തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി അടുത്ത മാസം നിയമസഭാ സമ്മേളനം തുടരാൻ സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടർച്ചയായാണ് അടുത്ത മാസം സഭ ചേരുക. നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും ഇക്കാര്യം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കില്ലെന്നും ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്റെ തുടർച്ചയായി തന്നെ കണക്കാക്കാം.
തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താനാവില്ല. വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും. സംസ്ഥാന നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചുമുതല്‍ വിളിച്ചു ചേര്‍ക്കനാണ് മന്ത്രിസഭായോഗം ഗവര്‍ണറോടു ശുപാര്‍ശ ചെയ്തിരിക്കുന്നത്. സാധാരണ സഭ ചേരുമ്പോള്‍, സമ്മേളനം അവസാനിപ്പിക്കേണ്ട തീയതി കൂടി കണക്കാക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തെ സമ്മേളനം അവസാനിപ്പിക്കേണ്ട തീയതിയെ കുറിച്ച് തീരുമാനം എടുത്തിട്ടില്ല.
ഗവര്‍ണറുമായി ഇടഞ്ഞുനില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭ തീരുമാനം കൈക്കൊണ്ടു. ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് പഠനച്ചുമതല നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: