ശരിഅത്തിന് വിരുദ്ധമാണെന്ന് ചില മുസ്ലിം സംഘടനകള്‍ വിമര്‍ശനമുയര്‍ത്തിയതോടെ ലിംഗസമത്വ പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞ പിന്‍വലിച്ചെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ ഇടതുപക്ഷ ഭരണത്തിന് കീഴില്‍ മതേതര കേരളം എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്. കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ ‘നയീ ചേതനാ ജെന്‍ഡര്‍ കാമ്പയിനു’വേണ്ടി നിര്‍ദ്ദേശിച്ച പ്രതിജ്ഞയ്ക്കു പകരം മലയാളത്തില്‍ പ്രത്യേകം തയ്യാറാക്കിയ പ്രതിജ്ഞയാണ് സിഡിഎസ് അംഗങ്ങള്‍ക്ക് ചൊല്ലാനായി കുടുംബശ്രീ മിഷന് കൈമാറിയത്. സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശം വേണമെന്ന വരി പ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തിയതാണ് മുസ്ലിംലീഗ് നിയന്ത്രിക്കുന്ന മതപുരോഹിതന്മാരുടെ സംഘടനയായ സമസ്തയെയും മറ്റു ചില മുസ്ലിം മതമൗലികവാദ സംഘടനകളെയും ചൊടിപ്പിച്ചത്. ഇക്കൂട്ടരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിജ്ഞ പിന്‍വലിക്കുകയാണെന്ന് ചില കുടുംബശ്രീ ഉദ്യോഗസ്ഥര്‍ തന്നെ വാട്സ് ആപ് സന്ദേശത്തിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് വിവാദമായപ്പോള്‍ ഇങ്ങനെയൊരു തീരുമാനമില്ലെന്ന് കുടുംബശ്രീ മിഷന് സംസ്ഥാന ഡയറക്ടര്‍ അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച അവ്യക്തത നിലനില്‍ക്കുകയാണ്. പ്രതിജ്ഞ പിന്‍വലിക്കാന്‍ ഔദ്യോഗിക ഉത്തരവ് ഇറക്കിയിട്ടില്ലെന്നുമാത്രമാണ് ഡയറക്ടര്‍ പറയുന്നതിനര്‍ത്ഥം. പ്രതിജ്ഞ എടുക്കാമോ എന്ന കാര്യത്തെക്കുറിച്ച് കൃത്യമായി ഒന്നുംപറയാന്‍ കുടുംബശ്രീ മിഷന് തയ്യാറാവുന്നില്ല. മുസ്ലിം സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ ഉപേക്ഷിച്ചു എന്നുതന്നെയാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.
പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ലെന്ന കുടുംബശ്രീ മിഷന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കാനാവില്ല. പെണ്മക്കള്ക്കും ആണ്മക്കള്ക്കും തുല്യ സ്വത്തവകാശം കൊടുക്കുമെന്നും, ഇത് നേടാന്‍ സഹായിക്കുമെന്നും പ്രതിജ്ഞയില്‍ പറയുന്നതാണ് സമസ്തയക്കും മറ്റും ഉള്‍ക്കൊള്ളാനാവാത്തത്. സമസ്തയുടെ സംസ്ഥാന നേതാവു തന്നെ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്നാണ് പ്രതിജ്ഞ പിന്‍വലിക്കുകയാണെന്ന പ്രചാരണം വന്നത്. സ്ത്രീസമത്വത്തിന്റെ കാര്യത്തില്‍ സമസ്തയുടെ നിലപാടുകള്‍ കുപ്രസിദ്ധമാണ്. പരീക്ഷയില്‍ മികച്ച വിജയം നേടിയ ഒരു വിദ്യാര്‍ത്ഥിനിയെ അനുമോദിക്കാന്‍ വിളിച്ചുവരുത്തിയശേഷം വേദിയില്‍നിന്ന് അപമാനിച്ച് ഇറക്കിവിട്ടതുള്‍പ്പെടെ കേരളത്തിന്റെ മുഖത്ത് കരിവാരിത്തേച്ച നിരവധി നടപടികള്‍ സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അടുത്തിടെ മുസ്ലിം യുവാക്കളുടെ ഫുട്ബോള്‍ പ്രേമം ഇസ്ലാമിക വിരുദ്ധമാണെന്നു പ്രഖ്യാപിച്ച സമസ്തയുടെ നിലപാട് മുസ്ലിങ്ങളുടെ പോലും എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയുണ്ടായി. സ്ത്രീ വിരുദ്ധവും ലിംഗസമത്വത്തിന് വിരുദ്ധവുമായ സമസ്തയുടെ നിലപാടുകളെ തന്ത്രപരമായി പിന്തുണയ്ക്കുകയാണ് മുസ്ലിംലീഗ് ചെയ്യാറുള്ളത്. തെരഞ്ഞെടുപ്പുകളില്‍ സ്വന്തം വനിതാ സ്ഥാനാര്‍ത്ഥികളുടെ മുഖം പോസ്റ്ററില്‍ അച്ചടിക്കാതെ സ്ത്രീവിരുദ്ധതയില്‍ സമസ്തയെക്കാള്‍ മുന്നിലാണ് തങ്ങളെന്ന് ലീഗ് തെളിയിച്ചിട്ടുണ്ട്. ഹിജാബ് നിര്‍ബന്ധമാണെന്ന് മതതീവ്രവാദികള്‍ ശഠിക്കുന്നതിനെ ലീഗ് പൂര്‍ണമായി പിന്തുണയ്ക്കുകയാണല്ലോ. മതപരമായി പാര്‍ട്ടി രൂപീകരിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവര്‍ യാതൊരു ലജ്ജയുമില്ലാതെ മതേതരവാദികള്‍ ചമയും!
സ്ത്രീവിരുദ്ധമായ നിലപാടുകളില്‍ മുസ്ലിംലീഗും സമസ്തയും ഒറ്റയ്ക്കല്ല. ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതതീവ്രവാദികളും കുടുംബശ്രീ പ്രതിജ്ഞയെ എതിര്‍ക്കുന്നു. പൗരന്മാര് എന്ന നിലയില്‍ സ്ത്രീകള്‍ക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നല്കാന് പാടില്ലെന്നാണ് ഇവര്‍ ഒറ്റക്കെട്ടായി പറയുന്നത്. സാമൂഹ്യനീതിയും സമത്വവുമൊക്കെ ലക്ഷ്യം വച്ച് സമൂഹം നീങ്ങുമ്പോള്‍ എതിര്‍ദിശയിലേക്ക് സമുദായത്തെ പിടിച്ചുവലിക്കുകയാണ് ഇവര്‍. സ്ത്രീകളുടെ വിവാഹ പ്രായം, ബഹുഭാര്യാത്വം, മുത്തലാഖ് എന്നീ വിഷയങ്ങളിലെല്ലാം പുരുഷാധിപത്യനിലപാടുകള്‍ സ്വീകരിക്കുന്നു. സ്ത്രീവിരുദ്ധമെന്നു മാത്രമല്ല, പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഇത്തരം മതപരമായ ശാഠ്യങ്ങളെയും വിലക്കുകളെയും അനുവദിച്ചുകൊടുക്കുകയാണ് കേരളം മാറിമാറി ഭരിക്കുന്നവര്‍. ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ അല്ലെങ്കില്‍പ്പോലും മുസ്ലിം സംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാരുകള്‍ കീഴടങ്ങുന്നു. മുസ്ലിംലീഗ് പറയുന്നതെന്തും നടപ്പാക്കിക്കൊടുക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ കാണിക്കുന്ന ആവേശം ജനങ്ങള്‍ പലതവണ കണ്ടിട്ടുള്ളതാണ്. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്കു വിട്ട നടപടി പിണറായി സര്‍ക്കാര്‍ റദ്ദാക്കിയത് ഉദാഹരണം. നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില് സംഘടിപ്പിച്ചവര്‍ പര്‍ദ്ദയിട്ട വനിതകളെ അണിനിരത്തിയ നാടാണല്ലോ നമ്മുടേത്. പുരോഗമന വിരുദ്ധവും മതമൗലിക വാദത്തിന് വിടുപണി ചെയ്യുന്നതുമായ ഈ മനോഭാവമാണ് സ്ത്രീശാക്തീകരണം ലക്ഷ്യം വയ്ക്കുന്ന കുടുംബശ്രീയെയും മതമൗലികവാദികളുടെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ ഭരണാധികാരികളെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: