സ്വാമി സച്ചിദാനന്ദ
പ്രസിഡന്റ്, ശിവഗിരി മഠം
ശ്രീനാരായണ ഭക്തന്മാരുടെ ആഗ്രഹപ്രകാരവും ശിവഗിരി തീര്‍ത്ഥാടനത്തിന്റെ വൈപുല്യതകൊണ്ടും ഇക്കൊല്ലവും തീര്‍ത്ഥാടനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെയാണ്. ഗുരുദേവ ഭക്തന്മാര്ക്ക് വ്രതാനുഷ്ഠാനത്തോടെ പങ്കുചേരുവാന്‍ ഇതുസഹായകമാണ്. തീര്‍ത്ഥാടകരെ സ്വീകരിക്കുവാന്‍ ശിവഗിരി ഒരുങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 15 മുതല്‍ ഗുരുദേവ കൃതികളേയും തീര്‍ത്ഥാടന ലക്ഷ്യങ്ങളേയും ആസ്പദമാക്കി സംന്യാസിവര്യന്മാരുടെയും ആചാര്യന്മാരുടേയും പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ദിവസവും പ്രഭാതത്തില്‍ ഗുരുദേവന് വിശ്രമിച്ചിരുന്ന പര്‍ണ്ണശാലയില്‍ ശാന്തിഹോമ മഹായജ്ഞവും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ ഗുരുപൂജയും ശാശ്വത മഹാഗുരുപൂജയും നടത്തും.
തീര്‍ത്ഥാടന ലക്ഷ്യങ്ങളായിരിക്കുന്ന എട്ട് കാര്യങ്ങള്‍ ഗുരുദേവന് നാഗമ്പടത്തെ മാവിന്റെ ചുവട്ടില്‍ വച്ച് ഉപദേശിച്ചത്, ശ്രീനാരായണ സമൂഹത്തിനുവേണ്ടി, ലോകത്തിനുവേണ്ടി ഗുരുദേവന് നല്കിയ അന്ത്യസന്ദേശമാണ്. പിന്നീട് ഗുരു കോട്ടയത്തു നിന്നും വൈക്കത്തേയ്ക്ക് എഴുന്നള്ളുകയും പിന്നീട് ശിവഗിരിയില്‍ പോയി വിശ്രമിച്ച് മഹാസമാധി പ്രാപിക്കുകയും ചെയ്തു. സായാഹ്നഗീതോപദേശമെന്നാണ് ഞാനതിന് പേരു നല്‍കിയിട്ടള്ളത്. ഭാഗവതം എടുത്തു പഠിക്കുമ്പോള്‍ ഭഗവാന് കൃഷ്ണന് ജീവിതത്തിന്റെ സായാഹ്നത്തില്‍ ഭഗവാന്റെ പരിനിര്‍വ്വാണത്തിന് മുമ്പ് നല്കുന്ന ഉപദേശമുണ്ട്. കൃഷ്ണന്റെ ഭഗവത്ഗീത നമുക്കറിയാം. കൃഷ്ണന്റെ തന്നെ അനുഗീത നമ്മുക്കറിയാം. ജീവിതത്തിന്റെ അവസാനമായി നല്കുന്ന ഗീതോപദേശമാണ് ഉദ്ധവഗീത. ഉദ്ധവന് നല്കുന്ന ഉപദേശം. അതുപോലെ ശ്രീനാരായണ ഗുരുദേവന് നല്കിയ അന്ത്യസന്ദേശമാണ് തീര്ത്ഥാടസന്ദേശവും ശിവഗിരി തീര്‍ത്ഥാടനവും. യാദവര്‍ തലതല്ലി താറുമാറായി നശിച്ച അനുഭവം ശ്രീനാരായണീയര്‍ക്ക് ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
ഇവിടെ ഗുരുദേവന്റെ സന്നിധാനത്തില്‍ തീര്‍ത്ഥാടനം എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ പാപം പോക്കി പുണ്യം നേടുക എന്നുള്ള പരമ്പരാഗതമായ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു സമ്പ്രദായമാണ് ഗുരുവിന്റെ മുമ്പില്‍ അവതരിപ്പിച്ചതെങ്കില്‍, പാപം പോക്കി പുണ്യം നേടുക എന്നതിനെ ഉള്‍ക്കൊണ്ട് അതിനേയും അതിവര്‍ത്തിച്ചുകൊണ്ട് ഏതിനും ഒരു ലക്ഷ്യം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് ഗുരുദേവന് എട്ടു കാര്യങ്ങള്‍ ഉപദേശിക്കുന്നത്. ഈ എട്ടുകാര്യങ്ങളില്‍ വാസ്തവത്തില്‍ സമൂഹത്തിന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ സമര്‍പ്പിത വളര്‍ച്ചയ്ക്ക് ആവശ്യമായതെല്ലാം അടങ്ങിയിട്ടുണ്ട്. ശ്രീനാരായണ ദര്‍ശനത്തിന്റെ അന്തര്‍ധാര ആത്മീയ ഭൗതിക ദര്‍ശനങ്ങളുടെ സമന്വയമാണ്. ‘ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായച!’. ജീവിതത്തിന്റെ അടിസ്ഥാനപരത ആത്മീയതയാണ്. ആത്മീയതയില്‍ അടിയുറച്ചുനിന്നുള്ള ഭൗതീക പുരോഗതി. ഇതാണ് ഗുരദേവ ദര്‍ശനത്തിന്റെ അന്തര്‍ധാര. ഒരു രാഷ്ട്രത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക്, ഈ എട്ടുകാര്യങ്ങളില്‍ ഗുരുദേവന് ഉള്‍പ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് നമുക്കിവിടെ ശ്രീനാരായണ ഗുരുദേവനെ സമുന്നതനായ രാഷ്ട്രമീമാംസകനായി കാണാന്‍ സാധിക്കും. ഗുരുദേവന് കുമാരനാശാന് നല്കിയ വിശേഷണം, ശിവലിംഗസ്വാമികള്‍ നല്കിയ വിശേഷണം, നാനാലോക അനുരൂപന്‍ എന്നാണ്. സര്‍വ്വ ലോകര്‍ക്കും സര്‍വ്വ ലോകത്തിനും അനുരൂപമായ വ്യക്തി പ്രഭാവം. ഏതൊക്കെ ചിന്താധാരയോടു കൂടിയാണോ ഗുരുദേവനെ സമീപിക്കുന്നത് അവര്‍ക്കെല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമായിരിക്കുന്ന ഒരു ശൈലി, സവിശേഷത ഗുരുദേവനുണ്ടായിരുന്നു. ദാര്ശനികന്മാര്ക്കുപോലും മഹാദാര്ശനികനായിരുന്നിട്ടും ഭൗതികന്മാര്ക്ക് സ്വീകാര്യനായിരിക്കുന്ന സ്വതന്ത്ര ചിന്തയും യുക്തി ചിന്തയുമൊക്കെ ഗുരുവില്‍ അടങ്ങിയിരുന്നു. ഭക്തി ദര്‍ശനത്തേയും കര്‍മ്മ ദര്‍ശനത്തേയും യോഗദര്‍ശനത്തേയും ജ്ഞാന ദര്‍ശനത്തേയും എല്ലാറ്റിനേയും ഗുരുദേവന് ഉള്‍ക്കൊള്ളാന്‍ സാധിച്ചു. ആ തലങ്ങളിലുള്ള ശിഷന്മാരെല്ലാം അവിടത്തേയ്ക്കുണ്ടായി. അങ്ങനെ സര്‍വ്വ ലോകാനുരൂപനായി വിരാജിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ മറ്റൊരു മുഖം കൂടി ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. ശ്രീനാരായണ ഗുരു മഹാനായ രാഷ്ട്രമീംമാസകനായി മാറുന്നു.
ഗുരുനിര്ദ്ദേശിച്ച എട്ടുകാര്യങ്ങള്‍ ചിട്ടയോടുകൂടി ജീവിതത്തില്‍ പകര്‍ത്തണം. അപ്പോഴാണ് വ്യക്തിക്കും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും പ്രയോജനം ഉണ്ടാകുക. അതാണ് തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം. ഈ എട്ട് കാര്യങ്ങള്‍ അറിയേണ്ടതുപോലെ നാം അറിഞ്ഞോ എന്ന് ചിന്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തെക്കുറിച്ച് ഗുരുദേവന് നമുക്ക് സൂക്തം നല്‍കിയത് വിദ്യകൊണ്ട് സ്വതന്ത്രരാകുവിന് എന്നാണ്. അത് ചില ആളുകള്‍ വിദ്യകൊണ്ട് പ്രബുദ്ധരാകുവിന് എന്നാണ് ഗുരുദേവന് പറഞ്ഞതെന്ന് എഴുതി കാണുന്നു. സ്വാതന്ത്ര്യം എന്ന് പറഞ്ഞാലെന്താണ്. പാരതന്ത്ര്യം എന്നു പറഞ്ഞാല്‍ മറ്റുള്ളവരാല്‍ ഭരിക്കപ്പെടുന്നത് എന്നാണര്‍ത്ഥം. ബ്രിട്ടീഷുകാര്‍ രാജ്യം ഭരിച്ചപ്പോള്‍ നാം പാരതന്ത്ര്യത്തിലായിരുന്നു. എന്നാല്‍, അവനവന് അവനവനെത്തന്നെ നിയന്ത്രിക്കുന്നതാണ് സ്വാതന്ത്ര്യം. പക്ഷേ ഇപ്പോള്‍ വളരെ തെറ്റിദ്ധരിച്ചാണ് നാം സ്വാതന്ത്ര്യത്തെ മനസ്സിലാക്കിയിട്ടുള്ളത്. പ്രത്യേകിച്ച് യുവജനതയൊക്കെ ധരിച്ചു വച്ചിരിക്കുന്നത് സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ അടിച്ചു പൊളിച്ചു ജീവിക്കുക എന്നാണ്. ‘സ്വയം ആത്മനിയന്ത്രണം സുഖം, പരതന്ത്രം സുഖമൊക്കെ ദു:ഖമാം’-എന്ന് കുമാരനാശാന് എഴുതിയിട്ടുണ്ട്. തന്നെ തന്നെ സ്വയം നിയന്ത്രിച്ച് തന്റെ മനസ്സിനേയും ഇന്ദ്രിയങ്ങളേയും നിയന്ത്രിച്ച് ആത്മാനുഭൂതിയില്‍ ജീവിക്കുന്നതാണ് വാസ്തവത്തില്‍ പരമമായ സ്വാതന്ത്ര്യ പ്രാപ്തി. സ്വാതന്ത്ര്യമെന്നത് യഥാര്‍ത്ഥമായ ഈശ്വരാനുഭൂതിയാണ്. ഈശ്വരസാക്ഷാത്ക്കാരമാണ്. വിദ്യയെ ഗുരുദേവന് രണ്ടായി തിരിക്കുന്നുണ്ട്. ആത്മോപദേശ ശതകത്തില്‍ സമയെന്നും വിഷമയെന്നും ഗുരുദേവന് രണ്ടായി തിരിക്കുന്നു. നമുക്ക് ഭൗതീകമായി സ്കൂള്‍ കോളജ് തലങ്ങളില്‍ നിന്നും കിട്ടുന്നത് വിഷമ വിദ്യയാണ്. പലവിധമായി അറിയുന്നതാണ്. അനേകമായി അറിയുന്നതാണ്. ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ അടക്കം ഭൗതികമായി നമ്മുക്ക് സ്വര്‍ഗ്ഗപ്രാപ്തി വരെയുള്ള അറിവിനെ ലക്ഷീകരിച്ചുകൊണ്ടുള്ളതെല്ലാം ഭൗതിക വിദ്യയാണ് അതാണ് വിഷമ. ഇനി സമയെന്ന് പറയുന്നത് എന്താണെന്ന് നോക്കാം. എല്ലാത്തിനേയും എല്ലാവിധമായ അറിവുകളേയും ഏകത്വ ബോധത്തിലമര്ന്ന് അറിയുന്നതാണ് സമ. ‘പലവിധമായറിയുന്നതന്യയൊന്നായ് വിലസുവതാംസമ.’
എല്ലാത്തിനേയും ഏകമായി അറിയുന്നത് സമ. അപ്പോള്‍ നാനാത്വത്തോടു കൂടിയ അറിവ് വിഷമയും ഏകത്വത്തോടുകൂടിയ അറിവ് സമയുമാണ്. ആത്മോപദേശശതകത്തില് ഗുരുദേവന് 35 മുതല്‍ 44 വരെയുള്ള ശ്ലോകങ്ങളെ ആസ്പദമാക്കി ഇതിനെ വിവരിച്ചിട്ടുണ്ട്. ഗുരുദേവന്റെ ഈ വിദ്യാഭ്യാസ പ്രക്രിയയെ അടിസ്ഥാനമാക്കിയാണ് സോര്‍ബോണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ശ്രീ നടരാജന് തിസീസ് സമര്‍പ്പിച്ച് ഡോക്ടറേറ്റ് നേടിയത്. പിന്നീട് അദ്ദേഹം നടരാജഗുരുവായി മാറി. അപ്പോള്‍ ആത്മോപദേശ ശതകത്തില്‍ ശ്രീനാരായണ ഗുരുദേവന് വിദ്യാഭ്യാസത്തെപ്പറ്റി നല്‍കിയിരുന്ന വലിയൊരു ചിന്താപദ്ധതിയുടെ അടുത്തെത്തുവാന് ശ്രീനാരായണ ഭക്തന്മാര്ക്ക് ശ്രീനാരായണ സമൂഹത്തിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം.
കൃഷിയിലും കച്ചവടത്തിലും കൈത്തൊഴിലിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ പിന്നിലാണ്. പക്ഷേ നാരായണഗുരു ഈ പതിനഞ്ച് ശ്ലോകങ്ങളിലായി എഴുതിവച്ചിരിക്കുന്ന അറിവിന് തത്തുല്യയായി മറ്റൊന്ന് ലോകത്ത് ഇതുവരേയും താന്‍ കണ്ടിട്ടില്ലായെന്ന് നടരാജഗുരു രേഖപ്പെടുത്തുന്നു. ആ 15 ശ്ലോകങ്ങളെക്കുറിച്ച് ശരിയായി പഠനം നടത്താന്‍ ശ്രീനാരായണ സമൂഹത്തിന് കഴിഞ്ഞിട്ടുണ്ടോ. അപ്പോള്‍ ഗുരുദേവന് പറഞ്ഞ വിദ്യാഭ്യാസം, ആ വിദ്യാഭ്യാസത്തിന്റെ പരിണാമ ഗുപ്തി പരമപ്രയോജനത്തിലെത്താന് മലയാളിക്ക് സാധിച്ചിട്ടില്ല. വിദ്യയുടെ പരമപ്രയോജനം. വിവേകമാണ്. വേര്‍തിരിച്ചറിയുക എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. വിദ്യാഭ്യാസമുള്ള ഒരാളെ സംബന്ധിച്ച് വേര്‍തിരിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. ഗുരുവിന്റെ വിദ്യാഭ്യാസ സങ്കല്പ്പത്തിനടുത്തെത്തുവാന് ഇനിയും നാം ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. തീര്‍ത്ഥാടന സന്ദേശത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ച് മാത്രം ഇവിടെ വിചിന്തനം ചെയ്യുന്നു. ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍ സാങ്കേതിക ശാസ്ത്രവിഷയങ്ങളിലും ശ്രീനാരായണ ഗുരുദേവന്റെ വിവക്ഷയനുസരിച്ച് മുന്നേറുവാന്‍ കേരളീയര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല എന്നതാണ്. ഗുരു ഉപദേശിച്ച ഈശ്വരഭക്തിയുടെ സ്ഥാനത്ത് ഇപ്പോള്‍ നരഭോജികള്‍ അഴിഞ്ഞാടുന്നു. ചാത്തനും യക്ഷിയും പേയും ദൈവങ്ങളായി ഇപ്പോഴും തുടരുന്നു. ദൈവദശകത്തില്‍ പറയുന്ന ദൈവത്തെ അവരറിയില്ല. ഗുരുദേവന്റെ സായാഹ്ന ഗീതോപദേശമായ ഈ അഷ്ടാംഗ വിഷയങ്ങള്‍ മാനവ പുരോഗതിക്കുള്ള മാര്‍ഗ്ഗ രേഖയാണ്. നമ്മുടെ നാടും നഗരവും ഇതൊക്കെ സാധിതമാക്കാന്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്ന് പ്രത്യാശിച്ചു പോകുന്നു. മാനവരുടെ മുന്നേറ്റത്തിനുള്ള മാര്‍ഗ്ഗരേഖയാണ് ശിവഗിരി തീര്‍ത്ഥാടന സന്ദേശമെന്ന് നാമറിയണം.
ശിവഗിരി തീര്‍ത്ഥാടനം കഴിഞ്ഞ തൊണ്ണൂറു വര്‍ഷങ്ങളായി കേരളത്തില്‍ ചെലുത്തിയ സ്വാധീന ശക്തി വാഗാതീതമാണ്. കേരളത്തിലെ സാമൂഹിക സാംസ്കാരിക ആത്മീയ രാഷ്ട്രീയ രംഗങ്ങളിലെ അത്യുന്നതന്മാരൊക്കെയും ശിവഗിരി തീര്‍ത്ഥാടന സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അതുപോലെ തന്നെ ഇന്ത്യയിലെ നിരവധി പ്രസിഡന്റുമാര്‍, പ്രധാന മന്ത്രിമാര്‍, ഗവര്ണറുമാര്, കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, തീര്‍ത്ഥാടന പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഭാരതത്തില്‍ അടുത്ത കാലത്തുണ്ടായിട്ടുള്ള പ്രമുഖരായ ആത്മീയചാര്യന്മാരും ഗുരുവര്യന്മാരും തീര്‍ത്ഥാടന പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഇവിടെ സാദരം കുറിക്കട്ടെ. ഇന്ത്യാ മഹാരാജ്യത്ത് ശിവഗിരി തീര്‍ത്ഥാടനം വിജ്ഞാനദാന യജ്ഞ തീര്‍ത്ഥാടനമായി ചരിത്രത്തില്‍ അനുപമേയമായ പ്രഭയോടെ പ്രകാശിക്കുന്നു. കഴിഞ്ഞ തൊണ്ണൂറ് വര്‍ഷങ്ങളായി മതസൗഹാര്‍ദ്ദം, ശുചിത്വം, ഈശ്വരഭക്തി, സംഘടന തുടങ്ങി ഗുരു ഉപദേശിച്ച എട്ടു ഉപദേശങ്ങളിലൂന്നി നിന്നുകൊണ്ടുള്ള സമ്മേളനങ്ങളുടെ പ്രചോദന ശക്തികൊണ്ട് കേരളത്തിന്് ഏറെ മുന്നേറുവാന്‍ സാധിച്ചിട്ടുണ്ട്. ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതില്‍ ശിവഗിരി തീര്‍ത്ഥാടനവും പ്രേരകശക്തിയായിട്ടുണ്ട്. 90-ാമത് തീര്‍ത്ഥാടനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു. ഗുരുകാരുണ്യവും അറിവും നേടി ഭക്തജനങ്ങള്‍ ധന്യരാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: