ചാത്തന്നൂര്‍: സെല്‍ഫി എടുക്കുന്നതിനിടെ വധൂവരന്മാര്ക്ക് പാറകുളത്തില്‍ വീണ് പരിക്കേറ്റു. പരവൂര്‍ കൂനയില്‍ അശ്വതി കൃഷ്ണയില്‍ വിനു കൃഷ്ണന്, കല്ലുവാതുക്കല്‍ ശ്രീരാമപുരം അറപ്പുര വീട്ടില്‍ സാന്ദ്ര എസ്.കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല് തെറ്റി പറകുളത്തില്‍ വീണാണ് അപകടം ഉണ്ടായത്.
പാരിപ്പള്ളി വേളമാനൂര്‍ കാട്ടുപുറം പാറക്വാറിയിലെ പാറ എടുത്തു ഉണ്ടായ കുളത്തില്‍ വീണ് ആണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ചയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്നലെ ഇരുവരും ക്ഷേത്രദര്‍ശനത്തിനായി വിവിധ ക്ഷേത്രങ്ങളില്‍പോയി. ഇതിന്റെ ഭാഗമായാണ് വേളമാനൂര്‍ കാട്ടുപ്പുറത്തിന് സമീപമുള്ള ക്ഷേത്രദര്‍ശനത്തിന് ഇരുവരും എത്തിയത് ക്ഷേത്രദര്‍ശനത്തിന് ശേഷം ഇരുവരും സമീപത്തെ പാറക്വാറിയും കുളവും കാണാന്‍ എത്തുകയായിരുന്നു. നാട്ടുകാരാണ് ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്നതിനെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: