ശിവഗിരി : രണ്ടാഴ്ചക്കാലത്തിലേറെ നീണ്ടു നില്‍ക്കുന്ന മഹാതീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ശിവഗിരി മഠം പ്രഖ്യാപിച്ച തീര്‍ത്ഥാടന കാലതത്തിന് നാളെ ആരംഭം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗുരുഭക്തരും ശിവഗിരി ബന്ധുക്കളും മഹാതീര്‍ത്ഥാടനത്തിന് സംബന്ധിക്കുന്ന തിന് യാത്ര തിരിക്കുന്ന ഒരുക്കത്തിലാണ്. നാടിന്റെ നാനാഭഗാത്ത് നിന്നും തീര്‍ത്ഥാടന പദയാത്രകള്‍ പുറപ്പെടുന്നതിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. നാടാകെ തീര്‍ത്ഥാടന വിളംബര സമ്മേളനങ്ങളും പ്രഭാഷണ പരമ്പരകളും നടന്നു വരുന്നു. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണ താമസ സൗകര്യം ഒരുക്കുന്നതില്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഗുരുദേവ പ്രസ്ഥാനങ്ങളും ഇതര സംഘടനകളും സഹകരിച്ചു വരുന്നു.
ശിവഗിരി മഠത്തിന്റേയും ഗുരുധര്‍മ്മ പ്രചരണസഭയുടേയും നേതൃത്വത്തിലുള്ള പദയാത്ര 23 ന് കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍ നിന്നും തിരിക്കും. ക്ഷേത്രത്തില്‍ വിശ്രമിച്ചവേളയിലായിരുന്നു 1928 ജനുവരി 16 ന് ഗുരുദേവന്‍ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. ഈ സ്മരണയിലാണ് നവതി വര്‍ഷത്തില്‍ നാഗമ്പടം ക്ഷേത്രത്തില്‍നിന്നുമുള്ള പദയാത്ര. ശിവഗിരി മഠത്തില്‍ വച്ചും ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും തീര്‍ത്ഥാടന വ്രതാരംഭത്തിന്റെ മുന്നോടിയായി 20ന് പീതാംബര ദീക്ഷ ചടങ്ങ് നടക്കും. ക്ഷേത്ര പുരോഹിതരും സംന്യാസി ശ്രേഷ്ഠരും ഈ കര്‍മ്മത്തിന് നേതൃത്വം നല്‍കും.
തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ശിവഗിരി മഠം പ്രഖ്യാപിച്ച തീര്‍ത്ഥാടന കാലം നാളെമുതല്‍. നാളെ തുടക്കം കുറിക്കുന്ന പ്രഭാഷണ പരമ്പര 29 ന് തുടരും.നാളെ വൈകിട്ട് നാലിന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ പങ്കെടുക്കും.
16 മുതല്‍ രാവിലെ പത്തിനാകും പ്രഭാഷണങ്ങള്‍. നാളെ കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി, ഗുരുദേവ കൃതികള്‍ ഒരു പഠനം എന്ന വിഷയത്തിലും 17 ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധര്‍മ്മചൈതന്യ സ്വാമി പലമതസാരവുമേകം, 18 ന് ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, 19 ന് ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി ബോധി തീര്‍ത്ഥ എന്നിവരും 20 ന് സ്വാമി പ്രബോധതീര്‍ത്ഥ (ഗുരുവും കുമാരനാശാനും 21 ന് സ്വാമിനി ജ്യോതിര്‍മയി, (അഹിംസ പരമധര്‍മ്മ) 22 ന് സ്വാമി അസംഗാനന്ദ ഗിരി (ശിവഗിരി ബ്രഹ്മവിദ്യാലയം) 23 ന് സ്വാമി അദ്വൈതാനന്ദ (ഗുരുദേവന്റെ ക്ഷേത്രസങ്കല്‍പ്പങ്ങളും ആചാരാനുഷ്ഠാനങ്ങളും) 24 ന് സ്വാമിനി നിത്യ ചിന്‍മയി, (കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകി), 25 ന് സ്വാമി മുക്താനന്ദയതി (അന്ധവിശ്വാസ ദൂരീകരണം ഗുരുദേവ ദര്‍ശനത്തിലൂടെ, 26 ന് സ്വാമി ശിവനാരായണ തീര്‍ത്ഥ, 27 ന് സ്വാമി സുരേശ്വരാനന്ദ, (ഗുരുദേവന്റെ ക്ഷേത്രസങ്കല്‍പ്പവും ആചാരാനുഷ്ഠാനവും) തുടങ്ങിയവരും പ്രഭാഷണങ്ങള്‍ നടത്തും. 28 ന് പാരമ്പര്യവൈദ്യ സമ്മേളനം, 29 ന് ഗുരുദേവ ശിഷ്യപ്രശിഷ്യ സമ്മേളനവും ഉണ്ടായിരിക്കും.
ഗുരുപൂജാപ്രസാദം : ശിവഗിരിയില്‍ കാര്‍ഷിക വിളകളും
പലവ്യജ്ഞനങ്ങളും എത്തിക്കാം
ശിവഗിരി : മഹാതീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനായി ശിവഗിരിയിലെത്തിക്കൊണ്ടിരിക്കുന്ന ഭക്തര്‍ക്കായി മൂന്ന് നേരവും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ ഗുരുപൂജാ പ്രസാദം അന്നദാനത്തിനായി നാടിന്റെ നാനാഭാഗത്ത് നിന്നും ഒറ്റയ്‌ക്കും കൂട്ടായും എത്തിച്ചേരുന്നവര്‍ക്ക് തയ്യാറാക്കുന്ന ഭക്ഷണത്തില്‍ തങ്ങളുടെ പുരയിടത്തില്‍ നിന്നുമുള്ള കാര്‍ഷിക വിളകളും പലവ്യജ്ഞനങ്ങളും കൂടി ഉള്‍ക്കൊള്ളിക്കാനുള്ള അവസരമുണ്ട്.
പ്രത്യേക വാഹനങ്ങളിലായി വന്നുചേരുന്ന എസ്.എന്‍.ഡി.പി. യോഗം ശാഖാപ്രവര്‍ത്തകര്‍, കുടുംബയൂണിറ്റംഗങ്ങള്‍, ഗുരുധര്‍മ്മപ്രചരണസഭാ യൂണിറ്റുകള്‍, ഇതര ഗുരുദേവ പ്രസ്ഥാനങ്ങള്‍ എന്നിവര്‍ക്കും ഉല്‍പ്പന്നങ്ങള്‍ കൂടി കരുതാവുന്നതാണ്. ശിവഗിരിയില്‍ ബുക്ക് സ്റ്റാളിന് സമീപം വഴിപാട് കൗണ്ടറിന്റെ മുന്നിലൂടെ ഗുരുപൂജാ മന്ദിരത്തിനടുത്തു ഉല്‍പ്പന്ന സമര്‍പ്പണ മന്ദിരത്തില്‍ ഇവ സമര്‍പ്പിക്കാനാവും.
ഗുരുദേവന്‍ സശരീരനായിരുന്ന കാലത്ത് തന്നെ ഭക്തര്‍ തങ്ങളുടെ പുരയിടത്തിലെ ഉല്‍പ്പന്നങ്ങളുടെ ഒരു പങ്ക് ഗുരു സന്നിധിയില്‍ കാഴ്ച വയ്‌ക്കുകയും എത്തിക്കുന്ന സ്ഥലത്ത് വച്ച് തന്നെ അവ പാകം ചെയ്ത് ഗുരുദേവന് നല്‍കിയ ശേഷം മറ്റുള്ളവരും അനുഭവിക്കുമായിരുന്നു. ഗുരുദേവ സമാധിയ്‌ക്ക് ശേഷവും ഭക്തര്‍ ഈ വിധം പാലിച്ചു പോരുന്നു. തീര്‍ത്ഥാടന കാലത്തും മറ്റ് വേളകളിലും ശിവഗിരിയില്‍ ഉല്‍പ്പന്നങ്ങള്‍ സമര്‍പ്പിക്കുക സാധാരണയാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി കൊല്ലം തുടങ്ങിയ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി വാഹനങ്ങളില്‍ അരിയും മറ്റ് പല വ്യജ്ഞനങ്ങളും കാര്‍ഷിക വിളകളും തീര്‍ത്ഥാടന കാലത്ത് മുടങ്ങാതെ എത്തിച്ചു വരുന്നു. ഉല്‍പ്പന്ന സമര്‍പ്പണ വിവരങ്ങള്‍ക്ക് ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥനുമായി ബന്ധപ്പെടാവുന്നതാണ്. 9447551499.
പ്രതികരിക്കാൻ ഇവിടെ എഴുതുക: