ന്യൂദല്‍ഹി: ബഹിരാകാശ സംബന്ധിയായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ബാധകവും, സമഗ്രവും വ്യക്തമായി നിര്‍വചിക്കപ്പെട്ടതുമായ ഒരു നയത്തിലൂടെ, രാജ്യത്തെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്വസനീയവും പുരോഗമനപരവും പ്രാപ്തിയുള്ളതുമായ ഒരു നിയന്ത്രണ സംവിധാനം സ്ഥാപിക്കാനുള്ള പ്രക്രിയയിലാണ് ബഹിരാകാശ വകുപ്പെന്ന് കേന്ദ്ര ആണവോര്‍ജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ബഹിരാകാശ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന് (എന്‍എസ്ഐഎല്‍) ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ വാണിജ്യാധിഷ്ഠിത സമീപനം സ്വീകരിക്കാനാകുമെന്നും, വിക്രം-എസ് റോക്കറ്റ് വിക്ഷേപണം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ലോക്സഭയുടെ മേശപ്പുറത്ത് വെച്ച പ്രസ്താവനയില്‍ ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.
ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയില് രാജ്യത്തിന്റെ പങ്ക് വിപുലീകരിക്കുന്നതിനും മുന്‍നിര ബഹിരാകാശ ശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനും ഈ സംരംഭങ്ങള്‍ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദിലെ സ്കൈറൂട്ട് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് ‘വിക്രം-എസ്’ 2022 നവംബര്‍ 18 ന് വിക്ഷേപിച്ചതായി ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു. സ്വകാര്യ ബഹിരാകാശ സാങ്കേതിക നിക്ഷേപത്തെ നടപടി പ്രോത്സാഹിപ്പിക്കുമെന്നും ചെറു ഉപഗ്രഹ വിക്ഷേപണ ശേഷി വികസിപ്പിക്കുന്നതിന് ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണിതെന്നും മന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിതര സ്ഥാപനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങളും സാങ്കേതിക വൈദഗ്ധ്യവും പങ്കുവയ്ക്കുന്നതിനുള്ള ഏകജാലക ഏജന്‍സിയായി ഇന്‍സ്പേസ് (ഇന്‍-സ്പേസ്) പ്രവര്‍ത്തിക്കുന്നതായി ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: