രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള മതകാര്യ പോലീസ് സംവിധാനം ഇസ്ലാമിക രാജ്യമായ ഇറാന് പിരിച്ചുവിടുന്നു എന്ന വിവരം ഒരേസമയം അവിശ്വാസത്തോടെയും ആവേശത്തോടെയുമാണ് ലോകം സ്വീകരിച്ചത്. വനിതകളുടെ നേതൃത്വത്തില്‍ ആ രാജ്യത്ത് മൂന്നുമാസമായി നടക്കുന്ന ഹിജാബ് വിരുദ്ധപ്രക്ഷോഭത്തിന്റെ വിജയമായാണ് പുരോഗമന ചിന്താഗതിക്കാര്‍ ഇതിനെ കാണുന്നത്. ഹിജാബ് ധരിച്ചത് ശരിയായില്ലെന്നു പറഞ്ഞ് മതകാര്യ പോലീസ് പിടികൂടിയ മഹ്സ അമിനി എന്ന യുവതി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും മറ്റ് നഗരങ്ങളിലും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഭരണകൂടം ശക്തമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും, നാനൂറിലേറെ പേര് കൊല്ലപ്പെടുകയും ചെയ്തിട്ടും പ്രക്ഷോഭം കെട്ടടങ്ങിയില്ലെന്നു മാത്രമല്ല, കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയും ആഗോളതലത്തില്‍ പിന്തുണ ലഭിക്കുകയും ചെയ്തു. താലിബാന് വാഴ്ച നടക്കുന്ന അഫ്ഗാനിലെ വനിതകള്‍പോലും ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തോട് ഐക്യം പ്രഖ്യാപിച്ച് രംഗത്തുവന്നത് ഇസ്ലാമിക മതമൗലികവാദികളെ ഞെട്ടിക്കുകയുണ്ടായി. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അലകളുയര്‍ത്തി. ഖത്തറിലെ ലോകകപ്പ് വേദിയിലും ഇറാനിലെ കളിക്കാര്‍ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധിച്ചു. ഈ പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ വസ്ത്രധാരണ രീതിയും മറ്റും പരിശോധിക്കുന്ന മതകാര്യ പോലീസിനെ പിരിച്ചുവിടുകയാണെന്ന് ഇറാന്റെ അറ്റോര്‍ണി ജനറല്‍ പ്രഖ്യാപിച്ചത്. സ്ത്രീകള്‍ തലമറയ്ക്കണമെന്ന നിയമം പുനഃപരിശോധിക്കാനും തീരുമാനമായിട്ടുണ്ടത്രേ.
പാതിവൃത്യത്തിന്റെയും ഹിജാബിന്റെയുമൊക്കെ സംസ്കാരം പ്രചരിപ്പിക്കാനെന്ന പേരില്‍ 2005 ലാണ് തീവ്രവാദിയായ ഇറാന് പ്രസിഡന്റ് അഹമ്മദ് നെജാദിന്റെ ഭരണകാലത്ത് മതകാര്യ പോലീസിന് രൂപംനല്കിയത്. സ്ത്രീകളുടെ വേഷവിധാനങ്ങള്‍ പരിശോധിക്കാന്‍ തെരുവീഥികളിലും പൊതുവിടങ്ങളിലും സ്ത്രീകളും പുരുഷന്മാരുമുള്പ്പെടുന്ന മതകാര്യ പോലീസുകാര്‍ കാവല്‍നിന്നു. ഇസ്ലാമിക രീതിയനുസരിച്ചല്ല വസ്ത്രം ധരിച്ചിട്ടുള്ളതെന്ന് ഇവര്‍ക്കു തോന്നുന്ന സ്ത്രീകളെയെല്ലാം കസ്റ്റഡിയിലെടുക്കാന്‍ അധികാരമുണ്ടായിരുന്നു. ഇപ്രകാരം പിടികൂടപ്പെടുന്ന സ്ത്രീകളെ സംഭവസ്ഥലത്തു വച്ചുതന്നെ മുഖത്തടിക്കുകയും, വടികൊണ്ട് പ്രഹരിച്ച് വാനില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്യും. പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം എങ്ങനെയാണ് മതപരമായ വസ്ത്രം ധരിക്കേണ്ടതെന്നു ബോധവല്‍ക്കരിച്ചശേഷം വിട്ടയയ്ക്കുകയാണ് പതിവ്. തെറ്റായി ധരിച്ച വസ്ത്രം സ്ത്രീകള്‍ നശിപ്പിക്കുകയും വേണമായിരുന്നു. ഈ രീതിക്കെതിരെ ശക്തമായ അമര്‍ഷം ഇറാനിലെ വനിതകളില്‍ രൂപപ്പെട്ടത് തിരിച്ചറിയാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല. ഈ അമര്‍ഷമാണ് മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിച്ചത്. ഏകാധിപത്യ ഭരണകൂടമായിരുന്നിട്ടും ഇതിനു മുന്നില്‍ പിടിച്ചുനില്ക്കാന് ഇറാനു കഴിഞ്ഞില്ല എന്നാണ് മതകാര്യ പോലീസിനെ പിന്‍വലിക്കാന്‍ തീരുമാനിച്ചതില്‍നിന്ന് തെളിയുന്നത്. ഇപ്പോഴത്തെ പ്രക്ഷോഭം തണുപ്പിച്ചശേഷം വിലക്കുകള്‍ പുതിയ രൂപത്തില്‍ കൊണ്ടുവരുമോയെന്ന് വ്യക്തമല്ല. ഇറാനിലെ ഫാസിസ്റ്റ് ഭരണകൂടത്തെ സഹായിക്കാന്‍ അവരുടെ താളത്തിനുതുള്ളുന്ന ‘ന്യൂയോര്‍ക്ക് ടൈംസി’നെപ്പോലുള്ള മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ഇറാനിലെ വനിതാ വിമോചന പ്രവര്‍ത്തകര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്.
ആയത്തുള്ള ഖൊമേനിയുടെ കാലം മുതല്‍ നാല് പതിറ്റാണ്ടോളമായി കടുത്ത ഇസ്ലാമിക മതനിയമങ്ങള്‍ പിന്തുടരുന്ന രാജ്യമാണ് ഇറാന്. സല്മാന് റുഷ്ദിയെ വധിക്കാന്‍ ഫത്വ പുറപ്പെടുവിച്ച ഖൊമേനിയുടെ നടപടി ലോകമെമ്പാടും ഇസ്ലാമിക മതമൗലികവാദത്തെ ശക്തിപ്പെടുത്താന്‍ വന്‍തോതില്‍ സഹായിക്കുകയുണ്ടായി. ലോകത്തെ മുഴുവന്‍ ഇസ്ലാമിക ഭരണത്തിനു കീഴില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മതമൗലികവാദികളും മതഭീകരരും ഇറാനില്‍നിന്ന് ആവേശമുള്‍ക്കൊള്ളാന്‍ തുടങ്ങി. ഇത്തരമൊരു രാജ്യമാണ് സ്വന്തം വനിതകള്‍ക്കു മുന്നില്‍ മുട്ടുമടക്കിയിരിക്കുന്നത്. ആധുനിക കാലത്ത് ഇസ്ലാമിക മതമൗലികവാദത്തിന്റെ ഈറ്റില്ലത്തില്പ്പോലും വനിതകള്‍ വിമോചനത്തിന്റെ പാത വെട്ടിത്തുറക്കുമ്പോഴാണ് ഇന്ത്യയിലെ മുസ്ലിം വനിതകളെ ഹിജാബിലും പര്‍ദ്ദയിലും തളച്ചിടാന്‍ ഇവിടുത്തെ മതമൗലികവാദ സംഘടനകള്‍ ശ്രമിക്കുന്നത്. ഇറാന്‍പോലും മതപരമായി അനുപേക്ഷണീയമല്ലെന്ന് ചിന്തിക്കുന്ന ഹിജാബ് കര്‍ണാകടയിലെ ചില കോളജു വിദ്യാര്‍ത്ഥിനികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിനെതിരെ കോടതി വിധിയുണ്ടായി. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇസ്ലാമിക രാഷ്ട്രങ്ങളില്‍പ്പോലും നിര്‍ബന്ധമല്ലാത്ത മതരീതികള്‍ മതേതര രാജ്യമായ ഇന്ത്യയില്‍ വേണമെന്ന് വാശിപിടിക്കുന്നത് വിരോധാഭാസമാണ്. യഥാര്‍ത്ഥത്തില്‍ സ്ത്രീകളെ അടിമകളായി കൊണ്ടു നടക്കാനും, സമൂഹത്തില്‍ മതപരമായ വിഭാഗീയത സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ഇറാനിലെ സംഭവവികാസങ്ങളില്‍നിന്ന് തിരിച്ചറിയാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: