പത്തനംതിട്ട : പ്രതിപക്ഷ നേതാവ് വിഡി സതീശന് മൂന്ന് തവണ കേരളത്തില്‍ എല്ലായിടത്തും പോയി പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഒന്നിച്ചാണ് മുന്നോട്ട് പോകേണ്ടത് താനൊരു വിഭാഗത്തിന്റേയും മെമ്പര്‍ അല്ലെന്നും ശശി തരൂര്‍ അറിയിച്ചു. തരൂരിന്റെ വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനവും ഇതിനെതിരെയുള്ള നേതാക്കളുടെ പ്രതികരണവും വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
പ്രതിപക്ഷ നേതാവാണ് കേരളമെമ്പാടും പോയി പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടത്. തന്റെ പരിപാടിക്ക് വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ എന്ന് അറിയില്ല. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുള്ളതാണ്. ഡിസിസി പ്രസിഡന്റുമാരെ അറിയിച്ച തീയതി അടക്കം കയ്യിലുണ്ട്.
തനിക്കെതിരെ പരാതി കൊടുത്താല്‍ അതിന് മറുപടി നല്‍കും. 14 വര്‍ഷമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് പരാതി ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് വിവാദങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. ‘എ’, ‘ഐ’ അങ്ങിനൊന്നില്ല, താനൊരു വിഭാഗത്തിന്റെയും മെമ്പര്‍ അല്ല.കോണ്‍ഗ്രസ് ഒത്തൊരുമിച്ചാണ് മുന്നോട്ട് പ്രവര്‍ത്തിക്കേണ്ടതെന്നും താനൊരു വിഭാഗത്തിന്റെയും മെമ്പര്‍ അല്ലെന്നും തരൂര്‍ വ്യക്തമാക്കി.
അതേസമയം ശശി തരൂരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലുണ്ടായ പ്രശ്നങ്ങള്‍ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. മുന്നണിക്കുള്ളിലെ പ്രശ്നങ്ങള്‍ അലോസരപ്പെടുത്തുന്നതാണ്. ഇന്ന് ചേര്‍ന്ന മുസ്ലിംലീഗ് യോഗത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയത പ്രധാന വിഷയമായി. വിഷയത്തില്‍ പ്രശ്നപരിഹാരം ഉടന്‍ വേണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: