തിരുവനന്തപുരം: ഗവേഷണപ്രവര്‍ത്തനങ്ങളും അധ്യാപന പരിചയവും അക്കാദമിക് യോഗ്യതയും ഉള്ളവരെ പിന്തള്ളി കുസാറ്റില്‍ പ്രൊഫസര്‍ നിയമനത്തില്‍ അര്‍ഹതയില്ലാത്തവരെ ഒന്നാം റാങ്കിലെത്തിക്കാന്‍ ശ്രമം. പ്രിയാ വര്ഗ്ഗീസിന്റേതടക്കം ഉന്നത വിദ്യാഭ്യാസരംഗത്തെ ഒട്ടേറെ അഴിമതി നിയമനങ്ങളെ വെളിച്ചത്തുകൊണ്ടുവന്ന സേവ് യൂണിവേഴ്സിറ്റി കാമ്പയിനാണ് ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്.
കുസാറ്റിലെ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സ്റ്റഡീസില്‍ പ്രൊഫസറായാണ് ഡോ. ഉഷ കെ. അരവിന്ദിനെ നിയമിച്ചത്. എംജി യൂണിവേഴ്സിറ്റിയിലെ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ് കുമാറിന്റെ ഭാര്യ കൂടിയാണ് ഡോ.കെ. ഉഷ. ഇവര്‍ക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ പിവിസി ഡോ. സി.ടി. അരവിന്ദ് കുമാര്‍ ഒപ്പിട്ട് നല്കിയ സര്‍ട്ടിഫിക്കറ്റ് മറയാക്കി ഭാര്യ ഉഷയ്ക്ക് കുസാറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഒന്നാം റാങ്ക് നല്കാന് തീരുമാനിച്ചു എന്നാണ് ആരോപണം. ഇതിന്റെ രേഖകളും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റിയുടെ ആര്‍എസ്. ശശികുമാറും ഷാജര്‍ഖാനും പുറത്തുവിട്ടു.
അഭിമുഖത്തില്‍ ഉഷയ്ക്ക് 20ല്‍ 19 മാര്‍ക്ക് നല്കി. ഏറ്റവും കൂടുതല്‍ അക്കാദമിക് യോഗ്യതയുള്ള ഡോ. സോണി സി.ജോര്‍ജ്ജിന് അഭിമുഖത്തില്‍ നല്‍കിയത് അഞ്ച് മാര്‍ക്ക് മാത്രം. കുസാറ്റില്‍ പരിസ്ഥിതി പഠന വകുപ്പില്‍ 21 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അസോസിയേറ്റ് പ്രൊഫസര്‍ ഡോ.വി. ശിവാനന്ദന് ആചരിയെയും ഇന്റര്‍വ്യൂവില്‍ കുറഞ്ഞ മാര്‍ക്ക് തള്ളി പിന്തള്ളി.
അഭിമുഖത്തിന് പരമാവധി 70 ശതമാനം മാര്‍ക്കേ നല്‍കാവൂ എന്ന് കുസാറ്റില്‍ വ്യവസ്ഥയുണ്ട്. അങ്ങിനെയെങ്കില്‍ 20ല്‍ 14 മാര്‍ക്കേ നല്‍കാവൂ എന്നിരിക്കെയാണ് 20ല്‍ 19 മാര്‍ക്ക് ഉഷയ്ക്ക് നല്‍കിയതെന്നും ആരോപണമുണ്ട്. കുസാറ്റ് വിസി ഡോ. കെ.എന്‍. മധുസൂദനന് അധ്യക്ഷന്‍ ആയ തിരഞ്ഞെടുപ്പ് സമിതിയാണ് ഉഷയ്ക്ക് ഒന്നാം റാങ്ക് നല്‍കിയത്. ഭര്‍ത്താവായ ഡോ. സി.ടി. അരവിന്ദ് കുമാറുമായി യോജിച്ച് പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധങ്ങള്‍ വിലയിരുത്തിയാണ് മുഴുവന്‍ മാര്‍ക്കും നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: