ഒരു രാത്രി കൊണ്ട് ലോക ഫുട്‌ബോളില്‍ ഒരു പൊന്‍താരകം പിറന്നു… പറങ്കിപ്പടയുടെ ജാതകം മാറ്റിയെഴുതിയ ഗൊണ്‍സാലോ റാമോസ്… പോര്‍ച്ചുഗലിന്റെ ഇരുപത്തിയൊന്നുകാരന്‍ മുന്നേറ്റനിരക്കാരന്‍. ഖത്തറിലെ ആദ്യ ഹാട്രിക്കുമായാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരം കഴിഞ്ഞപ്പോള്‍ റാമോസ് തിരിച്ചു കയറിയത്.
ക്രിസ്റ്റ്യാനൊയെ ബെഞ്ചിലിരുത്തി ആദ്യ ഇലവനില്‍ ഇറക്കിയ ഈ ഇരുപത്തിയൊന്നുകാരന്‍ എന്തദ്ഭുതമാണ് കാഴ്ചവയ്‌ക്കുകയെന്ന ആകാംക്ഷയ്‌ക്ക് മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രം. പതിനേഴാം മിനിറ്റില്‍ ആദ്യ ഗോളടിച്ച റാമോസിലെ പ്രതിഭയുടെ വിളയാട്ടം 51, 67 മിനിറ്റുകളിലും ലോകം കണ്ടു. പോര്‍ച്ചുഗലിന് വേണ്ടി നാലാമത്തെ മത്സരം മാത്രം കളിച്ച റാമോസിന്റെ ആദ്യ ഹാട്രിക്കായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിനെതിരെ. അതും ലോകകപ്പില്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ച മത്സരത്തില്‍ തന്നെ. 2002-ലോകകപ്പില്‍ മിറോസ്ലാവ് ക്ലോസേയ്‌ക്ക് ശേഷം ആ നേട്ടം കൈവരിക്കുന്ന താരവുമായി.
ഇതിഹാസ താരം പെലെയ്‌ക്കു ശേഷം ലോകകപ്പ് നോക്കൗട്ടില്‍ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ വ്യക്തി, നോക്കൗട്ടില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ പോര്‍ച്ചുഗീസ് താരം എന്നീ നേട്ടങ്ങളും റാമോസിനു സ്വന്തം. ഗോള്‍ നേടുമ്പോള്‍ താരത്തിന്റെ പ്രായം 21 വര്‍ഷവും 169 ദിവസവും. 1990ല്‍ തോമസ് സകുഹ്‌റാവിക്ക് ശേഷം നോക്കൗട്ട് ഘട്ടത്തില്‍ ഹാട്രിക്ക് തികയ്‌ക്കുന്ന താരമായ റാമോസ്, നോക്കൗട്ടില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ പോര്‍ച്ചുഗീസുകാരനുമായി. ഇതിഹാസതാരം യുസേബിയോയാണ് ഈ നേട്ടം കൈവരിച്ചത്. 1966ലെ ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വടക്കന്‍ കൊറിയക്കെതിരെയാണ് യൂസേബിയോ നാല് ഗോളടിച്ചത്.
പോര്‍ച്ചുഗീസ് ക്ലബ് ബെനഫിക്കയിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ റാമോസ്, 18-ാം വയസ്സില്‍ ബെനഫിക്കയുടെ ബി ടീമില്‍ ഇടം നേടി. അടുത്ത വര്‍ഷം പോര്‍ച്ചുഗീസ് പ്രീമിയര്‍ ലീഗില്‍ ബെനഫിക്കയ്‌ക്കായി കളിച്ചു തുടങ്ങി. ബെനഫിക്കയ്‌ക്കുവേണ്ടി 45 കളികളില്‍ നിന്ന് 20 ഗോളും അടിച്ചു. 2017-ല്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 17 ടീമില്‍ ഇടംനേടിയ റാമോസ് പിന്നീട് അണ്ടര്‍ 18, 19, 20, 21 ടീമുകളിലും കളിച്ചു. 2022 സപ്തംബര്‍ 20നാണ് റാമോസിനെ ആദ്യമായി സീനിയര്‍ ടീമിലേക്ക് വിളിക്കുന്നത്. അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച റാഫ സില്‍വക്ക് പകരക്കാരനായിട്ടായിരുന്നു വരവ്. കഴിഞ്ഞ മാസം 17ന് നൈജീരിയയ്‌ക്കെതിരായ കളിയില്‍ പകരക്കാരനായാണ് ആദ്യമായി റാമോസ് പോര്‍ച്ചുഗല്‍ ജഴ്സിയണഞ്ഞു. ഈ കളിയില്‍ ഒരു ഗോളടിക്കാനും ഒന്നിന് വഴിയൊരുക്കാനും കഴിഞ്ഞു.
ലോകകപ്പില്‍ ഘാനയ്‌ക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിന്റെ 88-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പകരക്കാരനായാണ് റാമോസ് കളിക്കാനിറങ്ങിയത്. പിന്നീട് ഉറുഗ്വെയ്‌ക്കെതിരായ കളിയിലും റൊണാള്‍ഡോയ്‌ക്ക് പകരക്കാരനായി 82-ാം മിനിറ്റില്‍ ഇറങ്ങി. എന്നാല്‍ കൊറിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ റാമോസിന് അവസരം ലഭിച്ചില്ല. പിന്നീടാണ് സ്വിറ്റ്സലന്‍ഡിനെതിരെ ആദ്യ ഇലവനില്‍ ഇടം നേടിയത്. ഇതുവരെ പോര്‍ച്ചുഗല്‍ ജഴ്സിയില്‍ നാല് കളികളില്‍ നിന്ന് നാല് ഗോളും കുറിച്ചു ഗൊണ്‍സാലോ റാമോസ് എന്ന പുതിയ സൂപ്പര്‍ സ്റ്റാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: