ഷാജന് സി. മാത്യു
കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു കളമൊരുക്കി സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു. എറണാകുളം രാജഗിരി, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജുകള്‍ക്കാണ് സ്വകാര്യ സര്‍വകലാശാലാ പദവി നല്‍കുന്നത്. മുഖ്യമന്ത്രി തലത്തില്‍ തീരുമാനമായെന്നും ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകുമെന്നുമറിയുന്നു.
യുജിസിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സാമ്പത്തിക പിന്തുണ ഇല്ലാതാകുകയും ചെലവിനുള്ള സ്രോതസ്സ് സ്ഥാപനം സ്വയം കണ്ടെത്തുകയും വേണം. വിദ്യാര്‍ഥികളുടെ ഫീസ് കുത്തനെ വര്ധിപ്പിക്കുന്നതിലൂടെയാകും സ്ഥാപനങ്ങള്‍ ഇതു കണ്ടെത്തുക. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറാന് തുടങ്ങുന്നതിന്റെ ആദ്യപടിയായാണ് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത്.
സിലബസ്, അധ്യാപക-അനധ്യാപക നിയമനം, പരീക്ഷ, മൂല്യനിര്‍ണയം തുടങ്ങി സര്‍ട്ടിഫിക്കറ്റ് നല്കല് വരെ ഉന്നത വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളിലും ഈ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രാധികാരം ലഭിക്കും.
ഓട്ടോണമസ് കോളജുകള്‍ക്ക് യൂണിവേഴ്സിറ്റി സിലബസില്‍നിന്ന് 20 ശതമാനം വരെ വ്യതിചലനത്തിനേ സ്വാതന്ത്ര്യമുള്ളൂ. മൂല്യനിര്‍ണയത്തിലും സര്‍വകലാശാലാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അധ്യാപക-അനധ്യാപക നിയമനങ്ങളിലും യൂണിവേഴ്സിറ്റി അംഗീകാരം വേണം. എന്നാല്‍ സ്വകാര്യ സര്വകലാശാലകളാകുന്നതോടെ ഈ നിയന്ത്രണങ്ങളില്‍ നിന്നെല്ലാം മുക്തമാകും. സര്‍ക്കാര്‍ നിയന്ത്രിത സര്‍വകലാശാലകളെപ്പോലെ, മറ്റു കോളജുകളെ അഫിലിയേറ്റ് ചെയ്യാനുള്ള അധികാരം പ്രൈവറ്റ് യൂണിവേഴ്സിറ്റികള്ക്കുണ്ടാകില്ല.
1955ല്‍ ആരംഭിച്ച രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് രാജ്യത്തെ 28-ാം സ്ഥാനത്തുള്ള കോളജാണ്. 1949ല്‍ ആരംഭിച്ച മാര്‍ ഇവാനിയോസ് രാജ്യത്ത് 44-ാം സ്ഥാനത്തും.
സ്വകാര്യ സര്‍വകലാശാലകള്‍ക്കായി സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങളും അപേക്ഷിച്ചിരുന്നെങ്കിലും മാര്‍ ഇവാനിയോസിനും രാജഗിരിക്കും മാത്രമേ യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകളുള്ളൂ എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചിരിക്കുന്ന കമ്മിറ്റി കണ്ടെത്തിയത്.
നിലവില്‍ അമൃത വിശ്വ വിദ്യാപീഠം (കോയമ്പത്തൂര്‍), ജെയിന് യൂണിവേഴ്സിറ്റി (ബെംഗളൂരു), ക്രൈസ്റ്റ് യൂണിവേഴ്സിറ്റി (ബെംഗളൂരു) എന്നീ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തു കാമ്പസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: