ന്യൂദൽഹി: അതിർത്തിയിൽ നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം തുരത്തിയോടിച്ചുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിൽ തൽസ്ഥിതി മാറ്റാനുള്ള ശ്രമമാണ് ചൈന നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് പാർലമെൻ്റിൽ പ്രസ്താവന നടത്തുകയായിരുന്നു രാജ്നാഥ് സിംഗ്.
ആക്രമണത്തിൽ ഇരുപക്ഷത്തെയും സൈനികർക്ക് പരിക്കേറ്റു. ഇന്ത്യൻ സൈനികർക്ക് ജീവഹാനിയോ ഗുരുതരമായ പരിക്കുകളോ ഇല്ല. അതിർത്തി കാക്കാൻ സേനാവിഭാഗങ്ങൾ സജ്ജമാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. വീരോചിതമായി ചെറുത്ത് നിൽപ്പ് നടത്തിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഈമാസം 9നാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖ അതിക്രമിച്ച് കടക്കാന്‍ ചൈനീസ് സൈനികർ ശ്രമിച്ചത്. 300ഓളം വരുന്ന ചൈനീസ് പട്ടാളക്കാരെ ഇന്ത്യൻ സൈനികർ തുരത്തിയോടിക്കുകയായിരുന്നു.
ചൈനയുടെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയെന്ന് സൈനിക വൃത്തങ്ങളും അറിയിച്ചിരുന്നു. ആണികൾ തറച്ച മരക്കഷ്ണങ്ങളും ടേസർ തോക്കുകളും കൈയ്യിലേന്തിയാണ് ഇവർ ആക്രമണത്തിനെത്തിയത്. 907 ദിവസം മുന്‍പ് ലഡാക്കിലെ ഗാല്‍വാനില്‍ നടന്ന കയ്യേറ്റത്തിന് സമാനമായ ഒന്നാണ് തവാംഗില്‍ നടന്നത്. 17000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള നീക്കമാണ് ഇന്ത്യൻ സൈനികർ തകർത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: