തിരുവനന്തപുരം: ഹേമന്ത് നായര്‍ സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന പുതിയ ചിത്രം ഹിഗ്വിറ്റയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹ്വിഗിറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാഷ്‌ട്രീയക്കാരനായ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമായിരുന്നു പോസ്റ്ററില്‍ ഇതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ‘മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്‌കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടില്‍ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്’, എന്നായിരുന്നു എന്‍.എസ് മാധവന്റെ ട്വീറ്റ്.
എന്നാല്‍, മാധവനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്. കൊളംബിയയുടെ അതിപ്രശസ്തനായ ഫുട്‌ബോള്‍ ഗോളിയായ ഹിഗ്വിറ്റയുടെ പേരിന്റെ ഉടമസ്ഥാവകാശം എങ്ങനെ മാധവനാകുമെന്നാണ് ഏവരും ചോദിക്കുന്നത്. വിവാദം കടുത്തതോടെ ഹിഗ്വിറ്റ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടിയുമായി ഫിലിം ചേംബര്‍ രംഗത്തെത്തി. സിനിമയ്‌ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പര്‍ എന്‍. എസ് മാധവനില്‍ നിന്ന് അനുമതി വാങ്ങിക്കാന്‍ നിര്‍ദേശം നല്‍കി. ഹിഗ്വിറ്റ പ്രശസ്തമായ ചെറുകഥയാണ്. സിനിമയുടെ പേരിന് മാത്രമാണ് വിലക്കെന്നും ചേംബര്‍ വ്യക്തമാക്കി. എന്നാല്‍ വിലക്കിനെ കുറിച്ച് അറിയില്ലെന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എന്നാല്‍, ഫിലിം ചേമ്പറിന് നന്ദി പറഞ്ഞ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, തന്റെ സിനിമയ്‌ക്കിട്ട ഹിഗ്വിറ്റ എന്ന പേര് ഒരുതരത്തിലും മാറ്റില്ലെന്ന് സംവിധായകന്‍ ഹേമന്ത്. ജി. നായര്‍. എന്‍.എസ്. മാധവനെ മനപ്പൂര്‍വം വേദനിപ്പിച്ചിട്ടില്ലെന്നും എന്‍. എസ് മാധവന്റെ ഹിഗ്വിറ്റയുമായി തന്റെ സിനിമയ്‌ക്കോ കഥാപാത്രങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും ഹേമന്ത് വ്യക്തമാക്കി. പ്രതീക്ഷിക്കാതെ വന്ന ഒരു വിവാദമാണിത്. എന്റെ ആദ്യത്തെ സിനിമയാണ് ഹിഗ്വിറ്റ. കഴിഞ്ഞ കുറേയധികം വര്‍ഷങ്ങളായി ഈ ചിത്രത്തിനു പിന്നാലെയായിരുന്നു എന്റെ യാത്ര. 2019 നവംബര്‍ 8നാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതെന്നും അന്നൊന്നും ഒരു വിവാദവും ഉണ്ടായിരുന്നില്ലെന്നും ഹേമന്തി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: