തൃശൂര്‍ : ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നതിനെ തുടര്‍ന്ന് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ദയാവധം ചെയ്യപ്പെട്ട് പന്നികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുളള നഷ്ടപരിഹാര തുകയുടെ വിതരണം നാളെ. തൃശൂര്‍ ജില്ലാ ആസൂത്രണഭവന്‍ ഹാളില്‍ ഉച്ചയ്ക്ക് 1.30ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി നഷ്ടപരിഹാര വിതരണം നിര്‍വഹിക്കും.
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം കോടശ്ശേരി, കടങ്ങോട് പഞ്ചായത്തുകളില്‍ കള്ളിംഗ് ആന്റ് ഡിസ്പോസല്‍ നടത്തിയ പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. കോടശ്ശേരി പഞ്ചായത്തിലെ ഒരു കര്‍ഷകനും കടങ്ങോട് പഞ്ചായത്തിലെ 11 കര്‍ഷകര്‍ക്കുമായി 75,74,757 രൂപ വിതരണം ചെയ്യും.
ഒക്ടോബര്‍ മാസം മുതല്‍ ഇതുവരെ ചേര്‍പ്പ്, അതിരപ്പിള്ളി, കോടശ്ശേരി, കടങ്ങോട് പഞ്ചായത്തുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഓരോ പ്രദേശങ്ങളിലെയും അസുഖം സ്ഥിരീകരിച്ച ഫാമുകളിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു ഫാമുകളിലും ഉള്ള പന്നികളെ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം ദയാവധത്തിന് വിധേയമാക്കി മറവു ചെയ്തു. 15 ഫാമുകളില്‍ നിന്നായി 1340 പന്നികളെ ദയാവധത്തിന് വിധേയമാക്കിയിട്ടുണ്ട്. ചേര്‍പ്പ്, അതിരപ്പിള്ളി പഞ്ചായത്തുകളിലെ മൂന്ന് കര്‍ഷകര്‍ക്കായി 14,94,400 രൂപ കഴിഞ്ഞ ഒക്ടോബര്‍ 30ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കൈമാറിയിരുന്നു.
കള്ളിങ്ങിന് വിധേയമാക്കേണ്ടി വന്ന പന്നികളെ വളര്‍ത്തി വന്ന കര്‍ഷകര്‍ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. നഷ്ടപരിഹാര തുകയുടെ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ആണ്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ആറുമാസക്കാലത്തോളം നിരീക്ഷണനടപടികള്‍ നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കള്ളിംഗ് നടപടികളില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദന സാക്ഷ്യപത്രവും ചടങ്ങില്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: