ന്യൂദല്‍ഹി: നിയമസഭയില്‍ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്.സില്‍വര്‍ലൈന്‍ ഡിപിആറിലെ അപാകതകള്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി കള്ളമെന്ന് കേന്ദ്രമന്ത്രി ദല്‍ഹിയില്‍ പറഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍ തന്നെ പലതവണയായി റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് കത്തുകളയച്ചിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. കത്തുകള്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ വാര്‍ത്താസമ്മേളനം. മുഖ്യമന്ത്രിയോടൊപ്പം ഉള്ള ആളുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ പിണറായി വിജയന് ബോധപൂര്‍വ്വം നിയമസഭയില്‍ കള്ളം പറയുന്നുവെന്നും വി മുരളീധരന് പറഞ്ഞു.പദ്ധതിയുടെ അപ്രായോഗികതയെക്കുറിച്ച്, ഡിപിആര്‍ അപൂര്‍ണമാണ് എന്നതിനെ കുറിച്ച് വിശദീകരണം തേടിക്കൊണ്ടുള്ള കത്തിന്റെ മറുപടി ഇതുവരെ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
കേരളത്തിന്റെ നിയമസഭയെ, ജനതയെതെറ്റിദ്ധരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് മാര്‍കിസിസ്റ്റ് പാര്‍ട്ടിയും മുഖ്യന്ത്രിയും കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഏത് തെറ്റിദ്ധാരണയും പരത്തി വോട്ട് നേടുക എന്നത് മാത്രമാണ് സിപിഎം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഈ തരത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിനുള്ള നോട്ടീസ് നല്കാന് തന്റേടം കാണിക്കണം.സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും വി മുരളീധരന് പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ പച്ചക്കള്ളം പരത്തുന്ന രാഷ്ട്രീയത്തിന് ജനം തന്നെ മറുപടി പറയുമെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലതെന്നും മന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: