക് മാറിയത് ലഡാക്കില്‍ നിന്ന് ഇന്ത്യയുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണോ?
ലഡാക്കിലെ ശ്രദ്ധ തിരിക്കാന്‍ ചൈന ഇത്തരത്തിലൊരു കാര്യം ചെയ്യില്ല. മാത്രമല്ല, ലഡാക്കിലുള്ള ഇന്ത്യന്‍ സൈനികര്‍ അവിട് നിന്ന് പ്രശ്നം നടക്കുന്ന അതിര്‍ത്തികളിലേക്ക് മാറിയിട്ടുമില്ല. മാത്രമല്ല ലഡാക്കിലെ പ്രശ്നത്തിന് ശേഷം രണ്ട് വിഭാഗത്തിലെ സൈനികരും അവരവരുടെ പൊസിഷനിലേക്ക് തിരികെപ്പോയി കഴിഞ്ഞു. ലഡാക്ക് പിടിക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ അവര്‍ പിന്വലിയില്ലായിരുന്നു. വെടിയ്പിലേക്കും യുദ്ധത്തിലേക്കുമൊക്കെ പോകുമായിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ലല്ലോ.
- ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ അതിര്‍ത്തിയില്‍ വന്നത് യുഎസിനുള്ള നയതന്ത്ര മുന്നറിയിപ്പായിരുന്നോ. അതോ ഇന്ത്യക്കുള്ള പ്രതിരോധ ഭീഷണിയോ?
അതൊരു നിരീക്ഷണ കപ്പലായിരുന്നു. ആശയവിനിമയങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ചാരക്കപ്പല്‍. ശ്രീലങ്കയില്‍ ഹമ്പന്തോട്ട എന്നൊരു തുറമുഖം ചൈന പണിതിരുന്നു. അവിടെ ചൈനയ്ക്ക് വരാം. ചൈന വരാതിരിക്കാന്‍ ഇന്ത്യ പരമാവധി ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. നമ്മുടെ കപ്പലുകളുടെ ചലനങ്ങള്‍, വിമാനങ്ങളുടെ ചലനങ്ങള്‍ അറബിക്കടലിലെ നമ്മുടെ നീക്കങ്ങള്‍ എന്നിവ അറിയുന്നതിന് വേണ്ടിയാണ് ആ കപ്പല്‍ ശ്രീലങ്കയില്‍ എത്തിയത്. അതൊരു നയതന്ത്ര നടപടിയായി ഞാന്‍ കാണുന്നില്ല. പൂര്‍ണമായും ഒരു സൈനിക നീക്കമായിരുന്നു.
- ഇപ്പോള്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയും 2024 -ല്‍ വരാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയും ഇന്ത്യയിലാണ് നടക്കുന്നത്. അതിനുള്ള അസ്വസ്ഥതയാണു ചൈന പ്രകടിപ്പിക്കുന്നത് എന്നു ചില റിപ്പോര്‍ട്ടുകളുണ്ട്.?
ഈ അതിര്‍ത്തി പ്രശ്നവും ഇന്ത്യയില്‍ നടക്കുന്ന ഉച്ചകോടിയും തമ്മില്‍ ബന്ധമില്ല. നേരത്തെ പറഞ്ഞതുപോലെ അതിര്‍ത്തികള്‍ തമ്മില്‍ തിരിച്ചറിയാത്തതും രേഖപ്പെടുത്താത്തതും, ഇപ്പോള്‍ ഉള്ള അതിര്‍ത്തി ചൈന അംഗീകരിക്കാത്തതുമാണ് പ്രശ്നം. ചൈന അംഗീകരിക്കാത്ത പക്ഷം ഈ പ്രശ്നം ഇങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും.
- മറ്റ് രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേയമാണ്. എന്നാല്‍ ചൈനയില്‍ ഇപ്പോഴും കൊവിഡ് പ്രശ്നങ്ങള്‍ രൂക്ഷമാണ്. ഈ നാണക്കേടില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ചൈനയുടെ തന്ത്രമായിക്കൂടേ ഇത്. ചില നയതന്ത്രവിദഗ്ധര്‍ ഇങ്ങനെ വിലയിരുത്തുന്നുണ്ട്.?
ഞാനങ്ങനെ കാണുന്നില്ല. ചൈനയുടെ പ്രശ്നം അതിര്‍ത്തി തന്നെയാണ്. അവരുടെ ഭൂമി എന്ന് അവകാശപ്പെടുന്ന സ്ഥലങ്ങള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കി നമ്മളില്‍ സമ്മര്‍ദം ഉണ്ടാക്കി പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. കൊവിഡില്‍ അവര്‍ക്കു രാജ്യാന്തരതലത്തിലുണ്ടായിരിക്കുന്ന മോശം പ്രതിച്ഛായയും ഈ പ്രശ്നങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് എന്റെ വിലയിരുത്തല്‍. ഇതു പൂര്‍ണമായും ഭൂമി പ്രശ്നമാണ്.
- ഇതിന്റെ പര്യവസാനം എങ്ങനെയാകും എന്നാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം എല്ലാ വര്‍ഷവും നടക്കുന്നതാണ്. കൃത്യമായി ഇരു രാജ്യങ്ങളും അതിര്‍ത്തികള്‍ രേഖപ്പെടുത്തുക എന്നതു മാത്രമാണ് ഇതിനൊരു പരിഹാരം. കൃത്യമായി അതിര്‍ത്തി ലൈനുകള്‍ വരച്ച് ഇരുവശവും പട്ടാളക്കാരെ നിരീക്ഷണത്തിന് നിര്‍ത്തുക. അതിര്‍ത്തികളുടെ മാപ്പിങ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീര്‍ച്ചപ്പെടുത്തുക. ഇതിനു മുന്‍ഗണന കൊടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കുക. അല്ലാതെ ഇതിനൊരു പര്യവസാനം ഞാന്‍ കാണുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: