പക്വതയില്ലാതെ ഭ്രാന്തന് വര്‍ത്തമാനം പറഞ്ഞ രണ്ടു പ്രമുഖരാണ് സാഹിത്യകാരന് എന്‍.എസ്. മാധവനും, ഇസ്രയേല്‍ സിനിമാ പ്രവര്ത്തകന് നദവ് ലാപിഡും. രണ്ടും സിനിമാ സംബന്ധിയായതിനാലാണ് ഒരേ നുകത്തില്‍ കെട്ടിയത്. ഈനാംപേച്ചിക്ക് മരപ്പട്ടികൂട്ട് എന്ന സാഹിത്യ-ശൈലി പ്രയോഗത്തില്‍ വേണം മാധവനെ പിന്തുണച്ച കവി സച്ചിദാനന്ദന് വന്നതിനെക്കുറിച്ച് പറയാന്‍.
നദവ് ലാപിഡ് ഈ വര്‍ഷം ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ജൂറി ചെയര്‍മാനായിരുന്നു. ഗോവയിലെ ഫെസ്റ്റിവല്‍ സമാപനവേദിയില്‍ ലാപിഡ് നടത്തിയ അസംബന്ധം, ‘കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം എങ്ങനെ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്ന ചോദ്യത്തിലൂടെയായിരുന്നു. സിനിമ ‘വള്‍ഗര്‍’, ‘പ്രൊപ്പഗണ്ഡ’ (ആഭാസവും പ്രചാരവേലയും) ആണെന്ന ആരോപണം, കലാകാരന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമായി സമ്മതിക്കാന്‍പോലും ഞാന്‍ തയാറാണ്. പക്ഷേ, അതിനപ്പുറം ഒരു രാജ്യത്തിന്റെ സംവിധാനത്തെ, വിശ്വാസ്യതയെ ചോദ്യം ചെയ്യുകയായിരുന്നു, കശ്മീര്‍ ഫയല്‍സ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടപടിയെ ചോദ്യം ചെയ്തതുവഴി.
നവദ് ലാപിഡ് പ്രശസ്ത സിനിമാ പ്രവര്‍ത്തകനാണ്. ഇസ്രയേലില്‍ ജനിച്ച അദ്ദേഹം ആ രാജ്യത്തിനു പുറത്താണ് അധികം ജീവിച്ചത്, പ്രവര്‍ത്തിച്ചത്. ഇസ്രയേലിന്റെ മിലിറ്ററി, കൗണ്ടന്‍ ഇന്‍ സര്‍ജന്‍സി പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ പോലും നിര്മിച്ചിട്ടുണ്ടത്രെ. പക്ഷേ, ഇസ്രയേലിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തിട്ടുണ്ടാവില്ല. ചെയ്തിരുന്നെങ്കില്‍ നദവ് ഗോവയിലെത്താന്‍ പാകത്തിന് ഉണ്ടാകുമായിരുന്നില്ല. പക്ഷേ ഇസ്രായേലുകാരന്, ഇന്ത്യന്‍ സിനിമോത്സവ-മത്സരത്തിന്റെ അധ്യക്ഷനായിരുന്ന്, ആ രാജ്യത്തെ പരസ്യമായി ആക്ഷേപിക്കാനും വിമര്‍ശിക്കാനും ലഭിച്ച ധൈര്യമുണ്ടല്ലോ, അതാണ് ശ്രദ്ധിക്കേണ്ടത്. അതെങ്ങനെ കിട്ടി, ആരു നല്കി?
രണ്ടുതരത്തിലാണ് ഇതിനെ കാണേണ്ടത്, ഒന്ന്: നമ്മുടെ ജനാധിപത്യത്തിന്റെ വിശാല സാധ്യത മുതലാക്കി ഇവിടെയും രാജ്യത്തിന് പുറത്തും നമ്മുടെ കപട ബുദ്ധിജീവികള്‍ നടത്തുന്ന പ്രചാരണങ്ങളുടെ വ്യാപ്തിയും സ്വാധീനവും. രണ്ട്, ഏത് വേദിയിലും സാധ്യത കണ്ടെത്തി ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പാക്കാനുള്ള ചില വികൃതചിത്തരുടെ കഴിവും ‘ചാവേര്‍ ധൈര്യ’വും. മറ്റൊരു ജൂറിയംഗം സുദീപ്തോ സെന്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍, ഇംഗ്ലീഷ് വശമില്ലാത്ത ലാപിഡിന് പ്രസംഗം തയാറാക്കിക്കൊടുത്തതാണ്. അത് വായിക്കുകയാണ് ലാപിഡ് ചെയ്തത്. അപ്പോള്‍ ആരു തയ്യാറാക്കി? അതില്‍ ആര് ഈ വാക്കുകള്‍, വിമര്‍ശനങ്ങള്‍ കയറ്റി. അത് വായിക്കാന്‍ ധൈര്യം നല്കി. നിശ്ചയമായും ഇത് ഇസ്രയേല്‍ അന്വേഷിക്കും. പ്രത്യേകിച്ച് ആ രാജ്യത്തിന്റെ അംബാസഡര്‍ക്ക് ഇതിന്റെ പേരില്‍ ഇന്ത്യയില്‍ പരസ്യമായി മാപ്പ് പറയേണ്ട സാഹചര്യം വന്ന സ്ഥിതിക്ക്. ഇന്ത്യയും അന്വേഷിച്ച്, ‘പ്രതികളെ’ കണ്ടെത്തുമായിരിക്കും.
അര്‍ബന്‍ നക്സുകളും കപട ബുദ്ധിജീവികളും അവര്‍ക്ക് പിണിയാളാകുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏറെയുണ്ട്. അവരുടെയെല്ലാം ഒരുകാലത്തെ രാഷ്ട്രീയ മനസ്സ് അങ്ങനെ മാറില്ല. ചിലരേ മാറൂ. മാറാത്തവര്‍ക്ക് വിവിധ ബാഹ്യ സഹായങ്ങളും കിട്ടുമെങ്കില്‍ അവര്‍ സര്‍ക്കാരിനെ ഒറ്റും, അധികാര അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കും. ‘വസന്തത്തിന്റെ ഇടിമുഴക്ക’ത്തില്‍ ആവേശംപൂണ്ട്, അധികാരം തോക്കിന്‍കുഴലിലൂടെ എന്ന് വിശ്വസിച്ച് ഇറങ്ങിത്തിരിച്ചവര്‍ ജനാധിപത്യ ഭരണ സംവിധാനത്തില്‍ അധികാരസ്ഥാനത്തെത്തിയാല്‍ എന്തുതന്നെ ചെയ്യില്ല. അങ്ങനെ ചീഫ് സെക്രട്ടറിയും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ സെക്രട്ടറിയും ഒക്കെ ആയിരുന്നവര്‍ ചെയ്തുകൂട്ടിയത് എന്തൊക്കെയാവും. മുന്‍കാല പ്രാബല്യത്തില്‍ ചില അന്വേഷണങ്ങളുടെ ആവശ്യകതയും ലാപിഡ് സംഭവം ഉയര്‍ത്തുന്നുണ്ട്.
അക്കാര്യത്തിലും ‘ഹിഗ്വിറ്റ’ സിനിമയുടെ പേരിലുയര്‍ത്തിയ വിവാദത്തിലുമാണ് ഈ ലേഖനത്തില്‍ എന്‍.എസ്. മാധവന്റെ പേര് പരാമര്‍ശിക്കുന്നത്. ഹിഗ്വിറ്റ, ഇന്നും ജീവിച്ചിരിക്കുന്ന കൊളംബിയയുടെ ഫുട്ബോള്‍ കളിക്കാരനാണ്. ജോസ് റെനെ ഹിഗ്വിറ്റ സാപാറ്റാ എന്നാണ് മുഴുവന്‍ പേര്. കളിയിലെ പ്രത്യേകതകള്‍ കൊണ്ട്, ഗോള്‍ പോസ്റ്റിലെ പ്രകടനങ്ങള്‍കൊണ്ട് ‘എല്‍ ലോക്കോ’ (നാട്ടുഭാഷയില്‍ ‘വട്ടന്‍’) എന്നാണ് ആളുകള്‍ സ്നേഹത്തോടെ വിളിച്ചിരുന്നത്. ഈ ഹിഗ്വിറ്റയെ കഥാപാത്രമാക്കി മലയാള കഥാകൃത്ത് എന്‍.എസ്. മാധവന് ചെറുകഥ എഴുതിയിരുന്നു. അത് പ്രസിദ്ധമായി. ഇപ്പോള്‍ ‘ഹിഗ്വിറ്റ’ എന്ന പേരില്‍ ഒരു മലയാള സിനിമ ഇറങ്ങുന്നതായി അറിയിപ്പുവന്നു. അത് മാധവന്റെ കഥയൊന്നുമല്ല. പക്ഷേ മാധവന് പറയുന്നു, ആ പേര് വേറേ ആരും ഉപയോഗിക്കാന്‍ പാടില്ല എന്ന്. സിനിമ ചെയ്യാന്‍ അനുവദിക്കരുതെന്ന വാദവും ഉയര്‍ത്തി. അപഹാസ്യമായ, അപക്വമായ ഈ നിലപാടിനെ പിന്തുണയ്ക്കാന്‍ കവി സച്ചിദാനന്ദനും വന്നു. സമ്മര്‍ദ്ദത്തിലാക്കി സിനിമ നിര്‍ത്തിവെക്കാനുള്ള നീക്കങ്ങളിലാണ് മാധവനെ പിന്തുണച്ച് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍കൂടിയായ സച്ചിദാനന്ദനും മറ്റും.
മഹാഭാരതവും മറ്റു പുരാണേതിഹാസങ്ങളും തോന്നിയതുപോലെ പുനര്‍രചിക്കുകയും വികൃതമായി വ്യാഖ്യാനിച്ച് കഥാപാത്രങ്ങളുടെ പേരും നാളും താവഴിയും പോലും ദുര്വിനിയോഗിക്കുന്നവരാണ് ഈ പ്രതിഷേധക്കാര്‍. ഇവര്‍ സോഫ്റ്റ് വെയര്‍ മുതല്‍ സകലതിലും സര്‍വതന്ത്ര സ്വാതന്ത്ര്യത്തിന് വാദിക്കുന്നവരാണ്. ആര്‍ക്കും സ്വന്തമായി ഒന്നുമില്ല, എല്ലാം എല്ലവര്‍ക്കും വേണ്ടി, അതും തുല്യമായി എന്ന് തത്ത്വം പ്രസംഗിക്കുന്നവരാണ്. പക്ഷേ, ഒരുതരത്തിലും അവകാശപ്പെടാന്‍ പറ്റാത്ത ഒരു പേരിന്റെ പേരിലാണ് ഈ ആഭാസങ്ങള്‍ കാട്ടിക്കൂട്ടുന്നതെന്നതാണ് നാണക്കേട്.
മാധവന് എന്ന പേരിനോ എന്‍.എസ്. മാധവന് എന്ന പേരിനോ പോലും ഒരാള്‍ക്ക് അവകാശം ഉന്നയിക്കാനാവില്ല. മലയാളത്തിലെ ലക്ഷണമൊത്ത നോവലില്‍ ആദ്യത്തേതായ ‘ഇന്ദുലേഖ’ യിലെ ഒരു കഥാപാത്രമാണ് മാധവന്. എന്നു വെച്ച്, നോവലിസ്റ്റ് ഒ. ചന്തുമേനോന്‍, ജില്ലാ ഉപ ജഡ്ജ് വരെയായിരുന്നു അദ്ദേഹം, ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ‘മാധവ’നെതിരേ കേസെടുക്കുമായിരുന്നുവെന്ന് തോന്നുന്നുണ്ടോ. ഇല്ല.
മഹാഭാരതത്തില്‍ ഒരു കഥാപാത്രമുണ്ട്, ചിത്രാംഗദന്‍. മഹാ വഴക്കാളി, ആരോടും ചെന്നുകയറി യുദ്ധം ചെയ്യും. ഭീഷ്മന്‍ സഹോദരസ്ഥാനത്തുള്ളതിന്റെ ഗര്‍വവും ഉണ്ടായിരുന്നു. ഒരിക്കല്‍ ചിത്രാംഗദന്‍ എന്നു പേരുള്ള ഒരു ഗന്ധര്‍വനെ കാണാനിടയായി. നിനക്ക് ആ പേരിനവകാശമില്ല എന്നു ശഠിച്ച് യുദ്ധത്തിന് ചെന്നു. ഗന്ധര്‍വന്റെ അമ്പ് നെഞ്ചത്ത് കയറി വീണുമരിച്ചു. ഇതിലില്ലാത്തതൊന്നും എവിടെയുമില്ല, ഉണ്ടാകാനും പോകുന്നില്ല എന്ന് പറഞ്ഞ മഹാഭാരതം ഈ ‘എന്‍.എസ്. മാധവകഥയും’ അന്നേ പറഞ്ഞിരിക്കുന്നു. ‘വ്യാസോച്ഛിഷ്ടം ജഗദ് സര്‍വം,’ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ശരി ഞാന്‍ സാമ്രാജ്യമുണ്ടാക്കിയെന്നും അതിലെ സമ്രാട്ടാണെന്നും സ്വയം സങ്കല്പിക്കുക, എന്നിട്ട് ഹീറോയിസം കാണിക്കാന്‍ അസംബന്ധവുമായി ഇറങ്ങുക. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ചന്തുമേനോന്റെ ഇന്ദുലേഖയിലെ ഇന്ദുലേഖ, യുവാവായ മാധവന്റെ മുഖത്തുനോക്കി അയാളെ ‘ശപ്പന്‍’ എന്നു വിളിക്കുന്നുണ്ട്. ഈ മാധവന്റെ കാര്യത്തില്‍ ആ വിളി ചേരില്ല. ഒന്നിനും കൊള്ളാത്തവന്‍, മടിയന്‍, എന്നൊക്കെയാണ് അതിനര്‍ത്ഥം. പക്ഷേ ഹിഗ്വിറ്റയുടെ ചെല്ലപ്പേര് ചേരും; ‘എല്‍ ലോകോ.’ ഇംഗ്ലീഷില്‍ ‘ദ മാഡ് മാന്‍’എന്നര്‍ത്ഥം. നാട്ടുമലയാളത്തില്‍ ‘വട്ടന്‍.’ അതായത് പ്രായമാകുമ്പോള്‍ പിടികൂടുന്ന ‘ചിന്നന്.’ ഇപ്പറഞ്ഞതൊക്കെ സാഹിത്യമായി മാധവനും കണക്കാക്കുമെന്നതാണ് സമാധാനം.
അതവിടെ നില്ക്കട്ടെ. മറ്റൊരു സിനിമാ വിഷയത്തിലേക്ക് വരാം. മലയാള സിനിമ എന്താണ്? ഇന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ മറ്റു പല സംസ്ഥാനങ്ങളുടെ സിനിമകളെക്കുറിച്ച് പരാമര്‍ശിക്കവേ, ഇതര സംസ്ഥാനത്തുനിന്നുള്ള ഒരാളാണ് ഇങ്ങനെ ചോദിച്ചത്. ”ഞാന്‍, മറ്റൊരു സംസ്ഥാനത്തുപോയി പറയുമ്പോള്‍, മലയാള സിനിമ ഇതായിരുന്നു, ഇപ്പോള്‍ ഇതാണ്, ഇതൊക്കെയാണ് നേട്ടങ്ങള്‍, ഇന്നതിന്നതാണ് പ്രശ്നങ്ങള്‍” എന്നു പറയണമെങ്കില്‍ എന്തു പറയണം?’ എന്നതായിരുന്നു ചോദ്യം. അദ്ദേഹം ഇങ്ങനെ ഉദാഹരിച്ചു: ‘ഭോജ്പൂരിയില് ധാരാളം സിനിമകള്‍ ഇറങ്ങുന്നു, അവ നല്ല പ്രചാരത്തിലാണ്. പക്ഷേ പ്രശ്നം അവ അശ്ലീല സ്വഭാവമുള്ളവയാണ്. അതിന്റെ ഉള്ളടക്കവും നിലവാരവും സംസ്കാരവും ഉയര്‍ത്തുകയാണ് ആവശ്യം.’ ഇതുപോലെ മലയാള സിനിമയെക്കുറിച്ച് പറഞ്ഞാല്‍? എന്നായിരുന്നു ചോദ്യം.
അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസിദ്ധമായ ‘സ്വയംവരം’ (1972) ഇറങ്ങിയിട്ട് അരനൂറ്റാണ്ടു തികയുമ്പോഴാണ് ഈ ചോദ്യം. ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ സുവര്‍ണ കമലം അവാര്‍ഡ് വാങ്ങിയ ചെമ്മീന്‍ ഇറങ്ങിയിട്ട് 57 വര്‍ഷം കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ ‘വിഗതകുമാരന്’ വന്നിട്ട് 104 വര്‍ഷമാണിത്. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ‘ബാലന്’ ഇറങ്ങിയത് 1936ല്‍, 86 വര്‍ഷം മുമ്പ്. ഇന്ത്യയില്‍ത്തന്നെ ആദ്യമായി ത്രീ ഡി സിനിമ (മൈ ഡിയര്‍ കുട്ടിച്ചാത്തന്) മലയാളത്തിലാണ് ഇറങ്ങിയത്; 38 വര്‍ഷം മുമ്പ്. ഇത്രയൊക്കെ ചരിത്രവും പാരമ്പര്യവുമുള്ള മലയാള സിനിമയെക്കുറിച്ച് പറഞ്ഞാല്‍, എങ്ങനെ ഒറ്റവാക്യത്തില്‍ വിശദീകരിക്കാന്‍ പറ്റുമെന്ന ശങ്കയ്ക്ക് സ്ഥാനമുണ്ട്.
പിന്നീട് അദ്ദേഹം ചോദിച്ചു, ‘സിനിമ പ്രസിദ്ധമാകണം, വിജയിക്കണം, സാമ്പത്തിക നേട്ടമുണ്ടാക്കണം എന്നതിനുപരി, അവാര്‍ഡ് ലഭിക്കണം എന്നത് മലയാള സിനിമയിലെ ഒരു പ്രവണതയാണ്, ശരിയല്ലേ?’ എന്ന്. അത് കൃത്യമായ വിശകലനമായിത്തോന്നി. മലയാള സിനിമയില്‍ കമേര്‍ഷ്യല്‍, ആര്‍ട്ട് എന്ന തരംതിരിവ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സാങ്കേതികമായി മുന്നേറുന്നു. സിനിമ നിര്‍മാണക്കമ്പനികള്‍ പെരുകുന്നു, സംഘടിത സിനിമാ പ്രവര്‍ത്തനവും മേഖലയിലെ പ്രവര്‍ത്തകരുടെ സംഘടനകളും കൂടുതല്‍ ശക്തമാകുന്നു. കുത്തകകളുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടുന്നു, പുതിയ ശുഭകരമായ പ്രവണതകള്‍ വളരുന്നു.
അപ്പോഴും മലയാള സിനിമ എന്താണെന്ന ചോദ്യത്തിന് ഉത്തരം വ്യക്തമാകുന്നില്ല. ‘വരിക്കാശേരി മനയില്‍നിന്ന് ഇറക്കി, നിളയോരത്തുനിന്ന് ഒതുക്കി’ മറ്റുചിലയിടങ്ങളില്‍ സിനിമയെ കുടിയിരുത്താന്‍ ചിലര്‍. നോട്ടുനിരോധനവും റിയല്‍ എസ്റ്റേറ്റ് റഗുലേഷന് അതോറിറ്റി സ്ഥാപനവും വന്നപ്പോള്‍ പുതിയ വഴിയും വകയും മയക്കുമരുന്നുമാര്ഗ്ഗത്തില് കണ്ടെത്തുന്ന സ്പോണ്സര്ഷിപ്പുകാര്. ഇവര്‍ക്കിടയിലും ‘കാന്താര’കള്‍ മുളച്ചുപൊന്താന്‍ വഴിയൊരുങ്ങുന്നുവെന്നതാണ് ഒരു ട്രെന്‍ഡ്. നാടിന്റെ സാംസ്കാരികതയെ, കിട്ടുന്ന ഓരോ അവസരങ്ങളിലും അവഹേളിക്കുന്ന പ്രവണതകള്‍ക്കിടയില്‍ പ്രതിരോധിച്ചും പ്രതിഷേധങ്ങള്‍ തള്ളിയും ചില വളര്‍ച്ചകള്‍ മുന്നേറ്റങ്ങളാകുന്നുണ്ട്. കള്‍ചറല്‍ ഷിഫ്റ്റ് മലയാള സിനിമയിലും ഉണ്ടാകുന്നു. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് തരം തിരിവുകളില്നിന്ന് ‘ഇന്‍ഡിവുഡി’ലേക്കുള്ള വളര്‍ച്ചയുടെ വിളിയൊച്ചകളാണ് ബാഹുബലിയും കെജിഎഫും ആര്‍ആര്‍ആറും പൊന്നിയന്‍ ശെല്‍വനും കാന്താരയും മറ്റുംമറ്റും. ആടുതോമയുടെ 25-ാം പിറന്നാളാഘോഷിച്ച് സ്ഫടികം വീണ്ടും വരുന്നതില്പോലുമുണ്ട് ചില സൂചനകള്‍. പക്ഷേ, ‘സ്വയംവര’ത്തിന്റെ അമ്പതും ‘സ്ഫടിക’ത്തിന്റെ 25 ഉം ഒരേ വര്‍ഷം വരുമ്പോള്‍ പിന്നെയും പറയട്ടെ, മലയാള സിനിമ എന്ത്, എങ്ങനെ, എന്തുകൊണ്ട് ഇങ്ങനെ എന്ന് പുനര്‍ നിര്വചിക്കേണ്ടതില്ലേ?
പിന്കുറിപ്പ്:
ഗരുവായൂര്‍ ക്ഷേത്രത്തില്‍ മുമ്പ് സംഭവിച്ചിട്ടില്ലാത്തവിധം, രണ്ടുദിവസം ഏകാദശിയാഘോഷിച്ചു. മതേതര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളില്‍ കമ്യൂണിസ്റ്റുകള്‍ ആഘോഷത്തിമിര്പ്പിലോ ആചാരം തകര്ക്കലിലോ? വിപ്ലവങ്ങള്‍ വരുന്ന തോക്കുകള്‍ക്ക് ഇപ്പോള്‍ സൈലന്‍സര്‍ പിടിപ്പിച്ചിരിക്കുകയാണ്. ശബരിമലയില്‍ അവര്‍ ചില കൊള്ളക്കാരെ പോലെ പോകുന്നവഴിയിലെല്ലാം വെടിയൊച്ച കേള്‍പ്പിച്ചിരുന്നു, ഗുരുവായൂരില്‍ നിശ്ശബ്ദ ‘വിപ്ലവ’മാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: