തിരുവനന്തപുരം: മഴ, ഹര്‍ത്താല്‍ എന്നിവയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതുവേ അവധി പ്രഖ്യാപിക്കാറുണ്ടെങ്കിലും സംസ്ഥാനത്ത് പുതിയ അവധി പ്രഖ്യാപനവും വന്നിരിക്കുന്നു. തെരുവുനായ ശല്യത്തെത്തുടര്‍ന്നാണ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ റഗുലര്‍ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പേവിഷബാധ സംശയിക്കുന്ന നായ ക്യാംപസിലെ നായകളെ കടിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് പേവിഷബാധ സംശയിക്കുന്ന നായ്ക്കളുടെ സാന്നിധ്യമുള്ളതായി സെക്യൂരിറ്റി ജീവനക്കാരന് റിപ്പോര്‍ട്ട് ചെയ്തത്.
അതുകൊണ്ടാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റും സുരക്ഷ കണക്കിലെടുത്ത് ഇന്ന് അവധി പ്രഖ്യാപിച്ചത്. നായ്ക്കളെ ക്യാംപസില്‍ വന്ന് പിടിച്ചുകൊണ്ടു പോവുകയും വന്ധ്യംകരിക്കുകയോ വാക്സിനേറ്റ് ചെയ്യുകയോ ചെയ്ത് തിരിച്ചു വിടുകയുമായിരുന്നു മുന്‍പത്തെ രീതി. തെരുവുനായ ശല്യത്തിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് കോളജ് അധികൃതര്‍ ആവശ്യപ്പെടുന്നത്.5500ലേറെ കുട്ടികള്‍ പഠിക്കുന്ന ക്യാംപസില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അവധി പ്രഖ്യാപിച്ചതിനു പിന്നാലെ കോളജിലെത്തി നായകളെ പിടിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: