2018ലെ പ്രളയക്കെടുതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമാണ് എന്നാലും ശരത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ക്യാമ്പസ് ത്രില്ലര്‍ സിനിമ കൂടിയായിരുന്നു അത്. പ്രളയ സമയത്താണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സംസ്ഥാനത്ത് പല ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായതോടെ തിയേറ്ററുകള്‍ പോലും അടഞ്ഞുകിടന്നു. അതോടെ ചിത്രം തിയേറ്ററുകളില്‍ നിന്നു തന്നെ മാറുകയും ചെയ്തു. കേരളത്തിന് അകത്തും പുറത്തും സ്ഥിരമായി പ്രേക്ഷകരുള്ള സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. അദ്ദേഹം ഒരു സിനിമ എടുത്താല്‍ അതിനെക്കുറിച്ചുള്ള പ്രേക്ഷക അഭിപ്രായം ലഭിച്ച ശേഷമേ അടുത്ത സിനിമ ചെയ്യുകയുള്ളു. അതുതന്നെയാകാം അദ്ദേഹത്തിന്റെ ഇതുവരെയുള്ള വിജയത്തിന്റെ രഹസ്യവും.
പ്രളയക്കെടുതിയില്‍ പെട്ടുപോയ എന്നാലും ശരത് എന്ന സിനിമ ബാലചന്ദ്ര മേനോന്റെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല. അക്കാര്യം അദ്ദേഹത്തോട് നേരിട്ടും അല്ലാതെയും പ്രേക്ഷകര്‍ തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് അദ്ദേഹം എന്നാലും ശരത്ത് എന്ന സിനിമ വീണ്ടും റിലീസ് ചെയ്യാന്‍ പോവുകയാണ്. ഡിസംബര്‍ 9ന് അദ്ദേഹത്തിന്റെ യു ട്യൂബ് ചാനലിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് ഏതുസമയത്തും ആ സിനിമ കാണാനാകും. ഈ ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ ഫിലിമി ഫ്രൈഡെ എന്ന പ്രോഗ്രാം ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയത്. ഡിസംബര്‍ 9ന് ചിത്രം റിലീസ് ചെയ്യുന്നതുവരെ അദ്ദേഹം ഫിലിമി ഫ്രൈഡെ എന്ന പ്രോഗ്രാമുകള്‍ അദ്ദേഹം മാറ്റിവച്ചിരിക്കുകയാണ്. ഈ സിനിമയുടെ അഭിപ്രായം പ്രേക്ഷകരില്‍ നിന്നും ലഭിച്ച ശേഷമേ അടുത്ത സിനിമ ചെയ്യുകയുള്ളു എന്ന നിലപാടിലാണ് ബാലചന്ദ്ര മേനോന്‍.
എന്തുകൊണ്ട് സ്വന്തം മകനെ ബാലചന്ദ്ര മേനോന്‍ പ്രമോട്ട് ചെയ്തില്ല?
തന്റെ സിനിമകള്‍ക്ക് സ്വന്തമായി പ്രേക്ഷകരുള്ള സംവിധായകന്‍ കൂടിയാണ് ബാലചന്ദ്ര മേനോന്‍. എന്നാല്‍ എന്തുകൊണ്ടോ ആ ചിത്രത്തില്‍ അഭിനയിച്ച തന്റെ മകനെ കുറിച്ച് അദ്ദേഹം ഒരിടത്തും പറഞ്ഞു കേട്ടിട്ടില്ല. അഖില്‍ വിനായക് ആ സിനിമയില്‍ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നവാസ് ഷെറീഫ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. എന്നാലും ശരത്ത് എന്ന സിനിമയില്‍ അഭിനയിച്ചതില്‍ 40ഓളം പേര്‍ പുതുമുഖങ്ങളായിരുന്നു. അവരൊക്കെ പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു മുന്നോട്ടു പോയി.
ഈ സിനിമയില്‍ അതിഥി വേഷത്തിലാണ് മകന്‍ എത്തുന്നത്. ചിത്രത്തിലെ നായകന്‍ ചാര്‍ളി ആയിരുന്നു. ചാര്‍ളിക്ക് പ്രാധാന്യം കിട്ടണമെന്ന് ബാലചന്ദ്രമേനോന്‍ ആഗ്രഹിച്ചതിനാലാണ് മകന് വേണ്ടത്ര പ്രമോഷന്‍ നല്‍കാതിരുന്നത്. മകന് പ്രമോഷന്‍ നല്‍കിയാല്‍ നായകന്റെ പ്രാധാന്യം സ്വാഭാവികമായും കുറയുമെന്ന് ബാലചന്ദ്ര മേനോന് അറിയാമായിരുന്നു. അതുണ്ടാകാതിരിക്കാനാണ് ചിത്രത്തിന്റെ റിലീസ് സമയത്ത് മകന്റെ റോളിനെ കുറിച്ച് അദ്ദേഹം അധികം പറയാതിരുന്നത്. എന്നാല്‍ യു ട്യൂബില്‍ റിലീസ് ചെയ്യുമ്പോള്‍ തന്റെ മകന്‍ ആ സിനിമയില്‍ അഭിനയിച്ച കാര്യം അറിയിക്കേണ്ട ബാധ്യത ബാലചന്ദ്ര മേനോനുണ്ട്.
പത്തോളം സംവിധായകര്‍ ഒരുമിച്ച് അഭിനയിച്ച ചിത്രം
പത്തോളം സംവിധായകര്‍ ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ബാലചന്ദ്ര മേനോന്റെ എന്നാലും ശരത്ത്. ബാലചന്ദ്ര മേനോന്‍, ജോഷി മാത്യു, മേജര്‍ രവി, ജോയ് മാത്യു, വിജി തമ്പി, ലാല്‍ ജോസ്, എ.കെ. സാജന്‍, ദിലീഷ് പോത്തന്‍, ജൂഡ് ആന്റണി, സിദ്ധാര്‍ത്ഥ് ശിവ എന്നിവരാണ് ആ സംവിധായകര്‍. ഒരുപക്ഷേ മലയാള സിനിമയില്‍ ഇത്രയധികം സംവിധായകര്‍ ഒരുമിച്ചഭിനയിച്ച ചിത്രവും എന്നലും ശരത്ത് എന്നതു മാത്രമായിരിക്കും. എല്ലാവരെയും ഒരുമിപ്പിക്കുന്നതില്‍ മാത്രമല്ല, സിനിമയില്‍ ഓരോ സംവിധായകരെയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സര്‍ഗ്ഗാത്മകതയില്‍ ഒരു പുതിയ തലത്തിലേക്ക് അദ്ദേഹം സഞ്ചരിച്ചു എന്നതാണ് ശ്രദ്ധേയമായ ഘടകം. അവര്‍ സംവിധായകര്‍ മാത്രമല്ല മികച്ച അഭിനേതാക്കള്‍ കൂടിയാണെന്നാണ് ബാലചന്ദ്ര മേനോന്‍ അതിനെ വിശേഷിപ്പിക്കുന്നത്.
യുവാക്കളിലേക്കും അവരുടെ സാമൂഹിക പ്രശ്നങ്ങളിലേക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി തന്റെ പതിവ് പരമ്പരാഗത കുടുംബ കഥകളില്‍ നിന്ന് ആകര്‍ഷകമായി വ്യതിചലിക്കുകയാണ് എന്നാലും ശരത്തിലൂടെ ബാലചന്ദ്ര മേനോന്‍. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ ശാന്തമായ സംഗീതം പ്രേക്ഷകരെ മറ്റൊരു തലത്തിലാണ് എത്തിക്കുന്നത്.
ബാലചന്ദ്ര മേനോന്‍, നടീനടന്‍മാരെ മലയാള സിനിമയ്‌ക്കു സംഭാവന ചെയ്ത സംവിധായകന്‍
നിരവധി നായികമാരെയും നായകന്‍മാരെയും മലയാള സിനിമയ്‌ക്കു സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. ലിസ്സി, ശോഭന, കാര്‍ത്തിക, പാര്‍വതി, ഉഷ, ആനി, നന്ദിനി, ദക്ഷിണ, ഷാനവാസ്, മണിയന്‍പിള്ള രാജു, ബൈജു, റിയാസ് ഖാന്‍ അങ്ങനെ പോകുന്നു അദ്ദേഹത്തിലൂടെ വെള്ളിത്തിരയുടെ ഭാഗമായവരുടെ പട്ടിക. ഏറ്റവും ഒടുവില്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ചിത്രമായ എന്നാലും ശരത്തിലും അഭിനയിച്ചതും പുതുമുഖങ്ങളായിരുന്നു. 40ഓളം പേരാണ് ആ ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായത്. എപ്പോഴും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന സംവിധായകനാണ് ബാലചന്ദ്ര മേനോന്‍ എന്ന് പലരും പറയാറുണ്ട്. അത് സത്യമാണെന്നു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമകളും. തന്റെ മുന്നില്‍ അവസരം ചോദിച്ചെത്തുന്നവരെ വിഷമിപ്പിച്ച് മടക്കി അയക്കുന്ന സ്വഭാവം അദ്ദേഹത്തിനു പണ്ടേ ഇല്ല. ഒരുപക്ഷേ അവസരം ചോദിച്ചെത്തുന്ന സമയത്ത് സഹായിക്കാന്‍ പറ്റിയില്ലെങ്കിലും അടുത്ത പ്രോജക്റ്റിലെങ്കിലും അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ ബാലചന്ദ്ര മേനോന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
നടീനടന്‍മാര്‍ക്കു പുറമെ മലയാള സിനിമയുടെ ടെക്‌നീഷ്യന്‍മാരെയും അദ്ദേഹം നമുക്കു സമ്മാനിച്ചിട്ടുണ്ട്. വിജി തമ്പി, ആര്‍. ഗോപിനാഥ് എന്നീ സംവിധായകരും അദ്ദേഹത്തിലൂടെയാണ് പിറവിയെടുത്തത്. പാട്ടുകാരായ പ്രീത, മാര്‍ക്കോസ്, ബാലഗോപാലന്‍ തമ്പി, സിനിമാറ്റോഗ്രാഫറായ നമ്പിയാതിരി, കലാസംവിധായകന്‍ ഷാഫി, മഹീന്ദ്രന്‍ എന്നിവരും അദ്ദേഹത്തിന്റെ സംഭാവനകളാണ്.
എന്നാലും ശരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ താരങ്ങളാണ് ചാര്‍ളി ജോ, നിധി അരുണ്‍, നിത്യ നരേഷ്, അഖില്‍ വിനായക് തുടങ്ങി നിരവധി താരങ്ങള്‍. കഴിഞ്ഞ 40 വര്‍ഷമായി ചലച്ചിത്ര മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകന്‍ കൂടിയാണ് ബാലചന്ദ്ര മേനോന്‍. 36 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ആകര്‍ഷകമായ ടൈറ്റിലുകളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: