ദോഹ: കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്ക് ഫ്രഞ്ച് പടയ്ക്ക് രണ്ട് ചുവട്. അതിനു മുന്നില്‍ ചരിത്രത്തിലേക്ക് കണ്ണെറിഞ്ഞ് മൊറോക്കോ. ലോകകപ്പിലെ രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കള്‍ ഫ്രാന്‍സും ആഫ്രിക്കന്‍ പ്രതീക്ഷയുമായെത്തുന്ന മൊറോക്കോയും മുഖാമുഖമെത്തുമ്പോള്‍ പോരാട്ടം കനക്കും. കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ മാത്രം ടീമാകുക ഫ്രഞ്ച് യോദ്ധാക്കളുടെ ലക്ഷ്യമാകുമ്പോള്‍, ഫൈനലിലെത്തുന്ന യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും പുറത്തുള്ള ആദ്യ ടീമാകുക മൊറോക്കന്‍ വീരന്മാരുടെ മനസിലിരുപ്പ്.
അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് കിക്കോഫ്.
കടലാസില്‍ കരുത്തര്‍ ഫ്രാന്‍സ്. എന്നാല്‍ അത്ര എളുപ്പമാവില്ല മൊറോക്കോയെ കീഴടക്കല്‍. ലോകകപ്പില്‍ കൂടുതല്‍ അട്ടിമറി നടത്തിയവരാണ് മൊറോക്കോക്കാര്‍. ആ ടീമിലെ ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് പ്രീമയര്‍ ലീഗിലും ഇറ്റാലിയന്‍ ലീഗിലും സ്പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും കളിക്കുന്നവരാണ്. ബെല്‍ജിയവും സ്പെയ്ും പോര്‍ച്ചുഗലും അവരുടെ കളിമികവ് നേരിട്ടറിഞ്ഞു. ഈ മൂന്ന് വമ്പന്‍ ടീമുകളെ സെമിയിലേക്കുള്ള കുതിപ്പില്‍ അവര്‍ വീഴ്ത്തി. യാസിന് ബോനു എന്ന സെവിയയുടെ ഗോള്‍ കീപ്പറാണ് അവരുടെ ഏറ്റവും വലിയ കരുത്ത്.
ശക്തമായ പ്രതിരോധവും അവര്‍ക്കുണ്ട്. ഹാകിമി, എല്‍ യാമിക്, നെയ്ഫ് അഗ്യൂര്‍ഡ്, നൊസ്സൈര്‍ മസ്റോയി എന്നിവരാണ് പ്രധാന കരുത്തര്‍. അസ്സെദിനെ ഔനാഹി, സൊഫിയാന്‍ അംറാബത്ത്, സെലിം അമല്ല എന്നിവരടങ്ങുന്നതാണ് മധ്യനിര. ഹകിം സിയെച്ച്, യൂസഫ് എന്‍ നെസ്രി, സൊഫിയാനെ ബൗഫല്‍ എന്നിവര്‍ പ്രധാന സ്ട്രൈക്കര്‍മാര്‍. എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുകയും അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ ഗോളടിക്കുകയും ചെയ്യുക എന്നതാണ് കഴിഞ്ഞ കളികളില്‍ അവര്‍ പുറത്തെടുത്ത തന്ത്രം. 4-3-3 ശൈലിയാകും ഇന്നും അവര്‍ സ്വീകരിക്കുക.
അതേസമയം, അവര്‍ക്ക് എതിരിടാനുള്ളത് കൈലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സിനെ. രണ്ട് ടീമും തമ്മിലുള്ള പ്രധാന വ്യത്യാസവും എംബാപ്പെയുടെ സാന്നിധ്യം. നിലവിലെ ലോകചാമ്പ്യന്മാര് എന്നതു മാത്രമല്ല ഫ്രാന്‍സിന്റെ കരുത്ത്. മധ്യനിരയില്‍ എണ്ണയിട്ടയന്ത്രം കണക്കെ കളി മെനയുന്ന ഗ്രിസ്മാനും സ്ട്രൈക്കര്‍ ഒളിവര്‍ ജിറൂദും ഇറങ്ങുമ്പോള്‍ ഏത് എതിരാളികളും ഭയന്നേ പറ്റൂ. 4-2-3-1 ശൈലിയിലായിരിക്കും ഇന്നും ഫ്രാന്‍സ് ഇറങ്ങുക. ഗോള്‍ വലയ്ക്ക് മുന്നില്‍ ഹ്യൂഗോ ലോറിസ് ഉറപ്പ്. പ്രതിരോധത്തില്‍ കൗണ്ഡെ, വരാനെ, ഉപമെസാനോ, ഹെര്‍ണാണ്ടസ്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ഷൊവാമെനി, റാബിയട്ട്, മധ്യനിരയില്‍ ഡെംബലെ, ഗ്രിസ്മാന്, എംബപ്പെ, സ്ട്രൈക്കറായി ജിറൂദും എത്തുമ്പോള്‍ മൊറോക്കോ പ്രതിരോധം വിറയ്ക്കുമെന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: