ഇടുക്കി: വണ്ടിപ്പെരിയാർ സത്രം എയര്‍സ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വൈറസ്-എസ്.ഡബ്ലിയു എന്ന വിമാനമാണ് ലാൻഡ് ചെയ്തത്. നേരത്തെ രണ്ടു തവണ ഇവിടെ വിമാനമിറക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എയർസ്ട്രിപ്പിന്റെ അറ്റത്തുള്ള മൺത്തിട്ടയായിരുന്നു വിമാനമിറക്കുന്നത് തടസമായി നിന്നത്.
13 കോടി രൂപ ചെലവിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്രം എയര്‍സ്ട്രിപ്പ് പദ്ധതി പൂര്‍ത്തിയാക്കിയത്. എന്‍സിസി കേഡറ്റുകള്‍ക്ക് ചെറു വിമാനങ്ങള്‍ പറത്തുന്നതിന് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍സ്ട്രിപ്പ് നിര്‍മിച്ചത്. റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കല്‍ നടത്തിയിരുന്നെങ്കിലും വിജയകരമായിരുന്നില്ല. തുടര്‍ന്ന് റണ്‍വേയോട് ചേര്‍ന്നുള്ള മണ്‍തിട്ട നീക്കം ചെയ്യണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. ഇത് നീക്കം ചെയ്തതോടെയാണ് വിമാനമിറക്കാന്‍ സാധിച്ചത്.
ഇടുക്കിയില്‍ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാല്‍ രക്ഷാപ്രവർത്തനത്തിന് എയർസ്ട്രിപ്പ് ഉപയോഗിക്കാനും ആലോചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: