തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചറെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 700 ഓളം പേരും പ്രതികളാണ്. മുക്കോല ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് മുല്ലൂരില്‍ വെച്ചാണ് പൊലീസ് തടഞ്ഞത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി മാര്‍ച്ച് പ്രഖ്യാപിച്ചത്. എന്നാല്‍, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മാര്‍ച്ചിനെ തുടര്‍ന്ന് പ്രശ്നങ്ങളുണ്ടായാല്‍ സംഘടനയായിരിക്കും ഉത്തരവാദിയെന്ന് പൊലീസ് മുന്നറിയിപ്പും നല്‍കിയിരുന്നു. വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നടത്തുന്ന സമരം അനുവദിക്കില്ലെന്നും ഇനി ആക്രമിച്ചാല്‍ എളുപ്പം തിരികെപ്പോകില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി വ്യക്തമാക്കിയിരുന്നു. അക്രമം ചെറുക്കാന്‍ പ്രദേശവാസികള്‍ക്കൊപ്പം ദേശീയ പ്രസ്ഥാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച വിഴിഞ്ഞം തുറമുഖത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചത്.
അതേസമയം, പോലീസ് സ്റ്റേഷന് ആക്രമിച്ച കേസില്‍ ഒരാളെ പോലും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്. അജിത് കുമാര്‍, സുരക്ഷാക്രമീകരണം, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്പെഷല്‍ ഓഫിസര്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്.ആര്. നിശാന്തിനി എന്നിവരുള്‍പ്പെട്ട പ്രത്യേകസംഘം കഴിഞ്ഞ ദിവസം വിഴിഞ്ഞം സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: