തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ ദാക്ഷായണി ബിസ്കറ്റും വില്ക്കാന് പറ്റിയ വ്യവസായ അന്തരീക്ഷമാണുള്ളതെന്ന് വ്യവസായമന്ത്രി പി. രാജീവ്. ലഹരി മാഫിയയുടെ കത്തിയാക്രമണവും ഭീഷണിയും മൂലം 35 ലക്ഷം മുടക്കിയ ബിസിനസ് വിട്ട് കേരളത്തില്‍ നിന്നും ഓടിപ്പോകുമെന്ന് പ്രവാസി ബിസിനസ്കാരന് ജോര്‍ജ്ജ് വര്‍ഗ്ഗീസ്.
എട്ടുമാസത്തിനുള്ളില്‍ കേരളത്തില്‍ പുതിയ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് മിഥുനം സിനിമയിലെ ദാക്ഷായണി ബിസ്കറ്റ് കമ്പനിയെ പരാമര്‍ശിച്ച് മന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പ് പുറത്തുവന്നത്. മിഥുനം സിനിമയില്‍ സേതുമാധവന് എന്ന കഥാപാത്രമായി വന്ന മോഹന്‍ലാലിന് ദാക്ഷായണി ബിസ്കറ്റ് കമ്പനി തുടങ്ങാന്‍ ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ജനവിരുദ്ധമനോഭാവത്തോടെ ചുമതലകള്‍ വഹിച്ച ഉദ്യോഗസ്ഥര്‍ ഇന്നില്ലെന്നും ഇത് സംരംഭകരുടെ കാലമാണെന്നുമാണ് വ്യവസായ മന്ത്രി പി. രാജീവ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ അവകാശപ്പെട്ടത്.
എന്നാല്‍ ഏറ്റുമാനൂരിനടത്തെ ആറുമാനൂരില്‍ ഷാപ്പിലെ റസ്റ്റോറന്റില്‍ ലഹരി മാഫിയ കത്തിയുമായി അഴിഞ്ഞാടിയതിനെ തുടര്‍ന്ന് 35 ലക്ഷം മുടക്കി ആരംഭിച്ച ഷാപ്പൂം റസ്റ്റോറന്റും പൂട്ടി നാടി വിട്ടോടിപ്പോകാന്‍ ഒരുങ്ങുകയാണ് പ്രവാസി വ്യവസായി ജോര്‍ജ്ജ് വര്‍ഗീസ്. മന്ത്രിപറയുന്ന വ്യവസായസംരംഭകന് അനുകൂലമായ അന്തരീക്ഷമല്ല ഏറ്റുമാനൂരിലെ ജോര്‍ജ്ജ് വര്‍ഗീസ് എന്ന പ്രവാസി ബിസിനസ്കാരന് അനുഭവിക്കാനായത്. നാട്ടില്‍ 100-150 പേര്‍ക്ക് ജോലി നല്‍കാമെന്ന സദുദ്ദേശ്യത്തോട് കൂടിയാണ് ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഷാപ്പൂം മൂക്കന്‍സ് മീന്‍ചട്ടി എന്ന റസ്റ്റോറന്റും തുടങ്ങിയത്. 35 ലക്ഷവും മുടക്കി. അയര്‍ലന്റില്‍ കുക്കറി കോഴ്സ് പഠിച്ച ജോര്‍ജ്ജ് വര്‍ഗ്ഗീസ് അവിടുത്തെ കാറ്ററിങ്ങ് ബിസിനസ് നിര്‍ത്തിയാണ് നാട്ടില്‍ ഷാപ്പും ഹോട്ടലും തുടങ്ങിയത്. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള കള്ള്ഷാപ്പില് പരമാവധി വൈവിധ്യമുള്ള കറികള്‍ നല്കി വരികയായിരുന്നു ജോര്‍ജ്ജ് വര്‍ഗ്ഗീസ്. എന്നാല്‍ ഇവിടെ ലഹരിമാഫിയയുടെ നിരന്തര ആക്രമണം നടത്തുകയായിരുന്നു. അവര്‍ ഉപഭോക്താക്കളെ ആക്രമിക്കുന്നു, മര്‍ദ്ദിക്കുന്നു. കടയില്‍ സാധനങ്ങള്‍ തകര്‍ക്കുന്നു. ഒരു ദിവസം സംഘം വന്ന് കത്തി മേശയില്‍ കുത്തിനിര്‍ത്തി ഭീഷണിപ്പെടുത്തുകയും സാധനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതോടെ ഭയമായി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇനിയും ആക്രമണം ഉണ്ടായേക്കുമെന്ന ഭയത്തിലാണ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്. ഹോട്ടലും ഷാപ്പും നില്ക്കുന്ന അതിരമ്പുഴ ലഹരി മാഫിയയുടെ ശല്യം കാരണം സ്ഥലവില പകുതിയായി കുറഞ്ഞ പഞ്ചായത്താണ്. ഇനി കേരളം വിട്ട് വീണ്ടും അയര്‍ലന്റില്‍ പോകാമെന്നാലോചിക്കുകയാണ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: