ദോഹ: ആദ്യം മെസി… പിന്നെ, മാര്‍ട്ടിനസ്… നീലപ്പടയുടെ ആഘോഷരാവിനൊരു നിറച്ചാര്‍ത്ത്. അവസാനം വരെ പോരാടിയ ഡച്ച് യോദ്ധാക്കളെ ഒരു ഗോളിന് വഴിയൊരുക്കിയും രണ്ടാമത്തേത് അടിച്ചും ആദ്യം ലയണല്‍ മെസിയും ഷൂട്ടൗട്ടില്‍ രണ്ട് കിക്ക് തടുത്തിട്ട് എമിലിയാനൊ മാര്‍ട്ടിനസും കണ്ണീരിലാഴ്‌ത്തി.
ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ പുലര്‍ച്ചെ സമാപിച്ച നെതര്‍ലന്‍ഡ്സ്-അര്‍ജന്റീന ആവേശക്കളിക്കൊടുവിലാണ് 4-3ന്റെ വിജയവുമായി മെസിപ്പട സെമിയിലേക്ക് കുതിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും 2-2 സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സ് ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ ഡിക്, സ്റ്റീവന്‍ ബെര്‍ഗ്യൂസ് എന്നിവരുടെ കിക്കുകള്‍ ഉജ്ജ്വലമായി പറന്ന് തടഞ്ഞിട്ട ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ വിജയശില്‍പ്പി. അര്‍ജന്റീനയ്‌ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരേഡസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. എന്‍സോ ഫെര്‍ണാണ്ടസിന്റെ കിക്ക് പുറത്തുപോയി. നെതര്‍ലന്‍ഡ്സിന്റെ കൂപ്മെയ്നേഴ്സ്, വൗട്ട് വെഗ്ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവര്‍ക്ക് മാത്രമാണ് പിഴക്കാതിരുന്നത്. 13ന് ഇതേ വേദിയില്‍ നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും.
2014-ല്‍ ഫൈനലില്‍ കടന്ന അര്‍ജന്റീന കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. അതേസമയം, ഡച്ച് പടയ്‌ക്ക് ലോകകപ്പില്‍ നിന്ന് കണ്ണീരോടെ മടങ്ങാനായി വിധി.
രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം അവസാന 18 മിനിറ്റിനിടെ രണ്ടും തിരിച്ചുകൊടുത്താണ് നെതര്‍ലന്‍ഡ്സ് നിശ്ചിത സമയത്ത് സമനില പിടിച്ചത്. തുടര്‍ന്ന് അധിക സമയത്തേക്ക് കളി നീങ്ങിയെങ്കിലും ആര്‍ക്കും വിജയഗോള്‍ കണ്ടെത്താനായില്ല. അര്‍ജന്റീനയ്‌ക്കെതിരെ കൂടുതല്‍ പ്രതിരോധത്തില്‍ ഊന്നിക്കളിച്ചതും നെതര്‍ലന്‍ഡ്സിന് തിരിച്ചടിയായി. രണ്ട് ഗോള്‍ വീണശേഷമാണ് നെതര്‍ലന്‍ഡ്സ് മൈതാനത്ത് ഓറഞ്ച് പടയായി മാറിയത്. അതിനുശേഷം അവര്‍ പുറത്തെടുത്ത കളി ഉജ്ജ്വലമായിരുന്നു. ഈ കളി നേരത്തെ കളിച്ചിരുന്നെങ്കില്‍ എന്ന് ഡച്ച് ആരാധകര്‍ ചിന്തിച്ചുപോയാല്‍ തെറ്റുപറയാനാവില്ല.
കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് നെതര്‍ലന്‍ഡ്സ് സമനില ഗോള്‍ നേടിയത്. 35-ാം മിനിറ്റില്‍ അര്‍ജന്റീനയ്‌ക്കായി നഹുവേല്‍ മൊളീന, 73-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സി എന്നിവരാണ് ലക്ഷ്യം കണ്ടത്. നെതര്‍ലന്‍ഡ്സിനായി പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗ്‌ഹോസ്റ്റാണ് രണ്ട് ഗോളും നേടിയത്. 83, 90+11 മിനിറ്റുകളിലായിരുന്നു വെഗ്ഹോസ്റ്റിന്റെ ഗോളുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: