ന്യൂദല്‍ഹി : ഗംഗയെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നമാമി ഗംഗേ പദ്ധതിയെ ലോകത്തെ പുനരുജ്ജീവിപ്പിപ്പിക്കുന്ന 10 പദ്ധതികളില്‍ ഒന്നായി തെരഞ്ഞെടുത്തു. നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ചുപിടിക്കുന്ന വിവിധ രാജ്യങ്ങളിലെ പദ്ധതികളാണ് യുഎന്നിന്റെ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.
70 രാജ്യങ്ങളില്‍ നിന്നുള്ള 150-ലധികം സംരംഭങ്ങളില്‍ നിന്നാണ് നമാമി ഗംഗയെ തെരഞ്ഞെടുത്തത്. യുനൈറ്റഡ് നേഷന്‍സ് എന്വറോയോണ്മെന്റ് പ്രോഗ്രാം (യുഎന്‍ഇപി), യുനൈറ്റഡ് നേഷന്‍സ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്ഗനൈസേഷന് (എഫ്എഒ) യുഎന്‍ ഇക്കോസിസ്റ്റം എന്നിവയുടെ നേതൃത്വത്തിലാണ് വവിധ പദ്ധതികളെ തെരഞ്ഞെടുത്തത്. ബുധനാഴ്ച കാനഡയിലെ മോണ്ട്രിയലില് ജൈവവൈവിധ്യത്തെക്കുറിച്ചുള്ള കണ്‍വെന്‍ഷനില്‍ നമാനി ഗംഗേ ഡയറക്ടര്‍ ജനറല്‍ യുഎന്‍ അവാര്‍ഡ് സ്വീകരിച്ചതായി ജലശക്തി മന്ത്രാലയം അറിയിച്ചു.
പുരസ്കാരത്തിന് അര്‍ഹരായതോടെ നമാമി ഗംഗേ ഉള്‍പ്പെടെയുള്ള അംഗീകൃത സംരംഭങ്ങള്‍ക്ക് യുഎന്‍ പിന്തുണയോ ധനസഹായമോ സാങ്കേതിക വൈദഗ്ധ്യമോ ലഭിച്ചേക്കാം. നമാമി ഗംഗയെ ലോകത്തിലെ ഏറ്റവും മികച്ച 10 ആവാസവ്യവസ്ഥ പുനരുദ്ധാരണ സംരംഭങ്ങളിലൊന്നായി അംഗീകരിച്ചത് നദീതട ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ മിഷന് ഫോര്‍ ക്ലീന്‍ ഗംഗ നടത്തുന്ന യോജിച്ച ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ്. ലോകമെമ്പാടുമുള്ള സമാനമായ മറ്റ് ഇടപെടലുകള്‍ക്ക് തങ്ങളുടെ ശ്രമങ്ങള്‍ വഴികാട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നമാമി ഗംഗെ ഡയറക്ടര്‍ ജനറല്‍ ജി. അശോക് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: