തിരുവനന്തപുരം: 140 ദിവസങ്ങള്‍ നീണ്ട, പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള അക്രമസംഭവപരമ്പരകള്‍ക്ക് വഴിമരുന്നിട്ട വിഴിഞ്ഞം സമരം ഒടുവിൽ ഒത്തുതീർപ്പായി. മുഖ്യമന്ത്രിയും സമരസമിതിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 140 ദിവസം പിന്നിട്ട സമരം അവസാനിച്ചത്.
ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ പണി ഉടന്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരശോഷണം മൂലം വീട് നഷ്ടപ്പെടുന്നവർക്കുള്ള ഫ്ലാറ്റുകളുടെ നിർമ്മാണം ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. തുറമുഖ നിർമ്മാണം നിർത്തിവെച്ച് തീരശോഷണത്തെപ്പറ്റി പഠനം നടത്തണമെന്ന പിടിവാശി ലത്തീൻ സഭ ഉപേക്ഷിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങിയത്.
തീരശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ പ്രാദേശിക വിദഗ്ധരെ ഉൾപ്പെടുത്തണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചില്ല. പുനരധിവാസത്തിലാണ് പ്രധാന സമവായം. വീട് നഷ്ടപ്പെടുന്നവർക്ക് ഒന്നര വർഷത്തിനുള്ളിൽ പകരം ഫ്ലാറ്റ് നിർമ്മിച്ച് നൽകും. അതുവരെ പ്രതിമാസം വീട്ടുവാടക 5500 രൂപ നൽകും. അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും 2500 രൂപ കൂടി നൽകാമെന്ന സർക്കാർ വാഗ്ദാനം സമരസമിതി നിരസിച്ചു.
പുനരധിവാസ പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് സമിതി വിലയിരുത്തും.
കേന്ദ്ര സേന വന്നാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന വിലയിരുത്തലാണ് തല്‍ക്കാലം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ സമരസമിതിയെ പ്രേരിപ്പിച്ചത്. സമരം ഒത്തുതീര്‍ന്നതോടെ വികാരിമാരുള്‍പ്പെടെയുള്ള സമരസമിതി നേതാക്കള്‍ക്കെതിരായ പൊലീസ് കേസുകള്‍ പിന്‍വലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: