കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ഉദാരമായ പരിഗണനയ്ക്ക് ഉത്തമോദാഹരണമാണ് സംസ്ഥാനത്തെ റോഡ് നിര്‍മാണത്തിന് രണ്ട് ലക്ഷം കോടിയോളം രൂപ അനുവദിച്ചുകൊണ്ടുള്ള തീരുമാനം. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയും വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഈ പദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാന ആസ്ഥാനത്ത് കേന്ദ്ര റോഡ്-ഗതാഗത-ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കുകയും ചെയ്തു. ദേശീയപാതയും മറ്റു റോഡുകളും, ബൈപാസുകള്‍, മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍, കണ്ടെയ്നര്‍-കാര്‍ഗോ ടെര്‍മിനലുകള്‍, വെയര്‍ഹൗസുകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവയുടെ നിര്‍മാണത്തിനും റോഡ് നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുമായാണ് ഈ പണം ചെലഴിക്കുക. പ്രതിപക്ഷം ഭരിക്കുന്നതിനാല്‍ രാഷ്ട്രീയ വിരോധം വച്ച് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുകയാണെന്ന് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെയും കുപ്രചാരണത്തിന്റെയും മുനയൊടിക്കുന്നതാണ് റോഡ് വികസനത്തിനു മാത്രം ഇത്ര വലിയ തുക അനുവദിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരായിരുന്നു. അക്കാലം മുതല്‍ വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്താതെയുള്ള സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്നത്. ചോദിക്കുന്നതെല്ലാം തരുന്ന സര്‍ക്കാരാണിതെന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പരസ്യമായി തന്നെ പറയുകയുണ്ടായി. എന്നിട്ടും സിപിഎമ്മിന്റെ കുപ്രചാരണത്തിന് കുറവുണ്ടായില്ല എന്നതു വേറെ കാര്യം.
റോഡ് നിര്‍മാണത്തിന്റെ കാര്യത്തില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന ഒരാവശ്യവും ഒരു പദ്ധതിയും കേന്ദ്രം വേണ്ടെന്നു വച്ചിട്ടില്ല. എന്നുമാത്രമല്ല ഇക്കാര്യത്തില്‍ കേരളത്തെക്കാള്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചിട്ടുള്ളത് കേന്ദ്രസര്‍ക്കാരാണ്. പതിറ്റാണ്ടുകള്‍ മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത് മാത്രം മതി ഇതിനു തെളിവായി. ഗെയില്‍ പാചകവാതക പൈപ്പ്ലൈന് പദ്ധതിയുടെ പൂര്‍ത്തീകരണവും മുടങ്ങിക്കിടന്ന ദേശീയപാത വികസനവും നടത്താന്‍ കഴിഞ്ഞതും തന്റെ സര്‍ക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചു പറയാറുള്ളതാണ്. അഴിമതി മുഖമുദ്രയായി മാറിയ ഒരു സര്‍ക്കാരിന്റെ ഭരണനേട്ടമായാണ് ഇത് ഉയര്‍ത്തിക്കാട്ടാറുള്ളത്. എന്നാല്‍ ഗെയില്‍ പദ്ധതിയായാലും ദേശീയപാതാ വികസനമായാലും കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യവും പണം അനുവദിക്കാനുള്ള സന്നദ്ധതയുമാണ് തുണയായത്. ദേശീയപാത വികസനത്തിനുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് പ്രശ്നങ്ങളൊന്നുമില്ലാതെ നടത്താന്‍ കഴിയുന്നത് തന്റെ വ്യക്തിപരമായ നേട്ടമായിപ്പോലും മുഖ്യമന്ത്രി ചിത്രീകരിക്കാറുണ്ട്. എന്നാല്‍ ഇതിനുവേണ്ടി പണം അനുവദിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന കാര്യം പറയാതെ സമര്‍ത്ഥമായി മറച്ചുപിടിക്കുകയും ചെയ്യും. ദേശീയ പാത വികസനത്തിന്റെ കാര്യത്തില്‍ ധാരണ പ്രകാരമുള്ള 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞത്. ദേശീയപാത 66 ന്റെ വികസനത്തിനു വേണ്ടിവരുന്ന തുകയുടെ 25 ശതമാനം നല്‍കാമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് മുന്നോട്ടുവച്ചത്. എന്നാല്‍ പണം നല്കാന് കഴിയില്ലെന്ന് പിന്നീട് പറയുകയായിരുന്നു. വികസന കാര്യത്തിലെ ആത്മാര്‍ത്ഥതയില്ലായ്മയും, കമ്യൂണിസ്റ്റ് സഹജമായ തത്വദീക്ഷയില്ലായ്മയുമാണ് ഇത് കാണിക്കുന്നത്.
മള്‍ട്ടി മോഡല്‍ കണക്ടിവിറ്റിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ പുരോഗതിയെ നിര്‍ണയിക്കുകയെന്ന വ്യക്തമായ നയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. കണക്ടിവിറ്റി എല്ലാ തരത്തിലും നവീകരിക്കുക, ആധുനികമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അടിത്തറയിടുക, പുത്തന്‍ സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുക എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ വിജയകരമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ ദിശകളിലും ബന്ധിപ്പിക്കുക എന്നത് സാമൂഹിക മാറ്റത്തിന് ആവശ്യമാണ്. 2024 അവസാനത്തോടെ രാജ്യത്തിന്റെ റോഡ് സൗകര്യം അമേരിക്കയുടെതിന് തുല്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. സംസ്ഥാനങ്ങള്‍ ആര് ഭരിക്കുന്നു എന്ന കാര്യം കണക്കിലെടുക്കാതെ ഇക്കാര്യത്തില്‍ ആവശ്യമായതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നു. റോഡ് വികസനത്തിന്റെ കാര്യത്തില്‍ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വലിയ നേട്ടമാണ് ഇതിലൂടെ കൈവരിച്ചത്. അത്ഭുതകരമായ മാറ്റങ്ങളാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിനെപ്പോലുള്ള വലിയ സംസ്ഥാനങ്ങളും റോഡ് വികസനത്തില്‍ പുതിയ ചരിത്രം രചിച്ചുകഴിഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞാല്‍ വികസനത്തിന്റെ രാജപാത സൃഷ്ടിക്കപ്പെടും. തുച്ഛമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ മാറ്റിവച്ച് കേരളത്തിനും മുന്നേറാനുള്ള സുവര്‍ണാവസരമാണ് മോദി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. കക്ഷി രാഷ്ട്രീയ താല്‍പ്പര്യം മാറ്റിവച്ച് കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ക്കാനുള്ള ഉത്തരവാദിത്വം കേരള സര്‍ക്കാരിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: