തിരുവനന്തപുരം : കോവളത്ത് ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം അറിയിത്തശേഷം വിധി പ്രസ്താവന ചൊവ്വാഴ്‌ച്ചത്തേയ്‌ക്ക് മാറ്റിവെയ്‌ക്കുകയായിരുന്നു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
വെള്ളാര്‍ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാര്‍ (24) എന്നിവരാണ് പ്രതികള്‍. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവു നശിപ്പിക്കല്‍, ലഹരിമരുന്ന് നല്‍കി ഉപദ്രവം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൊലപാതകം, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക എന്നീ കുറ്റങ്ങള്‍ക്ക് ഇരുവര്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി നല്‍കിയിരിക്കുന്നത്. പ്രതികള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ശിക്ഷ അനുഭവിക്കണമെന്നും കോടതിയുടെ പരാമര്‍ശങ്ങളില്‍ പറയുന്നുണ്ട്.
2018 മാര്‍ച്ച് 14നാണ് ലാത്വിയന്‍ യുവതി കൊല്ലപ്പെട്ടത്. പ്രതികള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. യുവതി മരിച്ച് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവന പുറത്തുവരുന്നത്. ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. വിദേശവനിതകള്‍ ആക്രമിക്കപ്പെടുന്നത് അപൂര്‍വമല്ലെങ്കിലും ഇത്തരത്തില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത് അപൂര്‍വത്തില്‍ അപൂര്‍വമാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ സാഹചര്യതെളിവ് മാത്രമാണ് കേസിനുള്ളതെന്ന് പ്രതിഭാഗം വാദിച്ചു.
2018 ല്‍ പോത്തന്‍കോട്ടെ ആയൂര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയതാണ് നാല്‍പ്പതുകാരിയായ ലാത്വിയന്‍ യുവതി. കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പനത്തുറയിലുള്ള ഉദയകുമാറും ഉമേഷും സമീപിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കണ്ടല്‍കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അസി.കമ്മീഷണര്‍ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അഡ്വ.മോഹന്‍രാജായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ദൃക്്‌സാക്ഷിയില്ലാത്ത കേസില്‍ 30 സാക്ഷികളില്‍ രണ്ടുപേര്‍ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളും മറ്റ് സാക്ഷികളും സാഹചര്യതെളിവുകളും നിര്‍ണായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: