ജക്കാര്‍ത്ത: ശരീയത്ത് നിയമങ്ങളോട് പൊതുവേ മുഖംതിരിഞ്ഞു നിന്നിരുന്ന ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്ത്യോനേഷ്യ നയം മാറ്റുന്നു. യാഥാസ്ഥിതിക ഇസ്ലാം സംഘടനകളുടെ സമ്മര്‍ദത്താല്‍ ശരിയത്ത് നിയമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കി നിയമം പാസാക്കാന്‍ ഒരുങ്ങുകയാണ് രാജ്യം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിവാഹേതര ലൈംഗിക ബന്ധം ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്ന പുതിയ നിയമം. നിയമപ്രകാരം വിവാഹം കഴിക്കാതെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് താമസിക്കുന്നതും നിയമം നിരോധിക്കും. ഭര്‍ത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും വ്യഭിചാരത്തിന് പരമാവധി ഒരു വര്‍ഷം തടവോ പിഴയോ ലഭിക്കും. ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കും രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും ഈ നിയമം ബാധകമായിരിക്കും.
വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധത്തില്‍ വിവാഹിതരായ ദമ്പതികളില്‍ പരാതിക്കാര്‍ ഭാര്യയോ ഭര്‍ത്താവോ ആയിരിക്കണം. വിവാഹിതര്‍ അല്ലെങ്കില്‍ മാതാപിതാക്കളാകണം പരാതിക്കാര്‍. കരട് നിയമം ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കു. അതേസമയം, നിര്‍ദ്ദിഷ്ട നിയമങ്ങള്‍ ഒരു ടൂറിസം, നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഇന്തോനേഷ്യയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് ബിസിനസ്സ് സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, വിവാഹത്തിന് മുമ്പുള്ള ലൈംഗികത നിരോധിക്കുന്ന പുതിയ നിയമത്തെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ പിന്തുണയ്‌ക്കുന്നുണ്ട്. ഈ നിയമം മൂന്നു വര്‍ഷം മുന്‍പ് അവതരിപ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ വലിയ പ്രതിഷേധമാണ് തെരുവിലടക്കം നടന്നത്. തുടര്‍ന്ന് നിയമനിര്‍മാണം ഭരണകൂടം മരവിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: