Categories: Article

പത്രധര്‍മ്മം സത്യാന്വേഷണമാണ്

ജന്മഭൂമി ഓഫീസില്‍ നല്കിയ സ്വീകരണത്തിന് മറുപടിയായി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം

ഡോ.സി.വി. ആനന്ദബോസ്

ബംഗാള്‍ ഗവര്‍ണര്‍

അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് ഞാന്‍ ജന്മഭൂമിയിലാണ്. എന്റെ ജന്മഭൂമിയായ കേരളം. കേരളത്തിന്റെ സത്യസന്ധതയുടെ പത്രം ജന്മഭൂമി. സ്വര്‍ണത്തിന് സുഗന്ധം വച്ചതുപോലെയാണ് ഈ രണ്ടു ജന്മഭൂമിയുടേയും ശക്തിമണ്ഡലത്തില്‍ നില്‍ക്കാന്‍ കഴിയുന്നത്. പത്രപ്രവര്‍ത്തനം പലര്‍ക്കും, വിശേഷിച്ച് പൊതുജീവിതത്തിലുള്ളവര്‍ക്ക് അലോസരങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പത്രങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സത്യസന്ധതയാണ്. പക്ഷേ, പത്രം സത്യം വിളമ്പുമ്പോള്‍ അത് പലരേയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഒരിക്കല്‍ ഒരു രാഷ്‌ട്രീയ നേതാവ് പത്രം ഓഫീസിലേക്ക് വിളിച്ച് പത്രാധിപരെ ഭീഷണിപ്പെടുത്തി, ‘നിങ്ങളിങ്ങനെ എല്ലാദിവസവും എനിക്കെതിരെ നുണ എഴുതിയാല്‍ ഞാന്‍ ഒരു പാഠം പഠിപ്പിക്കും’. പത്രാധിപര്‍ ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു, ‘നിങ്ങള്‍ എന്നോട് ഇങ്ങനെ പറഞ്ഞാല്‍ ഇനി മേലാല്‍ ഞാന്‍ സത്യം മാത്രമേ എഴുതൂ. അപ്പോള്‍ രാഷ്‌ട്രീയ നേതാവ് പറഞ്ഞു, ‘അത് ചെയ്യരുതേ’ എന്ന്.

പത്രങ്ങള്‍ സത്യാന്വേഷകരാണ്. പത്രങ്ങള്‍ ചെയ്യുന്നത് സത്യത്തെ സത്യമായി എഴുതുക എന്നുള്ളതാണ്. ആഫ്രിക്കക്കാര്‍ക്കിടയില്‍ ഒരു നാടോടി കഥയുണ്ട്. സത്യവും അസത്യവും കൂടപ്പിറപ്പുകളാണ്. ഒരിക്കല്‍ അസത്യം സത്യത്തോട് പറഞ്ഞൂ, നമുക്ക് ഈ നദിയൊന്ന് നീന്തിക്കടക്കാം. സത്യം സമ്മതിച്ചു. വസത്രങ്ങള്‍ മാറ്റി സത്യം ആറ്റിലേക്ക് എടുത്തുചാടി. ആ തക്കം നോക്കി സത്യത്തിന്റെ ഉടയാടകള്‍ അണിഞ്ഞ് സത്യം ആണെന്ന ഭാവത്തില്‍ അസത്യം പട്ടണത്തിലേക്ക് പോയി. പട്ടണവാസികള്‍ അസത്യത്തെ സത്യം ആണെന്ന് കരുതി രണ്ട് കൈയും നീട്ടി സ്വീകരിച്ചു, ഘോഷയാത്രയായി കൊണ്ടുപോയി. അപ്പോഴാണ് സത്യം നീന്തല്‍ കഴിഞ്ഞ് തിരിച്ചെത്തുന്നത്. കരയില്‍ സത്യത്തിന്റെ വസ്ത്രങ്ങള്‍ ഇല്ല. ആകെയുള്ളത് അസത്യത്തിന്റെ വസ്ത്രം. അത് ഏതായാലും വേണ്ട. സത്യം വസ്ത്രം ഇല്ലാതെ പട്ടണത്തിലേക്ക് നടന്നു. നഗ്ന സത്യത്തെ ആളുകള്‍ കൂക്കിവിളിച്ചു. സത്യത്തിന്റെ ഉടയാടകളിട്ട അസത്യത്തെ സത്യം എന്ന് കരുതി പ്രകീര്‍ത്തിച്ചു. ഒടുവില്‍ അവര്‍ക്ക് കാര്യം മനസ്സിലായി. ഇപ്പോള്‍  സത്യത്തിന്റെ ഉടയാടകളിട്ട് വരുന്ന അസത്യത്തെയാണ് പലപ്പോഴും നാം കാണുന്നത്. അവിടെയാണ് ജന്മഭൂമി വ്യത്യാസപ്പെട്ടിരിക്കുന്നത്. ജന്മഭൂമി നഗ്നമാണ്, നഗ്നസത്യമാണ്. ഇതിലാവണം നമ്മുടെ പ്രതീക്ഷ.  

ശബരിമല എന്ന മലയുണ്ട്, ശബരി എന്നൊരു ഈശ്വരനുണ്ട് എന്ന് മനസ്സിലാക്കിയത് ജന്മഭൂമി വായിക്കുമ്പോഴാണ്. ഈശ്വരന്‍ അറസ്റ്റില്‍, ഭഗവാന് എന്തിന് പാറാവ് എന്നൊക്കെ കരുതിയിരുന്ന സമയത്ത് ഈശ്വരനുണ്ട് എന്ന് നമ്മെ ബോധ്യപ്പെടുത്തിയത് ജന്മഭൂമിയും ജനവുമാണ്. എന്താണ് ജന്മഭൂമി ചെയ്യുന്നത് എന്ന് ചോദിച്ചാല്‍, കൈലാസത്തില്‍ നടന്ന ഒരു രംഗം ആണ് ഓര്‍മ വരുന്നത്. പരമേശ്വരന്‍ എന്ന മഹാദേവനെ രക്താസുരന്‍ വെല്ലുവിളിക്കുകയാണ്. മാത്രമല്ല, പാര്‍വ്വതീ ദേവിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയാണ്. പാര്‍വതീ ദേവിക്ക് മനസ്സിലാകുന്നില്ല, എന്താണ് തന്റെ പതി, സംരക്ഷിക്കാനും ശിക്ഷിക്കാനും, നശിപ്പിക്കാനുമെല്ലാം കഴിവുള്ള ശക്തനായ പതി എന്തേ അസുരന് മുന്നില്‍ മൗനം പാലിക്കുന്നു. പെട്ടന്ന് ദേവി തന്റെ ഉള്ളിലേക്ക് നോക്കി. ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീ ശക്തി വെളിയില്‍ വരുന്നു. മാതാവ് കാളീ രൂപം പ്രാപിക്കുന്നു. രക്താസുരനെ താഡനം ചെയ്യുന്നു. രക്താസുരന്റെ താഴെ വീഴുന്ന ഓരോ തുള്ളി രക്തത്തില്‍ നിന്നും മറ്റൊരു രക്താസുരന്‍ ജനിക്കുന്നു. അതാണ് അസുരന് കിട്ടിയ വരദാനം. അപ്പോള്‍, അമ്മ രക്താസുരന്റെ രക്തം കുടിക്കുന്ന രക്തകാളിയായി. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ഉള്ളിലുള്ള ആന്തരിക ശക്തി പുറത്തു വന്നപ്പോള്‍, ഈരേഴ് പതിനാല് ലോകവും നശിപ്പിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ പതിയായ പരമേശ്വരന്‍ കാളിയുടെ മുന്നില്‍ കിടന്നു. അപ്പോള്‍ ഉള്‍വിളിയുണ്ടായി, സ്വന്തം പതിയുടെ നെഞ്ചില്‍ കാല്‍വയ്‌ക്കാന്‍ പാടില്ല എന്ന്.  അമ്മ വീണ്ടും ശാന്ത ഭാവത്തിലേക്ക് വന്നു.  

നമ്മുടെയെല്ലാം ഉള്ളില്‍ ഒരു ആന്തരിക ശക്തിയുണ്ട്, ഒരു കാളിയുണ്ട്. അത് പുറത്തെടുക്കുകയാണ് വേണ്ടത്. നമ്മുടെ ദേശീയത, സംരക്ഷിക്കപ്പെടണം എന്നുണ്ടെങ്കില്‍, ഭാരതം സംരക്ഷിക്കപ്പെടണം എന്നുണ്ടെങ്കില്‍, സത്യം സംരക്ഷിക്കപ്പെടണമെന്നുണ്ടെങ്കില്‍, സമൂഹത്തില്‍ മാറ്റം വരണമെന്നുണ്ടെങ്കില്‍ ഈ ആന്തരിക ശക്തിയെ വെളിയില്‍ കൊണ്ടുവരാന്‍ കഴിയണം. അതാണ് ജന്മഭൂമി ചെയ്യുന്നത്. എല്ലാദിവസവും രാവിലെ അച്ചടിച്ച് വരുന്ന വാക്കുകള്‍ അല്ല, ആ വാക്കുകള്‍ക്ക് ഉള്ളിലും അര്‍ത്ഥമുണ്ട്. വാക്കും അര്‍ത്ഥങ്ങളും തമ്മില്‍ ബന്ധമുണ്ട്. അര്‍ത്ഥമില്ലെങ്കില്‍ വാക്കില്ല. വാക്കില്ലെങ്കില്‍ അര്‍ത്ഥവുമില്ല. അതുപോലെ ദേശീയതയില്ലെങ്കില്‍ നാം ഇല്ല.  

വസുധൈവ കുടുംബകം എന്ന ദര്‍ശനം നല്‍കിയ നാടാണ് നമ്മുടെ ഭാരതം. ഈ രാജ്യത്തിന്റെ ഉള്ളിലെ ശക്തിയെ വെളിയില്‍ കൊണ്ടുവരാന്‍, വാക്കുകള്‍ക്കുള്ളിലെ അര്‍ത്ഥത്തിന് കഴിയും. വാക്കുകള്‍കൊണ്ട് ലോകത്തെ മാറ്റുവാന്‍ കഴിയും. അതാണ് ജന്മഭൂമി ചെയ്യുന്നത്. നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍, ദേശീയതയെ ഊട്ടിവളര്‍ത്താന്‍, ഒരേ ഒരിന്ത്യ, ഒരൊറ്റ ഇന്ത്യ എന്ന ലക്ഷ്യം നേടിയെടുക്കാന്‍ ജന്മഭൂമിക്ക് കഴിയട്ടെ. ചൈനയില്‍ ഒരു ചൊല്ലുണ്ട്. ആയിരം കാതങ്ങള്‍ പിന്നിടേണ്ട ഒരു യാത്ര തുടങ്ങുന്നത്, ഒരു ചുവടുവയ്‌പ്പോടെയാണ്. ഇവിടെ ഞാന്‍ കാണുന്നത് അത്തരത്തിലൊരു ചുവടുവയ്‌പ്പാണ്. നാം നമ്മുടെ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക