ചെന്നൈ: പ്രേമം അഭിനയിച്ച് യുവാവിനെ വിവാഹം കഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആഭരണവും പണവുമായി യുവതി കടന്നു കളഞ്ഞു. തമിഴ്നാട്ടിലെ താംബരത്താണ് ഈ വിവാഹത്തട്ടിപ്പ്.
താംബരം സ്വദേശി നടരാജനെ കബളിപ്പിപ്പ് സ്വര്‍ണ്ണവും പണവുമായി മുങ്ങിയ തമിഴ്നാട് മുധുര സ്വദേശിനിയായ അഭിനയ(28)യെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 17 പവന് ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് അഭിനയ വിവാഹ ശേഷം മുങ്ങിയത്.
നേരത്തെ പ്രേമം നടിച്ചാണ് നടരാജനെ അഭിനയെ വിവാഹക്കുരുക്കില്‍ പെടുത്തിയത്. ഒരു ഭക്ഷണവിതരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നടരാജന് ഒരു ബേക്കറി ജീവനക്കാരിയായിരുന്ന അഭിനയയുമായി പ്രേമത്തിലായി. വിവാഹം കഴിക്കുന്നത് തന്റെ വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്നമുണ്ടാക്കുമെന്നും അതിനാല്‍ നടരാജന്റെ വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ വിവാഹം നടത്താമെന്നും അഭിനയ വിശ്വസിപ്പിച്ചു. തുടര്‍ന്ന് നടരാജന്റെ അച്ഛനമ്മമാരുടെ സാന്നിധ്യത്തിലായിരുന്നു ഈ വിവാഹം.
വിവാഹം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അഭിനയ മുങ്ങുകയായിരുന്നു. ഫോണും സ്വിച്ചോഫ് ചെയ്തു. വീട്ടിലെ ആഭരണവും പണവും കാണാതായതോടെ ഇത് തട്ടിപ്പാണെന്ന് മനസ്സിലായ നടരാജന് താംബരം പൊലീസില്‍ പരാതി നല്കി. പിന്നീട് മഹാബലിപുരത്തിനടുത്തുള്ള ഒരു ലേഡീസ് ഹോസ്റ്റലില്‍ നിന്നും അഭിനയയെ പൊക്കുകയായിരുന്നു. പക്ഷെ നാല് പവന് ആഭരണം മാത്രമാണ് കണ്ടെടുക്കാനായത്.
അഭിനയയുടെ നാലാമത്തെ വിവാഹമാണിത്. 2011ല്‍ മന്നാര്‍ഗുഡി സ്വദേശിയെ കബളിപ്പിച്ചു. 10 ദിവസത്തിന് ശേഷം മുങ്ങി. പിന്നീട് മധുര സ്വദേശിയെ വിവാഹം ചെയ്തു. ഇതില്‍ എട്ട് വയസ്സുള്ള ഒരു മകനുമുണ്ട്. പിന്നീട് കേളമ്പാക്കത്തെ ഒരു യുവാവിനെ വിവാഹം ചെയ്ത് സമാന രീതിയില്‍ കബളിപ്പിച്ചു. അതിന് ശേഷമാണ് നടരാജനെ വഞ്ചിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: